ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത ചിത്രമാണ് ജെയിംസ് കാമറൂണ്‍ ഒരുക്കിയ ‘അവതാര്‍’. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. അതിന് പുറമെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും ജെയിംസ് കാമറൂണ്‍ അറിയിച്ചിട്ടുണ്ട്.
ന്യൂസിലാന്‍ഡ് പ്രധാന ലൊക്കേഷനായാണ് സിനിമ ചിത്രീകരണം നടക്കുന്നത്. ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായ ഘട്ടത്തിലാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വന്നെങ്കിലും സിനിമ ചിത്രീകരണം മുടങ്ങിയിരുന്നില്ല. ഏകദേശം നാല് വര്‍ഷങ്ങള്‍കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.2009 ഡിസംബര്‍ 19 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2012 ലാണ് ചിത്രത്തിന് തുടര്‍ ഭാഗം ഉണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചത്. ആദ്യഭാഗത്തില്‍ മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് സൂചന. 1832 കോടി നിര്‍മാണ ചിലവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കിയത്. 2022 ഡിസംബര്‍ 16 ന് രണ്ടാം ഭാഗം റിലീസ് ചെയ്യും. 2024 ഡിസംബര്‍ 20 ന് മൂന്നാം ഭാഗവും റിലീസ് ചെയ്യും.