കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിലെ പ്രശ്‌നപരിഹാരത്തിന് ചർച്ച ഇന്ന്.

0
42

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിലെ പ്രശ്‌നപരിഹാരത്തിന് ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ച ചർച്ച ഇന്ന്. മൂന്ന് അംഗീകൃത യൂണിയനുകളേയാണ് ചർച്ചയ്‌ക്ക് വിളിച്ചത്.ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്‌ക്ക് മന്ത്രിയുടെ ചേബറിലാണ് ചർച്ച നടക്കുക.

ചർച്ചയിൽ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂർത്തിയാക്കണം എന്നതടക്കമുള്ള അവശ്യങ്ങളിൽ വിട്ടുവീഴ്ചയ്‌ക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്

ശമ്പള വിതരണം വൈകുന്ന സാഹചര്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ച. ഏപ്രിൽ മാസത്തെ ശമ്പളം നൽകാനായി സർക്കാരിൽ നിന്ന് 65 കോടി രൂപ മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.എല്ലാ കാലത്തും കെഎസ്ആർടിസിക്ക് ശമ്പളം നൽകാനായി പണം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും.

അതിനിടെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് സർക്കാരല്ലെന്ന് ആവർത്തിച്ച് മന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു. സർക്കാർ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാർക്കാണ് ഗവൺമെന്റ് നേരിട്ട് ശമ്പളം കൊടുക്കുന്നത്.പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ടതും വരുമാനം കണ്ടത്തേണ്ടതും അതത് സ്ഥാപനങ്ങളുടെ ചുമതലയാണ്. സാമ്പത്തിക സഹായം ചെയ്യുന്ന കാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എല്ലാ മേഖലയിലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ എല്ലാ ചെലവും വഹിക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ പരാമർശത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് ധനമന്ത്രിയും രംഗത്തെത്തിയിരുന്നു. ഗതാഗതമന്ത്രി പറഞ്ഞ് സർക്കാർ നിലപാടാണെന്നായിരുന്നു ധനമന്ത്രി പിന്തുണച്ചു കൊണ്ട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here