
ന്യൂഡൽഹി: കാൻസർ മരുന്നുകളുടെയും ചികിത്സയുടെയും ഉയർന്ന നിരക്കിൽ ആശങ്ക രേഖപ്പെടുത്തി പാർലമെൻ്ററി സമിതി. ചികിത്സാ ചെലവ് സാധാരണക്കാർക്ക് താങ്ങാനാകുന്ന രീതിയിലാക്കാനുള്ള വഴികൾ ആരോഗ്യ കുടുംബക്ഷേമ പാർലമെൻ്ററി സമിതി ബുധനാഴ്ച ചർച്ച ചെയ്തു. രാജ്യത്ത് കാൻസർ കേസുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങളും യോഗം വിലയിരുത്തി.
രാജ്യസഭ എംപി പ്രൊഫ. രാംഗോപാൽ യാദവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്ത്യയിൽ കാൻസർ ചികിത്സ കൂടുതൽ താങ്ങാനാകുന്നതാക്കുക എന്ന ലക്ഷ്യത്തോടെ യോഗത്തിൽ പങ്കെടുത്ത എല്ലാവരിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചതായി സമിതി അംഗം ഇടിവി ഭാരതിനോട് പറഞ്ഞു. എല്ലാ നിർദേശങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് വരും ദിവസങ്ങളിൽ പാർലമെൻ്റിൽ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിംലയിൽ നടന്ന കാൻസർ അവബോധ റാലിയിൽ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ (ഐജിഎംസി) നഴ്‌സിങ് വിദ്യാർഥികൾ പങ്കെടുക്കുന്നു (IANS)
കാൻസർ മരുന്നുകളുടെ ഉയർന്ന വില പകൽക്കൊള്ളയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമിതി തുടർച്ചയായ രണ്ടാം ദിവസവും യോഗം ചേർന്നത്. എഫ്എസ്എസ്എഐ സിഇഒ, ഡിസിജിഐ, സിഡിഎസ്‌സിഒ പ്രതിനിധികൾ, എൻപിപിഎ ചെയർമാൻ, പട്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ പ്രൊഫ. ഡോ. ബിന്ദേ കുമാർ, മിസോറാം സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജെറമി ലാൽറിൻസംഗ പൗട്ടു, ലഖ്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ പ്രൊഫ. ആർകെ ധിമാൻ തുടങ്ങിയവരിൽ നിന്ന് സമിതി വിവരങ്ങൾ ശേഖരിച്ചു. കാൻസർ മരുന്നുകളുടെ ഉയർന്ന നിരക്ക്, രോഗവ്യാപനം, ചികിത്സ എന്നിവയ്ക്കാണ് യോഗത്തിൽ ഊന്നൽ നൽകിയതെന്നും മൂന്ന് മണിക്കൂറിലധികം ചർച്ച നീണ്ടുവെന്നും സമിതി അംഗം കൂട്ടിച്ചേർത്തു.
രോഗവ്യാപനവും കണക്കുകളും
രാജ്യത്ത് കാൻസർ വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയെന്ന് പാർലമെൻ്ററി പെറ്റീഷൻ കമ്മിറ്റിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഐസിഎംആർ കണക്കുകൾ പ്രകാരം പ്രതിവർഷം 14.62 ലക്ഷം പുതിയ കാൻസർ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ വർഷവും എട്ട് ലക്ഷത്തോളം പേർ രോഗം ബാധിച്ച് മരിക്കുന്നുണ്ട്. 60 മുതൽ 70 ശതമാനം വരെ കേസുകളും അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത്. ഇത്തരക്കാരിൽ മരണനിരക്ക് 40 മുതൽ 50 ശതമാനം വരെയാണെന്നും ഐസിഎംആർ വ്യക്തമാക്കുന്നു.
പുരുഷന്മാരിൽ വായ, ശ്വാസകോശം, ആമാശയം, വൻകുടൽ, അന്നനാളം എന്നിവയെ ബാധിക്കുന്ന കാൻസറാണ് കൂടുതലായി കാണുന്നത്. സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗള കാൻസർ, വായിലെ കാൻസർ എന്നിവയാണ് കൂടുതൽ. മൊത്തം കാൻസർ ബാധിതരിൽ 41 ശതമാനവും സ്ത്രീകളാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതൽ കാൻസർ രോഗികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണുള്ളത്.
അസമിൽ മാത്രം പ്രതിവർഷം 50,000-ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ളത് മിസോറാമിലാണ്. സ്ത്രീകളിൽ അരുണാചൽ പ്രദേശും മുന്നിലാണ്. ഭക്ഷണരീതിയിലെയും ജീവിതശൈലിയിലെയും വ്യത്യാസങ്ങളാണ് ഇതിന് കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന കാൻസറുകളിലെ അപകടസാധ്യതകളും മറ്റ് ഘടകങ്ങളും കണ്ടെത്താൻ ഐസിഎംആർ നിരവധി ഗവേഷണങ്ങൾ നടത്തുന്നുണ്ട്.
