കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം;

0
2

കൊച്ചി: ബ്രസീൽ – ഇന്ത്യ ലെജൻഡ്‌സ് ഫുട്ബോൾ മത്സരം പരിഗണിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ടാണ് ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിൽ ഫുട്ബോൾ മത്സരം നടക്കുന്നത്. ആരാധകരുടെ തിരക്ക് പരിഗണിച്ചാണ് കൊച്ചി സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

മത്സരം കാണാൻ വിവിധ ഭാഗങ്ങളിൽ നിന്ന് കലൂരിലേക്ക് എത്തുന്നവർക്കുള്ള റൂട്ട് നിർദേശങ്ങളും കാണികൾക്കുള്ള വാഹനം പാർക്കിംഗ് നിർദേശങ്ങളും പോലീസ് പുറത്തുവിട്ടു. രാത്രി 7:30 നാണ് മത്സരം ആരംഭിക്കുന്നത്. കാണികള്‍ക്ക് വൈകീട്ട് 5:30 മുതല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാം.

പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ളവർ ചാത്യാത്ത് റോഡിൽ ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. തുടർന്ന് മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് പോകണം. പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്നുള്ളവർ ആലുവ ഭാഗത്തോ കണ്ടെയ്നർ റോഡരികിലോ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം മെട്രോയോ മറ്റ് പൊതുഗതാഗത സൗകര്യങ്ങളോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്തണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഭാഗങ്ങളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത മാർഗം ഉപയോഗിക്കണം. ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് പൊതുഗതാഗത മാർഗങ്ങകൾ ഉപയോഗിച്ച് സ്റ്റേഡിയത്തിലേക്ക് വരണം.

കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും പോലീസ് അറിയിച്ചു. വൈകിട്ട് 3:00 മണിക്ക് ശേഷം എറണാകുളത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകുന്നവർ കലൂർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി – മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.

ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നവർ വൈറ്റില ജങ്ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണമെന്നും പോലീസ് അറിയിച്ചു.

മത്സരത്തിനായി റൊണാള്‍ഡീഞ്ഞോ കഴിഞ്ഞദിവസം കൊച്ചിയിലെത്തിയിരുന്നു. റിവാള്‍ഡോ, എഡ്മിസന്‍, പൗലോ സെര്‍ജിയോ, ജിയോവാനി, കമാന്‍ഡുകായ, വിയോള, ഗോമസ്, ഗുസ്താവോ നെരി, എലിവെല്‍ട്ടന്‍, റിക്കാര്‍ഡോ ഒലിവേര, ഡിയോഗോ ഗില്‍ തുടങ്ങിയ താരങ്ങള്‍ ബ്രസീല്‍ ടീമിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here