പൊള്ളുന്ന ഇന്ത്യയും വേവുന്ന കേരളവും: കാലാവസ്ഥ താളംതെറ്റി,

0
3

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്തെ കാലാവസ്ഥാ വ്യതിയാനം ആശങ്കാജനകമായ രീതിയിൽ മാറിമറിയുകയാണെന്ന് ഏറ്റവും പുതിയ പഠനങ്ങൾ. ‘ഇൻ്റർനാഷണൽ ജേണൽ ഓഫ് ക്ലൈമറ്റോളജി’യിൽ പ്രസിദ്ധീകരിച്ച ‘Evolution of Climate Extremes Over the Indian Subcontinent Using a Revised CEI’ എന്ന പഠന റിപ്പോർട്ടാണ് രാജ്യത്തെ മാറിവരുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റിലേയും നാഷണൽ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗിലെയും (NCMRWF) ശാസ്ത്രജ്ഞർ ചേർന്ന് 1971 മുതൽ 2022 വരെയുള്ള 52 വർഷത്തെ കാലാവസ്ഥാ വിവരങ്ങൾ വിശകലനം ചെയ്താണ് ഈ പഠനം തയ്യാറാക്കിയത്.

ഇന്ത്യൻ ക്ലൈമറ്റ് എക്‌സ്ട്രീംസ് ഇൻഡക്‌സ് പ്രകാരം മധ്യ-വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ കടുത്ത താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ വിസ്തൃതി ഓരോ പതിറ്റാണ്ടിലും 20 മുതൽ 40 ശതമാനം വരെയാണ് വർധിക്കുന്നത്. 1980-കളിൽ രാജ്യത്തിൻ്റെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കടുത്ത ചൂട്, 2010-ആയപ്പോള്‍ വലിയ ഉഷ്ണമേഖലകളായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. എന്നാൽ ഭൗമതാപനത്തിൻ്റെ ആഘാതം രാജ്യത്തുടനീളം ഒരേപോലെയല്ല പ്രതിഫലിക്കുന്നത് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ തോട്ടാ മോഹൻ വ്യക്തമാക്കുന്നു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പകൽ താപനിലയും വരണ്ട കാലാവസ്ഥയും കടുക്കുമ്പോൾ ദക്ഷിണേന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു വലിയ ഭീഷണിയാണ്.

കേരളത്തെയും ദക്ഷിണേന്ത്യയെയും കാത്തിരിക്കുന്ന വെല്ലുവിളികൾ

പഠനമനുസരിച്ച് ദക്ഷിണേന്ത്യയിൽ വൻതോതിലുള്ള വരൾച്ചാ പ്രവണതയാണ് ദൃശ്യമാകുന്നത്. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ കിഴക്കൻ തീരപ്രദേശങ്ങളിൽ വിനാശകരമായ വരൾച്ചാ ഹോട്ട്‌സ്‌പോട്ടുകൾ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. പല വർഷങ്ങളിലും തെക്കേ ഇന്ത്യയുടെ 40 ശതമാനത്തിലധികം പ്രദേശങ്ങളെ വരൾച്ച പൂർണമായി ബാധിച്ചതായും റിപ്പോർട്ട് പറയുന്നു. അതേസമയം, കേരളത്തെ സംബന്ധിച്ച് ഏറ്റവും മാരകമാകാൻ പോകുന്നത് അന്തരീക്ഷത്തിലെ അമിതമായ ഈർപ്പവും (ഹ്യുമിഡിറ്റി) ഉയർന്ന താപനിലയും ഒന്നിച്ചുവരുന്ന ‘ഹ്യുമിഡ് ഹീറ്റ്’ അഥവാ അത്യുഷ്ണം ആണ്. സാധാരണയായി തീരദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഈ പ്രതിഭാസം ഇപ്പോൾ അതിവേഗം ഉൾനാടുകളിലേക്ക് വ്യാപിക്കുകയാണ്. 2021-ഓടെ ഇത്തരം അപകടകരമായ അന്തരീക്ഷാവസ്ഥ നേരിടുന്ന പ്രദേശങ്ങളുടെ വിസ്തൃതി രാജ്യത്ത് 10 ശതമാനത്തോളം വർധിച്ചുവെന്നും പഠനത്തില്‍ കണ്ടെത്തി.

