ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ താലൂക്കുകൾക്ക് നാളെ (നവംബർ 24, ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകൾക്കും പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കിലുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഇവിടങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.
ചക്കുളത്തുകാവ് പൊങ്കാല: തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് തിരുവല്ല താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (24) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ആലപ്പുഴയിലെ നാല് താലൂക്കുകളിൽ നാളെ അവധി
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവ ദിനമായ നവംബർ 24 (ചൊവ്വാഴ്ച) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തും.
ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. തിരുവല്ല താലൂക്കിൽ ഇന്നാണ് കളക്ടർ അവധി നൽകിയത്. മുൻ വർഷങ്ങളിലും ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് തിരുവല്ലയിൽ അവധി നൽകാറുണ്ടായിരുന്നു.
അതേസമയം പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതൽ ക്ഷേത്രപരിസരത്തും തിരുവല്ല, പൊടിയാടി മേഖലകളിലും സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊടിയാടി ജങ്ഷനില്‍ താല്‍ക്കാലിക പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്നും നാളെയുംക്ഷേത്രപരിസരത്തും പൊങ്കാല കടന്നുപോകുന്ന വഴികളിലുമുള്ള മദ്യഷാപ്പുകള്‍ അടച്ചിടുന്നതിനും മത്സ്യമാര്‍ക്കറ്റ്, അറവുശാല എന്നിവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷ, ഗതാഗത നിയന്ത്രണം, ശുദ്ധജല വിതരണം, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഉറപ്പാക്കാന്‍ തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുത്തിരുന്നു.
കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ എർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല ഡിപ്പോയില്‍നിന്ന് രാത്രിയിൽ ചെയിന്‍ സര്‍വീസുകള്‍ നടത്തും. തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാർക്കായി ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കും. തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിലും ചാത്തന്‍കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സൗകര്യങ്ങളും ആംബുലന്‍സ് സേവനവും തയ്യാറാണ്. ആലപ്പുഴ ജില്ലയിലും സമാനമായ തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.






