സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്. ക്ലാസുകൾ തുടങ്ങുമെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല.
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കുന്നു. 10, +2 ക്ലാസ് വിദ്യാർഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുക. 3118 ഹൈസ്കൂളുകളിലും 2077 ഹയർ സെക്കൻഡറി സ്കൂളുകളിലുമായി ഏകദേശം ഏഴുലക്ഷത്തിലേറെ കുട്ടികളുണ്ടെന്നാണ് കണക്ക്. ക്ലാസുകൾ തുടങ്ങുമെങ്കിലും ഹാജർ നിര്‍ബന്ധമാക്കിയിട്ടില്ല. സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാക്കിയിട്ടുണ്ട്.
10, +2 ക്ലാസ്സിന്റെ പൊതുപരീക്ഷ നടക്കാനിരിക്കുന്നതിനാലാണ് ഈ ക്ലാസിലെ വിദ്യാർഥികൾക്കായി സ്കൂൾ തുറക്കുന്നത്. ഓൺലൈൻ വഴി പൂർത്തിയാക്കിയ പാഠഭാങ്ങളിലെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാകും പ്രാധാന്യം നൽകുക. എന്നാൽ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ആശങ്കയും ഉയരുന്നുണ്ട്. കുട്ടികൾക്ക് ഐഡന്റിറ്റി കാർഡ് യാത്രാ പാസ് തുടങ്ങിയവ നൽകിയിട്ടില്ലാത്തതിനാൽ സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികളും ഉയർന്നിട്ടുണ്ട്.
ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപ്, കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക മുന്നൊരുക്കങ്ങളാണ് അധികൃതർ ഒരുക്കുന്നത്. സ്കൂളുകളിലെ കോവിഡ് സെൽ രൂപീകരണം അടക്കമുള്ള നടപടികൾ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിപിഐ) എ. ജീവൻ ബാബു അറിയിച്ചു. സ്കൂൾ തലത്തിൽ യോഗങ്ങളും നടത്തിയിരുന്നു.
ഈ അവസരത്തിൽ, വിദ്യാർഥികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് ക്ലാസുകൾ ഒരുക്കുന്നത്. ഓരോ ക്ലാസിലും പകുതി വീതം വിദ്യാർഥികൾ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകളിലെത്തുന്ന വിധം ക്രമീകരണം നടത്താനാണ് നീക്കം. ഒരു ബഞ്ചിൽ ഒരു കുട്ടി, ഒഴിഞ്ഞ കിടക്കുന്ന ക്ലാസ് മുറികളും പ്രയോജനപ്പെടുത്താം തുടങ്ങിയ നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ആദ്യ ആഴ്ചയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ക്രമീകരണങ്ങളിൽ മാറ്റം വരുത്തും
വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസ്സുകളും തുടരും. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വൈകിട്ട് റിപ്പീറ്റ് ക്ലാസുകൾ കാണാം.