വീണ്ടും പോലീസ് വേഷത്തിൽ ടോവിനോ തോമസ്….

0
45

മലയാളത്തിലെ ഇന്നത്തെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ വലിയ വിജയത്തോടെ വമ്പൻ ജനപ്രീതിയാണ് ടോവിനോ പാൻ ഇന്ത്യ ലെവലിൽ നേടിയിരിക്കുന്നത്. ടോവിനോ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത് വാശി, തല്ലുമാല എന്നീ ചിത്രങ്ങൾ ആണ്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് വാശി രചിച്ചു സംവിധാനം ചെയ്തത് എങ്കിൽ, ഖാലിദ് റഹ്മാൻ ആണ് തല്ലുമാല ഒരുക്കിയത്. അത് കൂടാതെ ആഷിഖ്‌ അബു ഒരുക്കുന്ന നീല വെളിച്ചം എന്ന ചിത്രവും ടോവിനോ ചെയ്യുകയാണ്. പോലീസ് കഥാപാത്രങ്ങളായി മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുള്ള താരമാണ് ടോവിനോ തോമസ്. എസ്രാ, കൽക്കി എന്നീ ചിത്രങ്ങളിൽ ടോവിനോ പോലീസ് കഥാപാത്രമായി കാഴ്ച വെച്ചത് ശ്രദ്ധയമായ പ്രകടനങ്ങൾ ആണ്. ഇപ്പോഴിതാ ഒരിക്കൽ കൂടി പോലീസ് കഥാപാത്രമായി എത്തുകയാണ് ടോവിനോ എന്ന വാർത്തയാണ് വരുന്നത്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽ ആനന്ദ് നാരായണൻ എന്ന സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് ടോവിനോ തോമസ് ചെയ്യാൻ പോകുന്നത്. അലൻസിയർ, നന്ദു, ഹരീഷ് കണാരൻ, ആദ്യ പ്രസാദ് ഉൾപ്പെടെ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്നാണ് സൂചന. കോട്ടയം, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലായി സെപ്തംബർ മാസം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമും, സംവിധായകൻ ഡാർവിൻ കുര്യാക്കോസിന്റെ ഇരട്ട സഹോദരനുമായ ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് നിർമ്മിക്കുക. പൃഥ്വിരാജിന്റെ കടുവയ്ക്കുശേഷം ജിനു അബ്രഹാമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക ഗിരീഷ് ഗംഗാധരൻ, സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണൻ എന്നിവരാണ്. സനൽ കുമാർ ശശിധരൻ ഒരുക്കിയ വഴക്ക്, നടൻ വിനീത് കുമാർ ഒരുക്കിയ പേരിടാത്ത ചിത്രം എന്നിവയും പൂർത്തിയാക്കിയ ടോവിനോ ആണ് ജീൻ പോൾ ലാൽ ഒരുക്കുന്ന പുതിയ ചിത്രത്തിലും നായകൻ.

LEAVE A REPLY

Please enter your comment!
Please enter your name here