‘പേടി സ്വപ്നങ്ങള്‍ കാണുന്നു, സമാധാനമായി ജീവിക്കാനാവുന്നില്ല’

0
267

വരാണസി: ‘ഉറങ്ങാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല’, മോഷ്ടിച്ച വിഗ്രഹങ്ങള്‍ തിരിച്ചേല്‍പ്പിച്ച് കള്ളന്മാര്‍. യുപിയിലെ ചിത്രകൂട് ജില്ലയിലെ ബാലാജി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച 16 വിഗ്രഹങ്ങളില്‍ 14 എണ്ണവും തിരികെ നല്‍കിയിരിക്കുകയാണ് കള്ളന്മാര്‍.

ബാലാജി ക്ഷേത്രത്തിലെ എട്ട് ലോഹങ്ങളുടെ കൂട്ടില്‍ നിര്‍മ്മിച്ച അഷ്ടധാതു വിഗ്രഹങ്ങളടക്കമാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്. ഇതിന് കോടികള്‍ വിലവരും.

ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ആളുകളാണ് വിഗ്രഹം തിരികെ കൊണ്ടുവച്ചിരിക്കുന്നതായി കണ്ടത്. ഇത് അവരെ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. എന്നാല്‍, അതിനേക്കാള്‍ ആളുകളെ അമ്പരപ്പിച്ചത് അതിന്റെ കൂടെയുണ്ടായിരുന്ന ഒരു കത്താണ്.

പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള കത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘മോഷണം നടത്തിയതുമുതല്‍ ഞങ്ങള്‍ പേടി സ്വപ്നങ്ങള്‍ കാണുകയാണ്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിയുന്നില്ല. ഭയപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ട് ഞങ്ങള്‍ മടുത്തു, നിങ്ങളുടെ വിലപ്പെട്ടവ തിരികെ നല്‍കുന്നു’. എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.

പൂജാരിയുടെ വീടിന് സമീപത്തായിട്ടാണ് വിഗ്രഹവും കത്തും ഇട്ടിരുന്നത്. മോഷണം പോയ ഈ വിഗ്രഹങ്ങള്‍ക്ക് 300 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മോഷ്ടിക്കപ്പെട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് വിഗ്രഹവും കത്തും കണ്ടെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here