‘അമ്മ’യിലെ വനിതകൾ പാവകളല്ല: മണിയൻപിള്ള രാജുവിനെതിരെ ബാബുരാജ്

0
48
SMACTA
SMACTA

‘അമ്മ’യിലെ വനിതകൾക്ക് പരാതി പറയാൻ മറ്റൊരു സംഘടനയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് നടനും അമ്മ സംഘടനയുടെ എക്സിക്യൂട്ടിവ് അംഗവുമായ ബാബുരാജ്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേൾക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. സ്ത്രീകൾക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയൻപിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല. ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി എന്നും ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് മാല പാർവതി രാജിവച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങൾ പാവകളല്ല അവർ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാൻ കഴിഞ്ഞു. സ്ത്രീകൾക്ക് പരാതിപ്പെടാൻ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയൻ പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദേശിച്ചത് ഡബ്ല്യുസിസിയെ ആണെങ്കിൽ പറഞ്ഞത് തെറ്റായിപ്പോയി.

അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ല. അമ്മയിലെ സ്ത്രീകളുടെ പരാതി കേൾക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികൾ അമ്മയിൽ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ വേറെ ആരാണ് ചർച്ച ചെയ്യാനുള്ളത്. ഇതിനുള്ള ഒരു മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി എന്നെ എനിക്ക് പറയാൻ പറ്റൂ. അമ്മ എന്നത് താരങ്ങളുടെ സംഘടനയാണ് അവിടെയുള്ള അംഗങ്ങൾ ഏതു ജൻഡർ ആയാലും അവരുടെ പ്രശ്നം സംഘടയുടെ പ്രശ്നമാണ്. സ്ത്രീകളുടെ പരാതികൾ ഏറെ പ്രാധാന്യത്തോടെ കേൾക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും വേണം. അവരോടു മറ്റൊരു സംഘടനയിൽ പോയി പരാതി പറയണം എന്നുപറഞ്ഞതിന്റെ അർഥം എന്താണെന്നു മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയോട് വൈസ് പ്രസിഡന്റായ ശ്വേത ഉൾപ്പടെ മറ്റുള്ള വനിതകൾക്കും അമർഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്.

വിജയ് ബാബുവിന്റെ പ്രശ്നത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടത് പ്രകാരമാണ് അടിയന്തിരമായി എക്സിക്യൂട്ടീവ് വിളിച്ചുകൂട്ടിയത്. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് മാറ്റണമെന്നാണ് ഐസിസി കമ്മറ്റി റിപ്പോർട്ട് നൽകിയത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായം വിജയ് ബാബുവിനെ എക്സിക്യൂട്ടീവിൽ നിന്ന് മാറ്റുക അല്ലെങ്കിൽ അദ്ദേഹം സ്വയം മാറുക എന്നുള്ളതാണ്. കമ്മറ്റിയുടെ ആവശ്യപ്രകാരം തന്നെയാണ് വിജയ് ബാബു മാറി നിന്നത്. പക്ഷേ അവസാനം വന്ന ലെറ്ററിൽ അദ്ദേഹം മാറി നിൽക്കുന്നു എന്ന് മാത്രമേ വന്നുളൂ അതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. അത് എഴുത്തുകുത്തിൽ വന്ന പിശക് മാത്രമാണ്. സ്ത്രീകൾക്കെതിരെ വരുന്ന എന്ത് പ്രശ്നങ്ങളിലും അമ്മ അവരോടൊപ്പം ഒറ്റക്കെട്ടായി നിൽക്കും അവർ മറ്റൊരിടത്ത് പോയി പരാതി പറയണം എന്ന് ഒരിക്കലും പറയില്ല. മണിയൻപിള്ള രാജു അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്.’ ബാബുരാജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here