കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവ് ഷുഹൈബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കോഴിക്കോട് കോര്‍പറേഷനിലെ 61-ാം വാര്‍ഡിലാണ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. രണ്ട് ദിവസത്തിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്. അലന്റെ അറസ്റ്റിന് പിന്നാലെയാണ് ഷുഹൈബ് സിപിഎമ്മുമായി അകല്‍ച്ചയിലാകുന്നത്. പിന്നീട് സിപിഎമ്മുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പന്തീരാങ്കാവ് യുഎപിഎ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അലനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശനമുന്നയിച്ചിരുന്നു.പന്തീരാങ്കാവ് യുഎപിഎ കേസില്‍ തടവിലായിരുന്ന അലനും താഹയും സെപ്‌റ്റംബര്‍ 11 നാണ് ജയില്‍മോചിതരായത്. യുഎപിഎ കേസില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്നും പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പറഞ്ഞു.
2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു .