കൊച്ചി: അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സെല്ലിൽ നിന്ന് രാജിവെച്ചതിൽ പ്രതികരണവുമായി നടി കുക്കു പരമേശ്വരൻ. വിജയ് ബാബുവിനെതിരായ നടിയുടെ പരാതിയിൽ താരസംഘടന ആഭ്യന്തര പരാതിപരിഹാര സെല്ലിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചില്ലെന്നതിൽ പ്രതിഷേധിച്ച് കുക്കു പരമേശ്വരൻ, ശ്വേത മേനോൻ എന്നിവരാണ് രാജി വച്ചത്. അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാനായിരുന്നു രാജിയെന്നും കുക്കു പരമേശ്വൻ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
ഇന്റേണൽ കമ്മിറ്റിയിൽ ഒരു മാസമേ ഞാൻ പ്രവർത്തിച്ചിട്ടുള്ളു. ഞങ്ങൾ ഏതാനും നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. എന്നാൽ അതിന്റെ വേറൊരു ഫോർമാറ്റാണ് അവർ ചെയ്തത്. രാജി ഒന്നിനും ഉത്തരമല്ല. എന്നാൽ രാജി വയ്ക്കുന്നതിൽ ഒരു സന്ദേശമുണ്ട്. തീരുമാനം തെറ്റായതിനെതിരേ പ്രതിഷേധിക്കുന്നു എന്നതാണ് സന്ദേശം. അമ്മയിൽ എനിക്ക് പൂർണമായും വിശ്വാസമുണ്ട്. നേതൃത്വത്തിൽ വിശ്വസിക്കുന്നു. എന്നിരുന്നാലും അമ്മയ്ക്ക് ഇതിലും ഭംഗിയായി കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് എനിക്കറിയാം. പക്ഷേ അമ്മയുടെ തീരുമാനം ഇങ്ങനെ ആവരുതെന്ന് അറിയിക്കാനായിരുന്നു രാജി. ഞങ്ങളുടെ ഐസി കമ്മീഷന്റെ നിർദ്ദേശങ്ങൾ ഇസി (എക്സിക്യൂട്ടീവ് കമ്മിറ്റി) യ്ക്ക് സ്വകരിക്കാൻ കഴിഞ്ഞില്ല. അതാണ് രാജിയ്ക്ക് കാരണം- കുക്കു പരമേശ്വരൻ പറഞ്ഞു.