ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകത്താകെ പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി. വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായതായി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അറിയിച്ചു. കൊറോണക്കെതിരെ ഇരട്ട പ്രതിരോധം തീര്‍ക്കാന്‍ കഴിവുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
വോളണ്ടിയര്‍മാരില്‍ നിന്നും ശേഖരിച്ച രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് ഇംഗ്ലണ്ടിലെ മാധ്യമ റിപ്പോര്‍ട്ട്. വാക്‌സിന്‍ പരീക്ഷണത്തിനു പിന്നാലെ ശരീരത്തില്‍ ആന്റിബോഡികളും ടി-സെല്ലുകളും ഉത്പ്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ആന്റിബോഡികള്‍ മാസങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കുമെന്നും ടി സെല്ലുകള്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നുമാണ് കണ്ടെത്തൽ. ടി സെല്ലുകളും ആന്റിബോഡികളുമാണ് വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായിട്ടുള്ളതെന്നും ഗവേഷകർ പറയുന്നു.
അതുകൊണ്ടുതന്നെ വാക്‌സിന്റെ ഇതുവരെയുള്ള ഘട്ടങ്ങള്‍ വിജയകരമാണ്. ഇപ്പോള്‍ കടന്നുപോകുന്നത് നിര്‍ണായക ഘട്ടത്തിലൂടെയാണെന്നും ഇനിയും പരീക്ഷണങ്ങള്‍ നടക്കാനുണ്ടെന്നും ഗവേഷകര്‍ പറയുന്നു.