നഗരഹൃദയം നിധിപോലെ കാത്ത് ബി.ജെ.പി.

0
77

കൊച്ചി: കോൺഗ്രസ് കിണഞ്ഞു ശ്രമിച്ചു, എന്നിട്ടും പറ്റിയില്ല. എറണാകുളം സൗത്ത് ബി.ജെ.പി. വിട്ടുകൊടുത്തില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ എറണാകുളം സൗത്ത് തിരിച്ചുപിടിക്കാൻ കോൺഗ്രസ് വലിയ ശ്രമമാണ് നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ വോട്ടിൽ വർധനവരുത്താനെല്ലാം കോൺഗ്രസിന് സാധിച്ചു. എന്നാൽ, വിജയം അപ്പോഴും മാറിനിന്നു.

എറണാകുളം സൗത്ത് ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 271 വോട്ടിനായിരുന്നു ബി.ജെ.പി. കോൺഗ്രസിൽനിന്ന് പിടിച്ചത്. അന്ന് ആകെ 1965 വോട്ടുകൾ മാത്രമാണ് പോൾ ചെയ്തിരുന്നത്. ഇക്കുറി വോട്ട് വർധിച്ചു. സ്വതന്ത്ര സ്ഥാനാർഥികളോ, പുതിയ പാർട്ടികളോ ഒന്നും മത്സരിക്കാനില്ലാതെ, മുന്നണികൾ നേരിട്ട് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ, 47 ശതമാനം മാത്രമാണ് പോളിങ് നടന്നത്. 2021 പേർ വോട്ടുചെയ്തതിൽ ബി.ജെ.പി.ക്ക് 974 വോട്ടുകൾ ലഭിച്ചു. യു.ഡി.എഫിന് 899 വോട്ടും ഇടതുമുന്നണിക്ക് 328 വോട്ടും കിട്ടി. ബി.ജെ.പി.യുടെ ഭൂരിപക്ഷം എഴുപത്തഞ്ചിലേക്ക് കുറച്ചുകൊണ്ടുവരാൻ കോൺഗ്രസിന് സാധിച്ചു.

ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ. എന്നിവരെല്ലാം മണ്ഡലത്തിൽ പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. നാലുതവണ കോൺഗ്രസ് സ്ഥാനാർഥി വീടുകൾ കയറിയിറങ്ങി. വിജയിക്കുമെന്ന എല്ലാ പ്രതീക്ഷയും കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ, നഗരഹൃദയത്തിൽ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നപ്പോൾ ബി.ജെ.പി.ക്ക് വിജയം ഉറപ്പിക്കാനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 195 വോട്ടിന് യു.ഡി.എഫ്. ഈ വാർഡിൽ പിന്നിലായിരുന്നു.

ഓടിനടന്ന് വോട്ടുപിടിച്ച പത്മജ എസ്. മേനോൻ ബി.ജെ.പി.യുടെ സീറ്റ് കൈവിട്ടുപോകാതെ കാത്തു. മഹിളാ മോർച്ച ദേശീയ സെക്രട്ടറിയായ പത്മജയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾത്തന്നെ ബി.ജെ.പി. വിജയം ഉറപ്പിച്ചിരുന്നു. ഡിവിഷനിൽ നല്ല വേരുകളുള്ള പത്മജയെ രംഗത്തിറക്കിയതുകൊണ്ടാണ് ചെറിയ ഭൂരിപക്ഷത്തിനാണെങ്കിലും ബി.ജെ.പി.ക്ക് കരകയറാൻ സാധിച്ചത്. കൊച്ചി കോർപ്പറേഷനിൽ ആദ്യമായി ലഭിച്ച ടാക്സ് അപ്പീൽ കമ്മിറ്റി ചെയർമാൻ സ്ഥാനം നിലനിർത്താൻ ബി.ജെ.പി.ക്ക് എറണാകുളം സൗത്തിലെ ജയം അനിവാര്യമായിരുന്നു.

കൊച്ചി കോർപ്പറേഷൻ ഭരിക്കുന്ന ഇടതുപക്ഷത്തിന് നഗരഹൃദയത്തിൽ വേരുകളില്ലെന്ന് തെളിയിക്കുന്നതായി ഉപതിരഞ്ഞെടുപ്പ്.

ബി.ജെ.പി.ക്ക് കിട്ടിയ പകുതിവോട്ടുപോലും പിടിക്കാൻ ഇടതുമുന്നണിക്കായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 281 വോട്ടുകിട്ടിയത് ഇക്കുറി 328 ആയി. ഉപതിരഞ്ഞെടുപ്പ് വരുമെന്നറിഞ്ഞിട്ടും ഡിവിഷൻ പിടിക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും ഇടതുപക്ഷം നടത്തിയില്ല. പുതിയ വോട്ടുകൾ ചേർക്കാൻ ഡിവിഷൻ ഏറ്റെടുത്തിട്ടുള്ള സി.പി.ഐ.യുടെ ഭാഗത്തുനിന്നോ, മുന്നണിയെ നയിക്കുന്ന സി.പി.എമ്മിന്റെ ഭാഗത്തുനിന്നോ ശ്രമങ്ങൾ ഉണ്ടായില്ല.

തോൽക്കാനുള്ള യുദ്ധമായി കണ്ടുകൊണ്ടുതന്നെയാണ് ഇടതുപക്ഷം കളത്തിലിറങ്ങിയത്. മൂന്നാം നമ്പർ ബൂത്തിൽ വെറും ഇരുപത്തിനാല് വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത്. തിരഞ്ഞെടുപ്പുദിവസം മഴമൂലം ഡിവിഷനിൽ പലവീടുകളിലും വെള്ളംകയറിയതും ഇടതുപക്ഷത്തിന് തിരിച്ചടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here