കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി : പൈപ്പിടല്‍ പൂര്‍ത്തിയായി.

0
73

തിരുവനന്തപുരം: കൊച്ചി-മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ ദൂരത്ത് പൈപ്പുലൈന്‍ ശനിയാഴ്ച രാത്രി സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മംഗളൂരുവിലെ വ്യവസായ ശാലകളില്‍ വാതകമെത്തുമെന്നാണ് കരുതുന്നത്.

ഗെയില്‍ പൈപ്പുലൈന്‍ കേരളത്തിലൂടെ കടന്നുപോകുന്നത് 510 കിലോമീറ്ററാണ്. ഇതില്‍ 470 കിലോമീറ്റര്‍ ലൈന്‍ സ്ഥാപിച്ചത് ഇപ്പോഴുള്ള സര്‍ക്കാരിന്റെ കാലത്താണ്. യുഡിഎഫ് 40 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. അച്യുതാനന്ദന്‍ സര്‍ക്കാര്‍ പദ്ധതിക്ക് ഏകജാലക അനുമതി നല്‍കി.കൊച്ചിയിലെ വ്യവസായശാലകള്‍ക്കു പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈന്‍ വിന്യാസമായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടമായ കൊച്ചി – മംഗളൂരു പൈപ്പുലൈനാണ് ശനിയാഴ്ച പൂര്‍ത്തിയായത്. ഇത് ഡിസംബര്‍ ആദ്യം കമീഷന്‍ ചെയ്യും. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്-വാളയാര്‍ പൈപ്പുലൈനും (94 കിലോമീറ്റര്‍) പൂര്‍ത്തിയായി. 2021 ജനുവരിയില്‍ കമീഷന്‍ ചെയ്യും.

രണ്ടാംഘട്ടം യുഡിഎഫ് സര്‍ക്കാര്‍ 2012 ജനുവരിയില്‍ തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുക്കാനുള്ള തടസ്സംമൂലം 2013 നവംബറില്‍ പണി പൂര്‍ണമായും നിറുത്തി.

 

2016ല്‍ ഗെയില്‍ കൊച്ചി മുതല്‍ -മംഗലാപുരം വരെയുള്ള ഏഴ് സെക്ഷനില്‍ പുതിയ കരാര്‍ കൊടുത്ത് നിര്‍മാണം പുനരാരംഭിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ പ്രത്യേക പ്രോജക്‌ട് സെല്ലും രൂപീകരിച്ചു. 2019 ജൂണില്‍ തൃശൂര്‍വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍വരെയും ഗ്യാസ് എത്തി.

 

5,751 കോടി രൂപ ചെലവുള്ള പദ്ധതി, മുഴുവന്‍ ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതി വരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. വാഹനങ്ങള്‍ക്ക് കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് ശരാശരി 20 ശതമാനം കുറയും.

പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎന്‍ജി) വീടുകളുടെ അടുക്കളകളിലും സ്ഥാപനങ്ങളിലും കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി) പമ്ബുകളിലും ലഭ്യമാക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. 

LEAVE A REPLY

Please enter your comment!
Please enter your name here