മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയ ഉഷാകുമാരി ഇനി തൂപ്പുകാരി

0
84

തിരുവനന്തപുരം: ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ സംസ്ഥാനത്ത് തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. ആദിവാസികളുൾപ്പെടെയുള്ള പിന്നാക്ക മേഖലകളിൽ നിരവധി പേർക്ക് അക്ഷര വെളിച്ചം പകർന്നവരിൽ 50 പേരാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ തൂപ്പുജോലിക്കാരായി മാറിയത്. മാർച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചത്. ജോലി നഷ്ടപ്പെട്ട 344പേരിൽ (വിദ്യാർഥികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിൽ രണ്ട് അധ്യാപകരുണ്ടാകും) 50 പേർക്കാണ് തൂപ്പുജോലിക്കാരായി സർക്കാർ സ്ഥിര നിയമനം നൽകിയത്.

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവർത്തനം നിർത്തി അധ്യാപകരെ (വിദ്യാ വൊളന്റിയർ) പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ സ്വീപ്പർ തസ്തികയിൽ (പാർട്ട് ടൈം/ഫുൾ ടൈം) നിയമിക്കാൻ തീരുമാനിച്ചത്. ഏകാധ്യാപക വിദ്യാലയങ്ങളിൽ 10 വർഷം പൂർത്തിയാക്കിയവരെ മാത്രം സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ ആദ്യം തീരുമാനിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ഏകാധ്യാപക വിദ്യാലയങ്ങളിലെ മുഴുവൻ അധ്യാപകരെയും സ്ഥിരപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.സമ്മതപത്രം എഴുതിനൽകിയാണ് അധ്യാപകർ സ്വീപ്പർ തസ്തികയിലേക്ക് പ്രവേശിക്കുന്നത്. ഏകാധ്യാപകരായിരുന്നപ്പോൾ കിട്ടിയ ശമ്പളത്തേക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ഇവർക്ക് ലഭിക്കും. അടയ്ക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികൾ തൊട്ടടുത്തുള്ള വിദ്യാലയങ്ങളിലാണ് പഠനം തുടരുക.

എന്നാൽ ജോലി നഷ്ടപ്പെടുന്നവർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നൽകുമെന്നാണ് വാഗ്ധാനം ചെയ്തിരുന്നതെങ്കിലും നൽകിയത് തൂപ്പുജോലിയാണെന്നാണ് പരാതി. നിലവിൽ അധ്യാപക കുപ്പായം ഊരിവെച്ച് ചൂല് കൈയിലെടുത്തിരിക്കുന്നത് 50 പേരാണ്. ഇവരിൽ ചിലർക്ക് ഒരുവർഷത്തെ പ്രൊബേഷൻ കാലയളവിന് ശേഷം ജോലി സ്ഥിരപ്പെടുത്തി നൽകുമെന്നാണ് ഇപ്പോൾ പറയുന്നത്. പേരൂർക്കട ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ഉഷാകുമാരിക്ക് സ്വീപ്പർ തസ്തികയിൽ ജോലി നൽകിയിരിക്കുന്നത്.

24 വർഷത്തോളമാണ് അമ്പൂരിയിലെ കുന്നത്തുമലയിൽ ഉഷാകുമാരി ഏകാംഗ അധ്യാപിക ആയിരുന്നത്. മുമ്പ് പഠിപ്പിച്ച് വിട്ട കുട്ടികളുടെ മക്കളെയും അവരുടെ മക്കളെയും പഠിപ്പിക്കാനുള്ള ഭാഗ്യവും ഉഷാകുമാരിക്കുണ്ടായി. കഴിഞ്ഞ ദിവസം തൂപ്പുജോലിക്ക് കയറിയ ഉഷാ കുമാരിക്ക് പക്ഷെ സർക്കാർ പെൻഷൻ ലഭിക്കില്ല. ഇത്രയും കാലം പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് നിരവധി ആളുകൾക്ക് വിദ്യാഭ്യാസം നൽകാൻ കഷ്ടപ്പെട്ട ഇവർക്ക് പക്ഷെ ആകെ അഞ്ച് വർഷത്തെ സർവീസ് മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. കുറഞ്ഞത് 20 വർഷം സർവീസ് ഉള്ളവർക്ക് മാത്രമേ പെൻഷന് അർഹതയുള്ളു. ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തതിന് പെൻഷൻ കിട്ടുന്ന അവസ്ഥയെങ്കിലും ഉണ്ടാക്കി തരണമെന്ന് മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്.

