ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്ക് ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 10 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പി ചിദംബരം, ജയറാം രമേഷ്, അജയ് മാക്കൻ, രൺദീപ് സുർജേവാല, രാജീവ് ശുക്ല തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളാണ് പട്ടികയിലുള്ളത്. ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഗുലാംനബി ആസാദിനെ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന വാർത്തയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് പുറത്ത് വിട്ട് പട്ടികയില്‍ അദ്ദേഹമില്ല.
അതേസമയം വലിയ തോതിലുള്ള സംഘടനാ നവീകരണം ആവശ്യപ്പെട്ട് 2020 ൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിൽ ഉൾപ്പെട്ട രണ്ട് നേതാക്കളും പട്ടികയിൽ ഉൾപ്പെടുന്നു – മുൻ കേന്ദ്രമന്ത്രി മുകുൾ വാസിക് (രാജസ്ഥാൻ), വിവേക് തൻഖ (മധ്യപ്രദേശ്) എന്നിവരാണ് പട്ടികയിലുള്ളവർ. ചിദംബരത്തെ തമിഴ്‌നാട്ടിൽ നിന്നും ജയറാം രമേശിനെ കർണാടകയിൽ നിന്നും അജയ് മാക്കനെ ഹരിയാനയിൽ നിന്നും രണ്‍ദീപ് സിങ് സുർജേവാലയെ രാജസ്ഥാനിൽ നിന്നുമാണ് മത്സരിപ്പിക്കുന്നത്.
മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും യഥാക്രമം കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിനെയും നിർമല സീതാരാമനെയും മത്സരിപ്പിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിതിന് പിന്നാലെയാണ് കോണ്‍ഗ്രസും തങ്ങളുടെ പട്ടിക പുറത്തിറക്കിയത്. 16 സ്ഥാനാർത്ഥികളിൽ ആറ് പേരും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. രാജസ്ഥാനിൽ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡിൽ നിന്ന് കൽപ്പന സൈനി, ബിഹാറിൽ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറിൽ നിന്ന് ശംഭു ശരൺ പട്ടേൽ, ഹരിയാനയിൽ നിന്ന് കൃഷൻ ലാൽ പൻവാർ, മധ്യപ്രദേശിൽ നിന്ന് കവിതാ പതിദാർ, കർണാടകയിൽ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. അംഗങ്ങളുടെ വിരമിക്കൽ മൂലം ഒഴിവു വരുന്ന 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 10 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 31 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.