തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹനാപകടം എന്ന നിഗമനത്തില്‍ സി ബി ഐ. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും നുണ പറഞ്ഞതായി സി ബി ഐ കണ്ടെത്തി. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ലെന്നും സി ബി ഐ വ്യക്തമാക്കുന്നു.
ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവന്‍ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും സി ബി ഐ പറയുന്നു. സ്വര്‍ണക്കടത്ത് സംഘത്തെ കണ്ടെന്നുളള സോബിയുടെ മൊഴി നുണയാണ്.
ബാലഭാസ്കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി, പ്രകാശ് തമ്ബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്.ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ വിവരങ്ങള്‍ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. താനല്ല ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അര്ജുന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന മൊഴി.
എന്നാല്‍ ഇത് കളവാണെന്ന് നുണപരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ അര്ജുന് തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തില്‍ സി ബി ഐ. എത്തി.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന് കെ സി ഉണ്ണിയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സി ബി ഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.