കാബൂൾ സർവകലാശാലയിൽ വെടിവയ്പ്പ് : 19 മരണം

0
77

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . തോക്കുമായി എത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

 

ഇന്ന് രാവിലെയാണ് കാബൂള്‍ സര്‍വകലാശാലയിലേക്ക് കടന്ന മൂന്ന് ഭീകരര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇതിന് പിന്നാലെ ചില വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ഭീകരര്‍ തടങ്കലിലാക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസുമായി ഒരു മണിക്കൂറിലേറെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് തടങ്കലിലായവരെ മോചിപ്പിച്ചത്.സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ഇവരില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തെന്നും സര്‍ക്കാര്‍ വക്താവ് താരിഖ് അരിയന്‍ പറഞ്ഞു.

 

കാബൂള്‍ സര്‍വകലാശാലയില്‍ ഇതിന് മുമ്ബും സമാനമായ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റി ഗേറ്റിന് പുറത്ത് നടന്ന ബോംബ് സ്ഫോടനത്തില്‍ എട്ട് പേര്‍ മരണപ്പെട്ടിരുന്നു. 2016ലും സമാനമായ രീതിയില്‍ കാബൂള്‍ സര്‍വകലാശാലയില്‍ വെടിവയ്പ്പ് നടന്നിരുന്നു. 13 ഓളം പേര്‍ അന്ന് കൊല്ലപ്പെടുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here