“ഒരേ ആഗോളതാപനം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തികച്ചും വ്യത്യസ്തമായ രീതികളിലാണ് പ്രകടമാകുന്നത്,” എന്ന് ശാസ്ത്രജ്ഞനായ തോട്ടാ മോഹൻ പറഞ്ഞു. ദേശീയ തലത്തിൽ ശരാശരി കണക്കുകൾ എടുക്കുന്നതിന് പകരം, ഇത്തരം പ്രാദേശികമായ വ്യതിയാനങ്ങളെ കൃത്യമായി തിരിച്ചറിയാൻ ഈ ഇൻഡക്‌സ് സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുപടിഞ്ഞാറൻ മേഖലകളിൽ ശക്തമായ ഹീറ്റ് ആക്ഷൻ പ്ലാനുകൾ, തെക്കൻ മേഖലകളിൽ വരൾച്ചാ-ജലസംരക്ഷണ പ്രതിരോധ മാർഗങ്ങൾ, വടക്കുകിഴക്കൻ മേഖലകളിൽ മികച്ച പ്രളയ-മഴ മാനേജ്‌മെൻ്റ്‌ എന്നിവയുൾപ്പെടെയുള്ള പ്രാദേശികാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ വ്യതിയാന പ്രതിരോധ നടപടികൾ ഗവേഷകർ ശുപാർശ ചെയ്തു.

എന്താണ് ഹ്യുമിഡ് ഹീറ്റിൻ്റെ അപകടം?

മനുഷ്യശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമുള്ള വിയർപ്പും ചൂടും വായുവിൽ ഈർപ്പം (ഹ്യുമിഡിറ്റി) കൂടുമ്പോൾ അനുഭവപ്പെടുന്നു. അന്തരീക്ഷത്തിൽ ഈർപ്പം അധികമാകുമ്പോൾ ശരീരത്തിലെ വിയർപ്പ് ബാഷ്പീകരിക്കപ്പെടാതെ വരികയും, തൽഫലമായി ശരീരത്തിന് സ്വാഭാവികമായി ചൂട് പുറത്തുവിടാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത് സൂര്യഘാതം, കടുത്ത നിർജ്ജലീകരണം, ഹൃദയസംബന്ധമായ അസ്വസ്ഥതകൾ എന്നിവയിലേക്ക് നയിക്കും. കേരളം പോലെ ഉയർന്ന ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനത്തിന് ഇത് വലിയൊരു ആരോഗ്യ-സാമൂഹിക വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വേണം പ്രാദേശിക പ്രതിരോധ പദ്ധതികൾ

ദേശീയതലത്തിൽ ശരാശരി കണക്കുകൾ നോക്കാതെ ഓരോ പ്രദേശത്തിൻ്റെ സ്വഭാവത്തിനനുസരിച്ചുള്ള പ്രതിരോധ മാർഗങ്ങൾ വേണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു. വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾക്ക് ശക്തമായ ‘ഹീറ്റ് ആക്ഷൻ പ്ലാനുകൾ’ വേണമെങ്കിൽ, കേരളം ഉൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങൾക്ക് ജലസംരക്ഷണവും വരൾച്ചാ പ്രതിരോധവുമാണ് അടിയന്തരമായി വേണ്ടത്. കൃഷി, ജലവിനിയോഗം, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ (അടിസ്ഥാന സൗകര്യ വികസനം) എന്നിവയിലുടനീളം മികച്ച ഏകോപനമുണ്ടാകണമെന്നും, ജില്ലാതല ആസൂത്രണങ്ങളെ പിന്തുണയ്ക്കുന്നതിനായി സൂക്ഷ്മതലത്തിലുള്ള നിരീക്ഷണങ്ങൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. കാലാവസ്ഥാ സമ്മർദ്ദം വർധിച്ചുവരുന്ന പ്രദേശങ്ങൾ കണ്ടെത്തുന്നതിനും അതനുസരിച്ച് പ്രതിരോധ നടപടികൾ കൃത്യമായി നടപ്പിലാക്കാൻ അധികൃതരെ സഹായിക്കുന്നതിനുമുള്ള ഒരു വാർഷിക നിരീക്ഷണ സംവിധാനമായി ഈ പഠനം ഉപയോഗിക്കാവുന്നതാണെന്ന് ഈ പഠനവുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തിയ ബെംഗളൂരുവിലെ ആട്രിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ എം. രാജീവൻ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here