ലിസ്ബണ്‍: യുവേഫാ യൂറോ 2020 ന്റെ ലൈന്‍ അപ്പ് തയ്യാറായി. കഴിഞ്ഞ ദിവസം നടന്ന നാല് മല്‍സരങ്ങളോടെ യോഗ്യതാ റൗണ്ടുകള്‍ അവസാനിച്ചു. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ സെര്‍ബിയയെ സ്‌കോട്ട്‌ലാന്റ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് യോഗ്യത നേടി. മറ്റൊരു മല്‍സരത്തില്‍ ഹംഗറി ഐസ്‌ലാന്റിനെ തോല്‍പ്പിച്ചും യോഗ്യത കരസ്ഥമാക്കി. ജോര്‍ജ്ജിയയെ തോല്‍പ്പിച്ച് മാസിഡോണിയ യോഗ്യത നേടിയപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലാന്റിനെ പരാജയപ്പെടുത്തി സ്ലൊവാക്കിയയും യൂറോ കളിക്കാന്‍ ടിക്കറ്റ് നേടി. കഴിഞ്ഞ ജൂണില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് കൊറോണയെ തുടര്‍ന്ന് 2021ലേക്ക് മാറ്റുകയായിരുന്നു. ഇത്തവണ ജൂണ്‍ 11ന് തുടങ്ങി ജൂലായ് 11ന് ടൂര്‍ണ്ണമെന്റ് അവസാനിക്കും.നാല് ടീമുകള്‍ അടങ്ങുന്ന ആറ് ഗ്രൂപ്പുകളാണുള്ളത്. 24 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണ്ണമെന്റ് യൂറോപ്പിലെ 12 സിറ്റികളിലായി നടക്കും. 51 മല്‍സരങ്ങളാണുള്ളത്. വേദികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഗ്രൂപ്പില്‍ മരണഗ്രൂപ്പ് എന്നറിയപ്പെടുന്നത് എഫ് ഗ്രൂപ്പാണ്. ജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഹംഗറി എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. മറ്റൊരു ഗ്രൂപ്പായ ഡിയില്‍ വമ്ബന്‍മാരാണ് മാറ്റുരയ്ക്കുന്നത്. ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, സ്‌കോട്ട്‌ലന്റ് എന്നിവരാണ് ഡിയില്‍ അങ്കം കുറിക്കുക. ഇറ്റലിക്കും ഇത്തവണ യൂറോ കടുത്തതായിരിക്കും. എ ഗ്രൂപ്പിലുള്ള ഇറ്റലിക്ക് പടവെട്ടാനുള്ളത് മികച്ച ഫോമിലുള്ള തുര്‍ക്കി, വെയ്ല്‍സ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവരുമായാണ്. ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം, റഷ്യ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ് എന്നിവര്‍ മാറ്റുരയ്ക്കും. ഗ്രൂപ്പ് സിയില്‍ കരുത്തരായ നെതര്‍ലാന്റ്‌സ്, ഉക്രെയ്ന്‍ എന്നിവര്‍ക്കൊപ്പം പോരിനിറങ്ങുന്നത് ഓസ്ട്രിയയും നോര്‍ത്ത് മാസിഡോണിയയുമാണ്. കരുത്തരായ സ്‌പെയിന്‍ ഗ്രൂപ്പ് ഇയിലാണ്. പോളണ്ട്, സ്ലൊവാക്കിയ, സ്വീഡന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.