പ്രത്യേക മന്ത്രിസഭാ യോഗം : വിവാദ പോലീസ് നിയമ ഭേദഗതി പിൻവലിച്ചു.

0
85

തിരുവനന്തപുരം: സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പൊലീസ് ആക്‌ട് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുന്‍പാണ് പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

 

വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. ഏതു തരം മാധ്യമങ്ങള്‍ വഴിയുമുള്ള ആക്ഷേപം നടത്തിയാല്‍ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നല്‍കുന്നതായിരുന്നു വിവാദ ഓര്‍ഡിനന്‍സ്.

 

സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്.അതിനാല്‍ നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിവാദപൊലീസ് നിയമ പരിഷ്കാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച വൈകിട്ട് 3.30-ന് മന്ത്രിസഭായോ​ഗം ചേരുകയും വിവാദഭേദ​ഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവമാണ്.

 

സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്‌ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണോ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന ചോദ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്ന പരാതിയോടെയാണ് ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതയുണ്ടാകുമെന്ന് പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബിയും തുറന്ന് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here