തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രക്ഷോഭങ്ങൾക്ക് മറുപടിയുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ. രാഹുൽ ഗാന്ധിയും കോൺഗ്രസും തങ്ങളുടെ ഭരണത്തിലുള്ള സർക്കാരുകളെ പിരിച്ചുവിടാൻ തയാറാണെങ്കിൽ ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ ബിജെപി ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കീഴിൽ അധികാരമേറ്റ കേരള, കർണാടക, തെലങ്കാന സർക്കാരുകൾ അടിയന്തരമായി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുവാഹത്തിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
ഇവിഎമ്മുകളിലൂടെ തിരിമറി നടത്തിയാണ് തെരഞ്ഞെടുപ്പുകൾ ജയിക്കുന്നതെന്ന കോൺഗ്രസ് ആരോപണം അസംബന്ധമാണെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കർണാടകയിലും തെലങ്കാനയിലും കേരളത്തിലും ഭരണം രൂപീകരിച്ചതും ഇതേ വോട്ടിങ് യന്ത്രങ്ങൾ വഴിയാണെന്ന കാര്യം കോൺഗ്രസ് ഓർക്കണം. അവിടങ്ങളിൽ നടന്നത് വോട്ടുചോർച്ചയാണെങ്കിൽ ആ സർക്കാരുകൾക്ക് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല. മൂന്ന് സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഉടൻ രാജി സമർപ്പിച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എസ്ഐആറിനെ ശക്തമായി ന്യായീകരിച്ച ഹിമന്ത, രാജ്യത്തെ ജനസംഖ്യാപരമായ ഘടന സംരക്ഷിക്കാൻ ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്ന് അവകാശപ്പെട്ടു. അസം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ അനധികൃത കുടിയേറ്റം മൂലം വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും അതിർത്തി കടന്നെത്തുന്നവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തില്ലെങ്കിൽ ജനാധിപത്യം തന്നെ അപകടത്തിലാകും. രാജ്യത്ത് അഞ്ച് വർഷത്തിലൊരിക്കൽ നിർബന്ധമായും എസ്ഐആർ നടപ്പാക്കണമെന്നും എങ്കിൽ മാത്രമേ ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയും കോൺഗ്രസും വിദേശശക്തികളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ കുറ്റപ്പെടുത്തി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നടങ്കം തകർക്കാനാണ് അവർ ശ്രമിക്കുന്നത്. നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലുള്ള ആഭ്യന്തര അരാജകത്വം ഇന്ത്യയിലും സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യം. ജനപിന്തുണയില്ലാതെ കേവലം 2,000-3,000 ആളുകളെ മാത്രം കൂട്ടി നടത്തുന്ന സമരങ്ങളിലൂടെ ഭരണം അട്ടിമറിക്കാൻ കഴിയില്ല. രാജ്യത്തിന്റെ വളർച്ചയെ എതിർക്കുന്ന നിരാശരായ ചില സംഘങ്ങളും ബുദ്ധിജീവി നക്സലുകളുമാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ വിമർശിച്ചു.








