പല പഴയകെട്ടിടങ്ങളും പൊളിക്കുമ്പോൾ അതിന്റെ വാതിൽ കട്ടില, ജനൽകട്ടില എന്നിവ ചേരുന്ന ചുമർഭാഗങ്ങളിൽ നിന്ന് ഒരുചെടിയുടെ ഇലകളും തണ്ടും കിട്ടാറുണ്ട് പുതിയതലമുറയ്ക്ക് അന്യമായ ഈ ഇലകൾ മരോട്ടി മരത്തിന്റേതാണ്. ചിതലിനെയും മറ്റ് കീടങ്ങളെയും പ്രതിരോധിക്കാൻ പണ്ടു നാം നടപ്പാക്കിയിരുന്ന സാങ്കേതികവിദ്യ. ചിതലിനെ മാത്രമല്ല ചിലന്തിയെയും എത് പ്രതികൂല പരിതഃസ്ഥിതിയെയും അതിജിവിക്കുന്ന പാറ്റകളെയും അകറ്റാൻ മരോട്ടിക്കായയുടെ എണ്ണയ്ക്ക് ശക്തിയുണ്ട്. പഴയ പല തറവാടുകളിലും മരോട്ടിക്കായയുടെ തോടിൽ എണ്ണ പകർന്നു തിരിയിട്ടു കത്തിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇങ്ങനെ കത്തിക്കുന്ന വീടുകളിൽ ക്ഷുദ്രജീവികളുടെ ശല്യം കുറവായിരുന്നു. വീട് പണിക്കുപയോഗിക്കുന്ന മരങ്ങൾ ഫർണിച്ചറുകൾ എന്നിവയിൽ മരോട്ടിയെണ്ണ പുരട്ടാറുണ്ടായിരുന്നു. ശരിക്കുമൊരു വുഡ്‌പ്രൈമറിന്റെ ജോലി കൃത്യമായി ചെയ്തിരുന്നു ഈ ഔഷധസസ്യം.
മരോട്ടികൾ 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ വരും .മരോട്ടിമരത്തിന്റെ തൊലിക്ക് വെളുപ്പ് കലർന്ന നിറമാണ് കുഷ്ഠരോഗ സംഹാരിയായാണ് മരോട്ടി പൊതുവിൽ അറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Hydnocarpus pentandrus). സംസ്കൃതത്തിൽ തുവരക, കുഷ്ഠവൈരി എന്നും ഇംഗ്ലീഷിൽ jungli badam എന്നും അറിയുന്നു. കേരളത്തിൽ ഇപ്പോൾ വളരെ ദുര്ലഭമായി അങ്ങിങ്ങു കാണപ്പെടുന്നു. അതിർത്തി വൃക്ഷമായും ചിലയിടങ്ങളിൽ വളർത്തിവരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്നു. കോടി, മരവെട്ടി, നീർവട്ട, നീർവെട്ടി എന്നെല്ലാം പേരുകളുണ്ട്. മരോട്ടിശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്. വിത്തിൽ നിന്നും കിട്ടുന്ന മഞ്ഞനിറമുള്ള എണ്ണ പണ്ട് കാലങ്ങളില് വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. കായ്ക്കുള്ളിൽ ഇരുപതോളം വിത്തുകൾ മജ്ജയിൽ പൊതിഞ്ഞിരിക്കുന്നു. വിത്ത് ആട്ടിയെടുത്താൽ മരോട്ടിയെണ്ണ കിട്ടും. ശുദ്ധീകരിച്ച എണ്ണ ഔഷധമാണ്. ആയുസ്സ് വർധിപ്പിക്കാൻ വാഗ്‌ഭടൻ നിർദ്ദേശിക്കുന്ന മരുന്ന് ഇതിന്റെ എണ്ണയാണ്.
