സാർഥ:കം ഈ ജീവിതം: വി കെ കൃഷ്ണമേനോൻ

0
48

കേരളത്തിന്റെ ആദ്യ വിശ്വപൗരൻ വി.കെ. കൃഷ്ണമേനോന്റെ ജന്മവാർഷികമാണ് ഇന്ന്. പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളിയും അദ്ദേഹം തന്നെ.

മേനോൻ 1896 മേയ് മൂന്നിന് കോഴിക്കോട്ടെ പന്നിയങ്കരയിലാണ് ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളജിൽ ബിരുദപഠനകാലത്ത് ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ സജീവമായി. 1918-ൽ ധനതത്ത്വശാസ്ത്രത്തിലും ചരിത്രത്തിലും രാഷ്ട്രമീമാംസയിലും കൃഷ്ണമേനോന് ബിരുദം ലഭിച്ചു.
ജോൺ എസ്. അരുൺഡേലിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ സഹായിയായി 1924 ൽ ഇംഗ്ലണ്ടിലെത്തി. 27 വർഷം അവിടെ തുടർന്നതിനിടെ നിയമബിരുദം നേടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനം സജീവമായി തുടരുന്നതിനിടെ നെഹ്റുവുമായി തുടങ്ങിയ അടുപ്പം ഇണപിരിയാത്ത സൗഹൃദവും വ്യക്തിബന്ധവുമായി മാറുകയായിരുന്നു. മധ്യ ലണ്ടനിലെ സെന്റ് പാൻക്രാസ് നഗരസഭയിൽ 1934 മുതൽ 14 വർഷം കൗൺസിലറായിരുന്നു.പെൻഗ്വിൻ ബുക്സിന്റെ സ്ഥാപകരിൽ ഒരാളാണ് മേനോൻ. 1957 ൽ അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി. നെഹ്റു കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യക്തിയെന്ന് 1962 ൽ ടൈം മാഗസിൻ പ്രഖ്യാപിച്ച് മുഖചിത്രമാക്കിയതോടെ ലോകത്തോളം അദ്ദേഹത്തിന്റെ പ്രശസ്തി ഉയർന്നു.
1957 ജനുവരിയിൽ യുഎൻ പൊതുസഭയിൽ കശ്മീർ വിഷയത്തിൽ 7 മണിക്കൂറും 48 മിനിറ്റും പ്രസംഗിച്ച് അപൂർവ റെക്കോർഡിട്ടതോടെ അദ്ദേഹം ലോകത്തിന്റെ ശ്രദ്ധയിൽ പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ആ നീണ്ട പ്രസംഗമാണ് ഇത്. .
അതോടെ വി.കെ. കൃഷ്ണമേനോന്‍ രാജ്യന്തര വേദിയില്‍ അറിയപ്പെടുന്നത് ‘ഹീറോ ഓഫ് കശ്മീർ’ എന്നായി. 1957 ജനുവരി 23ന് അഞ്ച് മണിക്കൂറും ജനുവരി 24ന് രണ്ട് മണിക്കൂര്‍ 48 മിനിറ്റും നീണ്ടു നിന്നതായിരുന്നു കൃഷ്ണമേനോന്റെ ആ പ്രസംഗം. കൃഷ്ണമേനോന് മുന്‍പോ ശേഷമോ ഇത്രയും നീണ്ടുനിന്ന പ്രസംഗം യുഎന്‍ ചരിത്രത്തിലുമില്ല.
യുഎന്‍ പൊതുസഭയില്‍ പ്രസംഗകര്‍ക്ക് തടസ്സമില്ലാതെ എത്ര സമയം വേണമെങ്കിലും സംസാരിക്കാം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിലും ഇത്തരമൊരു സൗകര്യമുണ്ട്. സെനറ്റര്‍മാര്‍ പലപ്പോഴും അവര്‍ക്കിഷ്ടമുള്ള സമയം പ്രസംഗിക്കാന്‍ എടുക്കുന്ന filibusturing എന്ന സമ്പ്രദായം യുഎന്‍ പൊതുസഭയും അവലംബിച്ചു വരുന്നു. അങ്ങനെയാണ് filibusturing ന്റെ ബലത്തില്‍ കൃഷ്ണമേനോന്‍, കശ്മീരിനെ സംബന്ധിച്ച ചരിത്ര പ്രസിദ്ധമായ ഈ പ്രസംഗം നടത്തിയത്.

