വാഷിംഗ്ടണ്‍: വിദേശവിദ്യാര്‍ത്ഥികളുടെ വിസ ചട്ടത്തിൽ മാറ്റം വരുത്തി അമേരിക്ക. നിലവില്‍ വിദ്യാഭ്യാസത്തിനായി വന്ന വിദ്യാർത്ഥികളെ നാട്ടിലേയ്ക്ക് മടക്കി അയക്കാനുള്ള തീരുമാനമാണ് ട്രംപ് പിന്‍വലിച്ചത്. പ്രമുഖ സര്‍വകാലാശാലകളും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കോടതിയെ സമീപിച്ചതിനെ തുടർന്നാണ് തീരുമാനം.
നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ താമസിച്ചുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാമെന്നാണ് സര്‍വകാലാശാലകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അമേരിക്ക വിസ നിയമം മാറ്റിയാല്‍ വിദേശപൗരന്മാര്‍ക്ക് പിന്നെ രാജ്യത്ത് തുടരാനാകില്ല. ഇത് വിസ അനുവദിച്ച സമയത്ത് പറയാത്തതിനാല്‍ അംഗീകരിക്കാനാവില്ലെന്ന് മാസാച്ചുസെറ്റ്‌സ് ജില്ലാ ജഡ്ജി അലിസണ്‍ ബറോ പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മറ്റ് വിദേശ വിദ്യാര്‍ത്ഥികളും സര്‍വകാലാശാലകള്‍ക്കെതിരേയും കേസ് കൊടുത്തിരുന്നു. തുടർന്ന് ഹാര്‍വാര്‍ഡ്, മാസാച്ച്യുസെറ്റ്‌സ് സര്‍വകാലാശാലകള്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതോടെയാണ് വിസ നിയമം ഉപേക്ഷിക്കാന്‍ ട്രംപ് തീരുമാനിച്ചത്.
ഓണ്‍ലൈന്‍ സംവിധാനത്തില്‍ ക്ലാസ്സില്‍ പങ്കെടുക്കുന്നവരാണെങ്കില്‍ അമേരിക്കയില്‍ താമസിച്ചു പഠിക്കേണ്ടതില്ലെന്നാണ് വിദേശവിദ്യാര്‍ത്ഥികളോട് ട്രംപ് സ്വീകരിച്ച നയം. എന്നാല്‍, വലിയ ഫീസ് അടച്ച് പഠിക്കുന്ന വിദേശപൗരന്മാരുടെ വരവ് നിലച്ചാല്‍ സര്‍വകാലാശാലകള്‍ അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിരുന്നു.