ഇസ്താംബുൾ: തുർക്കിയിൽ നടക്കുന്ന വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഇന്ത്യയുടെ നിഖാത്ത് സരിൻ സ്വർണമണിഞ്ഞു. ജൂനിയർ വിഭാഗത്തിലെ മുൻ ലോകചാമ്പ്യൻ കൂടിയാണ് സരിൻ.
വ്യാഴാഴ്ച നടന്ന ഫൈനലിൽ തായ്ലൻഡിന്റെ ജുതാമാസ് ജിറ്റ്പോങ്ങിനെതിരേ നേടിയ ആധികാരിക ജയത്തോടെയാണ് (5-0) നിഖാത്ത് സരിന്റെ സ്വർണ നേട്ടം. വിധികർത്താക്കളെല്ലാം ഏകകണ്ഠേന നിഖാത്ത് സരിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു. ഐ.ബി.എ വനിതാ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ പ്രതിനിധി കൂടിയാണ് സരിൻ.
നേരത്തെ ബുധനാഴ്ച നടന്ന സെമിയിൽ ബ്രസീലിന്റെ കരോളിൻ ഡി അൽമേഡയെ കീഴടക്കിയാണ് സരിൻ കിരീടപോരാട്ടത്തിന് യോഗ്യത നേടിയത്. ആ മത്സരത്തിലും വിജയം ഏകപക്ഷീയമായിരുന്നു (5-0).