ആമസോണ്‍ സി.ഇ.ഒ, ജെഫ് ബെസോസ് ; സ്വന്തം സ്​പേസ്​ കമ്ബനി നിര്‍മിച്ച പേടകത്തില്‍ ബഹിരാകാശത്തേക്ക്​ പറക്കാനൊരുങ്ങുന്നു

0
178

ആമസോണ്‍ സി.ഇ.ഒയും,​ ലോകകോടീശ്വരനുമായ ജെഫ്​ ബെസോസ് സ്വന്തം സ്​പേസ്​ കമ്ബനി നിര്‍മിച്ച റോക്കറ്റ്​ ഷിപ്പില്‍ അടുത്തമാസം,സ്വന്തം സഹോദരനൊപ്പം ബഹിരാകാശത്തേക്കൊരു യാത്രക്കൊരുങ്ങുകയാണ്​. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണ സാങ്കേതികവിദ്യാ നിര്‍മാതാക്കളായ ബ്ലൂ ഒറിജിൻറെ പേടകമായ ന്യൂ ഷെപാര്‍ഡിലായിരിക്കും ജെഫ്​ ബെസോസ്​ ബഹിരാകാശത്തേക്ക്​ കുതിക്കുക. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിൻറെ ആദ്യ ബഹിരാകാശയാത്ര കൂടിയാകുമിത്. ജൂലൈ 20നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ജെഫ്​ ബെസോസിന്റെ ഇയള സഹോദരന്‍ മാര്‍ക്ക്​ ബെസോസും യാത്രയില്‍ കൂടെയുണ്ട്​.

അഞ്ചു വയസ്സ് മുതൽ ബഹിരാകാശ യാത്രയെക്കുറിച്ച്‌ സ്വപ്‌നം കണ്ടിരുന്നുവെന്നാണ് വിവരം അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജെഫ് ബെസോസ് കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു. അതേസമയം, ശതകോടീശ്വരന്‍ മുൻപ് ആമസോണ്‍ സി.ഇ.ഒ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുകയാണെന്ന സൂചന നല്‍കിയിരുന്നു.

ഏഴ്​ വര്‍ഷത്തോളം നീണ്ട അതീവ രഹസ്യവും ശ്രമകരവുമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ബ്ലൂ ഒറിജിൻറെ ന്യൂ ഷെപാര്‍ഡ് പേടകവും റോക്കറ്റും മനുഷ്യനെ വഹിച്ചുകൊണ്ട്​ ബഹിരാകാശത്തേക്കുള്ള സ്വപ്​ന യാത്രക്കൊരുങ്ങുന്നത്​. പ്രതീക്ഷിക്കുന്നപോലെ കാര്യങ്ങളെല്ലാം നടക്കുകയാണെങ്കില്‍ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിര്‍മാതാവ് കൂടിയാകും ജെഫ് ബെസോസ്. ബഹിരാകാശ ഭീമന്മാരായ സ്‌പേസ്‌ എക്‌സിന്റെ തലവന്‍ ഇലോണ്‍ മസ്‌ക്കിന്​ വരെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട്​ ഇതുവരെ യാത്ര നടത്തിയിട്ടില്ല. ബ്രിട്ടീഷ് ശതകോടീശ്വരനും ബഹിരാകാശ സാങ്കേതികവിദ്യാ കമ്ബനിയായ വിര്‍ജിന്‍ ഗലാക്ടിക്കിന്റെ ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണും മുമ്ബ്​ ബഹിരാകാശ യാത്ര പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തിലേ അതു നടക്കാനിടയുള്ളൂ.

59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക. റോക്കറ്റില്‍നിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയില്‍നിന്ന് 60 മൈല്‍(ഏകദേശം 96 കി.മീറ്റര്‍) അകലെ വരെ പറന്ന് ബഹിരാകാശത്തിൻറെ തൊട്ടടുത്തുവരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിന്‍ അവകാശപ്പെടുന്നു. ബഹികാരാശ ടൂറിസം ആരംഭിക്കുമെന്ന് അടുത്തിടെയാണ് ബ്ലൂ ഒറിജിന്‍ പ്രഖ്യാപിച്ചത്. ബഹിരാകാശ വിനോദയാത്രയ്ക്കായുള്ള ടിക്കറ്റ് വില്‍പനയും ആരംഭിച്ചിരുന്നു. ഇതിൻറെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ലേലത്തിലെ വിജയിക്ക് ബെസോസിനൊപ്പം ബ്ലൂഒറിജിൻറെ പേടകത്തില്‍ യാത്ര പോകാന്‍ കഴിയും.

 

LEAVE A REPLY

Please enter your comment!
Please enter your name here