കേരളം ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെ നല്‍കിയ പ്രധാന സംഭാവനകളില്‍ ഒന്നാണ് വി.കെ. കൃഷ്ണമേനോന്‍ എന്ന പ്രതിഭ. സ്വാതന്ത്ര്യ നേടിയ ആദ്യ രണ്ടു പതിറ്റാണ്ട് ഇന്ത്യന്‍ വിദേശ നയത്തിന്റെ ശില്‍പികളില്‍ പ്രധാനി എന്തുകൊണ്ടും കൃഷ്ണമേനോന്‍ ആയിരുന്നു.

ചേരിചേരാ പ്രസ്ഥാനത്തിന് ആ പേര് നിര്‍ദേശിച്ച വ്യക്തിയും അദ്ദേഹമായിരുന്നു. ലോകപ്രസിദ്ധമായ പെന്‍ഗ്വിന്‍ ബുക്സിന്റെ സഹസ്ഥാപകരില്‍ ഒരാളുമായിരുന്നു കൃഷ്ണമേനോന്‍. ലണ്ടനില്‍ നിന്നുള്ള ഈ പുസ്തകശാലയിലാണ് പുറംചട്ട ‘പേപ്പർ ബാക്’ ആദ്യമായി പരീക്ഷിച്ചത്. പുസ്തകത്തിന്റെ ചെലവും കനവും കുറയ്ക്കുന്ന പേപ്പർ ബാക്കിന്റെ ഉപജ്ഞാതാവും അദ്ദേഹം തന്നെ.
നയതന്ത്ര രംഗത്ത് നെഹ്റുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന കൃഷ്ണമേനോനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു. പ്രായോഗിക വാദത്തിന്റെ എക്കാലത്തെയും മികച്ച വക്താവായിരുന്നു അദ്ദേഹം. കശ്മീരില്‍ സ്വാതന്ത്ര്യ റഫറണ്ടം നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് അത്യന്തം ബോധവാനായിരുന്ന അദ്ദേഹം യുഎന്‍ വേദികളില്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത് കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ നിര്‍ത്താനായിരുന്നു.

ലണ്ടനിലെ പഠനകാലത്തു തന്നെ ചങ്ങാത്തം സ്ഥാപിച്ച നെഹ്റു, കൃഷ്ണമേനോനെ 1953ല്‍ മദ്രാസ് സംസ്ഥാനത്തുനിന്ന് രാജ്യസഭയില്‍ എത്തിച്ചു. 1956ല്‍ നെഹ്റു മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായെങ്കിലും 57 ല്‍ പ്രതിരോധ മന്ത്രിയാക്കി. അതേ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോംബെ നിയോജകമണ്ഡലത്തില്‍നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
നിരവധി പരിഷ്‌ക്കാരങ്ങളാണ് പ്രതിരോധ രംഗത്ത് അദ്ദേഹം നടപ്പിലാക്കിയത്. ഇതോടെ പലരും ശത്രുക്കളായി. സൈന്യത്തിലെ പദവികളില്‍ സീനിയോറിറ്റിക്ക് പകരം മെറിറ്റാവണം മാനദണ്ഡം എന്നു നിര്‍ദേശിച്ചതും ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. 1961ല്‍ ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തിൽനിന്ന് വിമോചിപ്പിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി ഉള്‍പ്പെടെയുള്ളവര്‍ ഗോവന്‍ വിമോചനത്തിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു. നെഹ്റുവിന്റെ കൗശലക്കാരനായ ചെകുത്താന്‍ കൂട്ടുകാരന്‍ എന്ന് ആക്ഷേപിച്ചവരും കുറവല്ല.
1962 ലെ ഇന്ത്യ –ചൈന യുദ്ധത്തിലുണ്ടായ കെടുതിയുടെ പേരിലും പഴികേള്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ദുര്യോഗം. നെഹ്റുവിനെ നയിക്കുന്ന പാമ്പാട്ടിയായി ടൈം മാഗസിന്‍ മുഖചിത്രത്തിൽ മേനോനെ ചിത്രീകരിച്ചു.
1964ല്‍ തന്റെ രാഷ്ട്രീയ അപ്പസ്‌തോലനായ നെഹ്റുവിന്റെ മരണത്തോടെ വി.കെ. കൃഷ്ണമേനോന്റെയും പ്രതാപകാലം അവസാനിച്ചുവെന്ന് പറയാം.

