കാബൂള്‍: സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന താലിബാന്‍ ഭീകരര്‍ക്ക് കനത്ത മറുപടി നല്‍കി അമേരിക്കന്‍ സേന. അഫ്ഗാനിലെ ഖാണ്ഡഹാറിന് പുറത്തെ താലിബാന്‍ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ സേന ആക്രമണം നടത്തിയത്. അഫ്ഗാന്‍ ഭരണകൂടം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന സമാധാന പരിശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനാണ് സഹായിച്ചതെന്ന് വക്താവ് കേണല്‍ സണ്ണി ലെഗറ്റ് അറിയിച്ചു. ഖണ്ഡഹാറിലെ ലാഷ്‌ക്കാര്‍ ഗാഹിലാണ് അമേരിക്കന്‍ സേന വിമാനമാര്‍ഗ്ഗം ആക്രമണം നടത്തിയത്. ജനറല്‍ സ്‌കോട്ട് മില്ലറിന്റെ നേതൃത്വത്തിലുള്ള സേനാവ്യൂഹത്തിനായിരുന്നു ചുമതല സമാധാനക്കരാര്‍ അനുസരിച്ച് അഫ്ഗാനിലെ സൈനിക വിന്യാസം മൂന്നിലൊന്നായി കുറച്ച അമേരിക്ക താലിബാന്റെ പ്രദേശങ്ങളില്‍ നിന്നും സേനകളെ മാറ്റിയിരുന്നു.ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് അമേരിക്ക മധ്യസ്ഥം വഹിച്ചത് താലിബാന്‍ ആക്രമണം നിര്‍ത്തണമെന്ന ധാരണയനുസരിച്ചായിരുന്നു. എന്നാല്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാന്‍ ഒരു കാരണവശാലും ആക്രമണം നടത്തരുതെന്നായിരുന്നു അമേരിക്ക ഫെബ്രുവരിയില്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദ്ദേശം. ഇത് തകര്‍ത്താണ് ജനവാസ മേഖലകളില്‍ താലിബാന്‍ ആക്രമണം നടത്തിയതെന്നും അമേരിക്കന്‍ സേനയുടെ മുഖ്യ ചുമതലക്കാരനായ ജനറല്‍ സ്‌കോട്ട് മില്ലര്‍ പറഞ്ഞു.