നന്നായി മഴ ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാം മരോട്ടി മരങ്ങൾ വളരും. മരോട്ടി മരങ്ങൾ പാഴ്മരങ്ങൾ അല്ല. പണ്ട് കർഷകരുടെ തൊടിയുടെ ഏതെങ്കിലും അറ്റത്ത് മരോട്ടി മരങ്ങളെ പരിപാലിച്ചിരുന്നു . ഇവ കർഷകർക്ക് മിത്രങ്ങളായിരുന്നു. നാം ജൈവവളങ്ങളെ അടിസ്ഥാനമാക്കി കൃഷി ചെയ്യ്തിരുന്ന കാലത്ത് മരോട്ടികൾ മികച്ച ജൈവ വളമായി ഉപയോഗിച്ച് പോന്നിരുന്നു. മരോട്ടിമരത്തിന്റെ ഇല വിളകൾക്ക് തുകലായും ,പുതയായും ഉപയോഗിച്ചിരുന്നു. ഇതിന്റെ ഇലകൾക്ക് കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള ശേഷിയുണ്ട് ചിതൽ മുഞ്ഞ നിമാ വിരകൾ എന്നിവയുടെ ആക്രമണങ്ങളെ ഇത് ചെറുക്കുന്നു .മരോട്ടിയുടെ കുരുവിൽ നിന്ന് എടുക്കുന്ന എണ്ണ വേപ്പ് എണ്ണയെ പോലെ തന്നെ ഒന്നാന്തരം കീടനാശിനിയാണ് .200 ഗ്രാം മരോട്ടി എണ്ണ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് കീടനാശിനിയായി ഉപയോഗിക്കാം .എണ്ണ ആട്ടിയതിന് ശേഷം കിട്ടുന്ന പിണ്ണാക്ക് കുരുമുളക് വള്ളിയുടെ കടയിൽ ഇടുന്നത് ഇവയുടെ പെട്ടെന്നുണ്ടാകുന്ന ചീക്ക് രോഗത്തെ തടയുന്നു .കൂടാതെ തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻ ചെല്ലി ,ചെമ്പൻ ചെല്ലി ,ഓല തീനി പുഴു ഇവയെ ഒക്കെ തുരത്താൻ ഇതിന് കഴിവുണ്ട് .ചിതലിനെ അതി ശക്തമായി പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കുരുമുളകിൻറെ ദ്രുതവാട്ടം ഇല്ലാതാക്കാൻ ഇതിൻറെ പച്ചിലകൾ ജൈവവളമായി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.ഇതിൻറെ കായ പൊളിച്ചെടുക്കുന്ന പരിപ്പ് ചതച്ച് തിളപ്പിച്ച വെള്ളം ഒന്നാന്തരം കീടനാശിനിയായി നാട്ടിൻപുറങ്ങളിലെ കർഷകർ ഉപയോഗിക്കുന്നു.അതിതീവ്ര ഗന്ധമാണ് മരോട്ടിയുടെ എണ്ണയ്ക്ക്. മരോട്ടി എണ്ണ എമൽഷൻ ആക്കി വെച്ചാൽ പയർ ചെടിയിൽ കാണപ്പെടുന്ന മുഞ്ഞ അടക്കമുള്ള എല്ലാ തര ചെറു പ്രാണികളും ഇല്ലാതാകും.
ഇതിന്റെ കായക്ക് ഏതാണ്ട് ഒരു മധുര നാരങ്ങയുടെ വലിപ്പമുണ്ട് മരോട്ടി തൊലി മുതൽ കായ് വരെ ഏറെ ഔഷധ ഗുണവും ഉണ്ട് . ആയുർവേദത്തിലും ചൈനീസ് പാരമ്പര്യ വൈദ്യത്തിലും ഇതിന്റെ എണ്ണയ്ക്ക് വലിയ പ്രാധാന്യമുണ്ട്.ഇതിന്റെ കുഷ്ഠരോഗത്തെ ചെറുക്കുന്നു മരോട്ടി എണ്ണ 12 മി .ല്ലി മരോട്ടിയെണ്ണ മൂന്നോ അഞ്ചോ ദിവസം കുടിച്ച് വയറിളക്കുകയും തുടർന്ന് 5 മില്ലിമരോട്ടിയെണ്ണ പഥ്യമനുസരിച്ച് ദിവസേന സേവിക്കുകയുമാണ് ചെയ്യുന്നത്. നേത്രരോഗങ്ങൾക്ക് മരോട്ടിക്കായയുടെ പരിപ്പെടുത്തുണ്ടാക്കുന്ന കൺമഷി ഉത്തമമാണ് .മൊത്തത്തിൽ ചർമ രോഗങ്ങൾക്കും ആമവാതം രക്തവാതം എന്നിവ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും പൊണ്ണത്തടി കുറക്കുകയും ചെയ്യുന്നു.
Chaulmoogra oil എന്നാണ് ഇംഗ്ലീഷിൽ മരോട്ടി എണ്ണയ്ക്ക് വിളിപ്പേരു. chaulmoogra oil എന്ന് സെർച്ച് ചെയ്തു നോക്കുമ്പോൾ അറിയാം സൗന്ദര്യ സംരക്ഷണത്തിലും ത്വക്ക് സംരക്ഷണത്തിനും ഈ അമൂല്യ വസ്തുവിന്റെ പ്രാധാന്യം. ആമസോണിൽ 100 ml നു വെറും 25 US ഡോളർ മാത്രം! എന്താല്ലേ?
ഇതിൽ അടങ്ങിയിരിക്കുന്ന hydnocarpic acid ആണ് ഏറ്റവും ഔഷധ മൂല്യം കൊടുക്കുന്നത്. നമ്മൾ വെറുതെ തള്ളിക്കളയുന്ന മരോട്ടി കായ്കൾക്കു സായിപ്പിന് പൊന്നും വിലയാണ്. പ്രസിദ്ധമായ ചന്ദ്രിക സോപ്പിൽ മരോട്ടി എണ്ണ ഒരു ഘടകമാണ് ‘