സൂറത്തിൽ ഗർഭാശയമുഖ ക്യാൻസറിന് കാരണമാകുന്ന HPV വകഭേദങ്ങളായ 6, 11, 16, 18 എന്നിവയ്‌ക്കെതിരെ സംരക്ഷണം നൽകുന്ന HPV വാക്‌സിന്‍ സിറിഞ്ച് കാണിക്കുന്ന നഴ്‌സ് (IANS)
ഭാവിയിലെ ആശങ്കകൾ
ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിൻ്റെ (ഗ്ലോബോകാൻ) കണക്കുകൾ പ്രകാരം ഇന്ത്യയിലെ കാൻസർ ബാധിതരുടെ എണ്ണം 2035-ഓടെ 17 ലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ 13 ലക്ഷമായി വർധിക്കുമെന്നും ആണവോർജ വകുപ്പുമായുള്ള ചർച്ചയിൽ പെറ്റീഷൻ കമ്മിറ്റിയെ അറിയിച്ചു. രാജ്യത്തെ കാൻസർ ചികിത്സ വളരെ ചെലവേറിയതാണെന്ന് രാജ്യസഭ എംപി നാരായൺ ദാസ് ഗുപ്തയുടെ അധ്യക്ഷതയിലുള്ള സമിതി വിലയിരുത്തി. ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനാർബുദം എന്നിവയ്ക്കുള്ള ചില മരുന്നുകൾക്ക് ഒരു ഡോസിന് ഒരു ലക്ഷത്തിലധികം രൂപയാണ് വില.
പുതിയ മരുന്നുകളുടെ ലഭ്യതക്കുറവ് മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വലിയ വെല്ലുവിളിയാണ്. രാജ്യത്ത് 2,000 മെഡിക്കൽ ഓങ്കോളജിസ്റ്റുകൾ മാത്രമാണുള്ളത്. അതായത് 700 രോഗികൾക്ക് ഒരാൾ എന്ന അവസ്ഥയാണുള്ളത്. കാൻസർ, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ദേശീയ പദ്ധതി ലക്ഷ്യം കണ്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഡൽഹി എയിംസ് പോലുള്ള വലിയ ആശുപത്രികളിലേക്കുള്ള രോഗികളുടെ ഒഴുക്ക് തടയാൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ പദ്ധതി പുനഃപരിശോധിക്കണമെന്നും പ്രാദേശിക കാൻസർ കേന്ദ്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ചികിത്സാ ചെലവും കാരണങ്ങളും
പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ് കാൻസറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. മൂന്നിലൊന്ന് കാൻസർ കേസുകൾക്കും കാരണം ഇതാണ്. മദ്യം, അമിതവണ്ണം, കീടനാശിനികൾ, രാസവസ്തുക്കൾ, വായു, ജല മലിനീകരണം എന്നിവയും രോഗത്തിന് കാരണമാകുന്നുണ്ട്. ശരാശരി ഇന്ത്യൻ കുടുംബത്തിൻ്റെ വാർഷിക വരുമാനത്തിൻ്റെ ഇരട്ടിയാണ് കാൻസർ ചികിത്സയ്ക്കുള്ള കുറഞ്ഞ ചെലവ്. ഇത് സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നീണ്ട ചികിത്സാ കാലയളവും മാനസിക ബുദ്ധിമുട്ടുകളും കാരണം പലരും ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. ഇത് മരണനിരക്ക് വർധിക്കാൻ കാരണമാകുന്നു.
കാൻസർ മരുന്നുകളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെങ്കിലും വിപണിയിലെ 80 ശതമാനം മരുന്നുകളും ഇതിൻ്റെ പരിധിയിൽ വരുന്നില്ല. മരുന്നുകളുടെ യഥാർഥ വിലയും പരമാവധി ചില്ലറ വിലയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള അനുബന്ധ ചികിത്സകൾക്കും വലിയ തുക നൽകണം. സിടി സ്കാൻ, എംആർഐ, പെറ്റ് സ്കാൻ തുടങ്ങിയ പരിശോധനാ ഉപകരണങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവയും ജിഎസ്ടിയും ചുമത്തുന്നത് ചെലവ് 35 ശതമാനത്തോളം വർധിക്കാൻ കാരണമാകുന്നു.
ഇന്ത്യയിലെ കാൻസർ ചികിത്സാ ചെലവിൻ്റെ 70 മുതൽ 80 ശതമാനം വരെ രോഗികൾ തന്നെയാണ് വഹിക്കുന്നത്. ഒരു രോഗിക്ക് ശരാശരി 7.5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഇൻഷുറൻസ് പരിരക്ഷയുള്ളവർ കുറവാണെന്നതും ക്ലെയിമുകൾ നിരസിക്കപ്പെടുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗ്രാമീണ മേഖലയിൽ ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചുള്ള അവബോധം കുറവാണെന്നും സമിതി ചൂണ്ടിക്കാട്ടി.







