കണ്ണഞ്ചിക്കുന്ന തുണികളെത്തുന്നത് സൂറത്തിൽനിന്ന്; വർണപ്പൂരമൊരുക്കാൻ 1500ഓളം കുടകൾ

0
79

 

തൃശ്ശൂർ: പൂരം പെയ്യുമ്പോൾ നിറങ്ങൾ കുടചൂടിയെത്തും. അണിയറയിൽ വർണപ്പൂരം കുടകളിൽ ഒരുങ്ങുന്നുണ്ട്. പൂരം കുടമാറ്റത്തിലേക്കെത്തുമ്പോൾ നിറങ്ങൾ തമ്മിലാകും മത്സരം. ഓരോ കുടയെയും ആർപ്പുവിളികളോടെയായിരിക്കും സ്വീകരിക്കുക.

ഇരുവിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുടകളാണ് നിരക്കുക. ഓരോ വിഭാഗത്തിനും അമ്പതുസെറ്റ് വീതം. ഒരു സെറ്റിൽ പതിനഞ്ച് കുടകൾ. കുടകൾക്കുള്ള തുണി തിരഞ്ഞെടുക്കുന്നതിൽ തുടങ്ങും ഒരുക്കം. സൂറത്തിൽനിന്നാണ് കണ്ണഞ്ചിക്കുന്ന തുണികളെത്തുക.

തുണി ലഭിച്ചാൽപ്പിന്നെ വർണക്കുടകൾ തുന്നുന്നവരുടെ പണി ആരംഭിക്കുകയായി. മുൻകൂട്ടി തയ്യാറാക്കിവെച്ച ഫ്രെയിമുകളിലേക്കാണ് തുന്നിച്ചേർക്കൽ. കുടകളിലെ ചിത്രപ്പണികളും അലങ്കാരങ്ങളും ഇവർ നെയ്തുചേർക്കുന്നു. അരികുകൾക്കലങ്കാരമായ അലുക്കുകൾ തുന്നിപ്പിടിപ്പിക്കണം.

കുടയുടെ മരത്തടിയിൽ വർണത്തുണികൾ ചുറ്റി സുന്ദരമാക്കണം. പിന്നെ കുടയ്ക്കു മുകളിൽ മകുടംവെച്ച് അലങ്കരിക്കണം. സ്പെഷ്യൽ കുടകൾക്ക് പിന്നെയും പണി കൂടും. ഇങ്ങനെ മാസങ്ങൾകൊണ്ട് തയ്യാറാക്കുന്ന കുടകളാണ് പൂരത്തിന് വർണപ്രപഞ്ചം സൃഷ്ടിക്കുന്നത്.

ഇരുവിഭാഗങ്ങളിലുമായി മുപ്പതിൽപരം ആളുകളുടെ, മാസങ്ങൾ നീണ്ടുനിൽക്കുന്ന അധ്വാനമാണ് മണിക്കൂറുകളുടെ മഴവിൽസൗന്ദര്യം സമ്മാനിക്കുന്നത്. ദിവസവും 12 മണിക്കൂറിലേറെയാണ് ഇവരുടെ ജോലി. കുടമാറ്റത്തിന് ഒരു മത്സരസ്വഭാവമുണ്ടെന്നതിനാൽ അധ്വാനം കൂടുന്നു.

പാറമേക്കാവിനായി കുന്നത്തങ്ങാടി കിഴക്കേപ്പുരയ്ക്കൽ വസന്തനും തിരുവമ്പാടിക്കായി അരണാട്ടുകര വള്ളിക്കാട്ടിൽ പുരുഷോത്തമനുമാണ് വർണക്കുടകൾ ഒരുക്കുന്നത്. വസന്തൻ 43 വർഷമായി പാറമേക്കാവിന്റെ സംഘത്തിലുണ്ട്. നിർമാണച്ചുമതല ഏറ്റെടുത്തിട്ട് 27 വർഷമായി.

വസന്തന്റെ കുടുംബം പരമ്പരാഗതമായി പൂരക്കുടനിർമാതാക്കളാണ്. തിരുവമ്പാടിക്കുവേണ്ടി കുട നിർമിക്കുന്ന പുരുഷോത്തമൻ മുമ്പ് പാറമേക്കാവ് വിഭാഗത്തിലായിരുന്നു. വസന്തന്റെ അച്ഛൻ കുട്ടപ്പനാണ് പുരുഷോത്തമനും പരിശീലനം നൽകിയത്.

ഇവർ ബന്ധുക്കൾ കൂടിയാണ്. പുരുഷോത്തമൻ 30 വർഷം പാറമേക്കാവ് കുടനിർമാണസംഘത്തിൽ പ്രവർത്തിച്ചു. 13 വർഷമായി തിരുവമ്പാടിക്കൊപ്പമുണ്ട്. പൂരമാനത്ത് വിരിയുന്ന വർണക്കുടകൾ ആദ്യം ഇവരുടെ മനക്കണ്ണിലാണ് പിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here