“എന്റെ മക്കളെ പോലും വേണ്ടവിധം നോക്കാൻ കഴിഞ്ഞ 24 വർഷത്തിനിടെ സാധിച്ചിരുന്നില്ല. ജോലിക്ക് കയറിയ അന്ന് മുതൽ ഇതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൊടും കാട്ടിൽ ജോലി ചെയ്തിട്ടും തൂപ്പുജോലിയാണ് കിട്ടിയത് എന്നതിൽ എനിക്ക് സങ്കടമൊന്നുമില്ല. കുന്നും പുഴയും കടന്ന് പഠിപ്പിക്കാനെത്തുന്ന സ്ഥലത്തെ കുട്ടികൾക്കുള്ള പച്ചക്കറികളും പാലും മുട്ടയും പുസ്തകങ്ങളുമൊക്കെ ചുമന്നുകൊണ്ടാണ് പോയിരുന്നത്. ആനയും കടുവയും ഒക്കെയുണ്ടായിരുന്ന കാട്ടിൽ അന്ന് വലിയ ആക്രമണങ്ങളൊന്നും മൃഗങ്ങളിൽ നിന്നുണ്ടായിട്ടില്ല. പക്ഷെ എന്റെ മക്കൾ പറയുമായിരുന്നു, സ്വന്തം മക്കളെക്കാൾ അമ്മയ്ക്ക് കാട്ടിലെ മക്കളോടാണ് സ്നേഹമെന്ന്. അത് ശരിയായിരുന്നുതാനും. അവരെയൊക്കെ ഇനി എന്നും കാണാനാകില്ലല്ലോ എന്നത് മാത്രമാണ് എന്റെ വിഷമം”, ഉഷാകുമാരി പറയുന്നു.

“തൂപ്പുജോലിയാണ് കിട്ടിയതെന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. കാടും മലയും കയറി പോയിരുന്ന എനിക്ക് അതൊക്കെ വെച്ചുനോക്കുമ്പോൾ ഇപ്പോഴിതൊക്കെ നിസാര ജോലികളാണ്. പക്ഷെ പ്രായമാവുമ്പോൾ മക്കളുടെ മുന്നിൽ ആവശ്യങ്ങൾക്ക് ചെല്ലുന്നതിനേക്കാൾ നല്ലത് സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന കാലം വരെ ആരെയും ആശ്രയിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് എന്നതാണ് എന്റെ നിലപാട്” ഉഷാകുമാരി കൂട്ടിച്ചേർത്തു

23 വർഷം സർക്കാർ പറഞ്ഞതനുസരിച്ച് ആരും പോകാൻ തയ്യാറാകാതിരുന്ന സ്ഥലങ്ങളിലൊക്കെ ജോലി ചെയ്ത ഇവർക്ക് കുറഞ്ഞത് പെൻഷൻ ലഭിക്കാൻ കഴിയുന്ന സർവീസ് കണക്കാക്കി നിയമനം നൽകിയിരുന്നെങ്കിൽ അത് ഏറെ പ്രയോജനകരമായിരുന്നു. തൂപ്പുജോലി നൽകിയതിനോടല്ല എതിർപ്പ് പകരം 10 വർഷം പോലും സർവീസ് നൽകാതിരുന്നതിനോടാണ് ഇവർക്കെല്ലാം വിഷമം. എങ്കിലും സർക്കാർ തങ്ങളെ കൈവിട്ടില്ല എന്നതിൽ ആശ്വാസം പങ്കുവെക്കാനും അവർ മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here