1967 ലെ ലോക്സബാ തിരഞ്ഞെടുപ്പിൽ വടക്ക് കിഴക്ക് ബോംബെയില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും തോറ്റു. 68 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. എന്നാല്‍ 71 ല്‍ ഇഎംഎസിന്റെ പിന്തുണയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തുനിന്നു ലോക്സഭയില്‍ എത്തി. 1974 ല്‍ മരണമടയുന്നതു വരെ പാര്‍ലമെന്റംഗമായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ അഴിമതി ആരോപണം ഉയർന്നതും അദ്ദേഹത്തിന്റെ പേരിലാണ്. 1948 ല്‍ സൈന്യത്തിനായി ബ്രിട്ടനില്‍നിന്ന് ജീപ്പ് ഇറക്കുമതി ചെയ്തതില്‍ മതിയായ ജാഗ്രത പുലര്‍ത്തിയില്ലെന്ന ആരോപണം ഉയര്‍ന്നു. മുണ്ഡര ജീപ്പ് കുംഭകോണം എന്ന പേരിലായിരുന്നു ആ അഴിമതി ആരോപണം അറിയപ്പെട്ടത്. ലണ്ടനിലെ ആദ്യ ഇന്ത്യൻ ഹൈക്കമ്മിഷണറായ അദ്ദേഹം പ്രോട്ടോക്കോള്‍ തെറ്റിച്ച് വ്യാപാരത്തിന് തിടുക്കം കൂട്ടി എന്നായിരുന്നു ആരോപണം.

അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെയും എഴുത്തുകളിലെയും പല ഉദ്ധരണികളും ഇപ്പോഴും നയതന്ത്ര ലോകത്തിന് കാണാപ്പാഠമാണ്. നിരായുധീകരണത്തിനായി എന്നും നിലകൊണ്ട Either man will abolish war, or war will abolish man എന്ന വാചകം ഇപ്പോഴും ബധിര കര്‍ണങ്ങളിലാണ് അടിച്ചുകൊണ്ടിരിക്കുന്നത്. മലയാളി 1947 ന് മുമ്പ് അദ്ദേഹത്തെ അധികം അറിഞ്ഞിരുന്നില്ല. 74 ന് ശേഷവും വിസ്മരിക്കാന്‍ ശ്രമിക്കുന്നു. ആദിശങ്കരന് ശേഷം ഒരു പക്ഷേ ലോകം അറിയുകയും ആദരിക്കുകയും ചെയ്ത മലയാളി വി.കെ. കൃഷ്ണമേനോനാകും.
1974 ഒക്ടോബര്‍ 6 ന് 78 മത്തെ വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ അനുശോചന കുറിപ്പില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറിച്ചത് ‘ഒരു അഗ്നി പര്‍വതം എരിഞ്ഞടങ്ങി’ എന്നാണ്. 1984 ലെ കൃഷ്ണമേനോന്‍ അനുസ്മരണ ചടങ്ങില്‍ കെ.ആര്‍. നാരായണന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഇന്ത്യയ്ക്ക് മഹത്തായ പാരമ്പര്യവും സംസ്‌ക്കാരവും മാത്രമല്ല മഹാന്മാരും ഉണ്ട്. ‘ബുദ്ധന്‍ മുതല്‍ ഗാന്ധി വരെ, അശോകന്‍ മുതല്‍ നെഹ്റു വരെ, കൗടില്യന്‍ മുതല്‍ കൃഷ്ണമേനോന്‍ വരെ.

ലോകത്തിലെ ഏറ്റവും മഹാനായ ചായപ്രേമി, അരനൂറ്റാണ്ടോളം നിത്യവും ഇരുപതുമുതൽ മുപ്പതു വരെ ചായ കുടിച്ചിരുന്നയാൾ, 1974 ഒക്ടോബർ അഞ്ചിന് അവസാന ചായയും കഴിഞ്ഞ ശേഷം നിത്യതയിലേക്കു കടന്ന് പോയി.
➖➖➖➖➖➖➖➖
🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here