ജനീവ: കോവിഡ് വൈറസിന്റെ ഉത്ഭവം അന്വേഷിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം ജനുവരി ആദ്യം ചൈനയിലേക്ക്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്വതന്ത്ര അന്വേഷണത്തിന് ചൈന സമ്മതിച്ചത്.
വൈറസിന്റെ ഉറവിടമായി കണക്കാക്കുന്ന വുഹാന്‍ സന്ദര്‍ശിക്കുന്ന സംഘത്തിന് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുമെന്ന് ലോകാരോഗ്യ സംഘടനയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്കല്‍ റയാന്‍ വ്യക്തമാക്കി.
എന്ന് മുതലാണ് വൈറസ് പടര്‍ന്നുപിടിച്ചതെന്നും വുഹാനില്‍ നിന്നാണോ ഇത് പൊട്ടിപ്പുറപ്പെട്ടതെന്നും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം ചൈനീസ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെങ്കിലും അവിടുത്തെ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കില്ല.വാക്‌സിനുകളുടെ വരവ് ലോകം ആഘോഷമാക്കണം. എന്നാല്‍ അടുത്ത മൂന്ന് മുതല്‍ ആറ് മാസം വരെ ഏറെ നിര്‍ണായകമാണെന്നും റയാന്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.