സത്യപ്രതിജ്ഞ രാവിലെ പതിനൊന്ന് മണിക്കാണ് . സത്യവാചകം ചൊല്ലിക്കെടുക്കുന്നത് ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആയിരിക്കും.
പഞ്ചാബ് : ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബിന്റെ 16-ാം മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അമരീന്ദര്‍ സിംഗ് മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചന്നി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 32 ശതമാനം വരുന്ന സിഖ് ദളിതരുടെ വോട്ട് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. പഞ്ചാബില്‍ ഉപമുഖ്യമന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവെ, ബ്രഹ്‌മ് മൊഹീന്ദ്ര എന്നിവരാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്. അതിനിടെ, ചന്നിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎല്‍മാര്‍ മാത്രമാണെന്ന വിവരം പുറത്തു വന്നു. കൂടുതല്‍ എംഎല്‍എമാര്‍ സുനില്‍ ഝാക്കറെയുടെ പേരാണ് നിര്‍ദ്ദേശിച്ചതെന്നാണ് സൂചനകള്‍. അതിനിടെ, അതിര്‍ത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് അമരീന്ദര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്കിയിട്ടുണ്ട്. അതേസമയം ചന്നിയ്ക്കെതിരായ മീടൂ കേസ് തിരഞ്ഞെടുപ്പിനെയടക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.