കാസർകോട്: അധികാരത്തിൻ്റെ പടിയിറങ്ങുമ്പോഴും ഒരു കൂട്ടം അമ്മമാരുടെ മനസ്സിൽ മകനായുള്ള സ്ഥാനാരോഹണമായിരുന്നു ആ യാത്ര. ഔദ്യോഗിക ചുമതലകൾ കൈമാറിയതിന് പിന്നാലെ സ്വന്തം യാത്രയയപ്പിനേക്കാൾ ഉപരിയായി, കാസർകോട് മുൻ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ സമയം കണ്ടെത്തിയത് ഒരു കൂട്ടം വയോധികരുടെ ചിരകാല സ്വപ്നം സഫലമാക്കാനാണ്. തേജസ്വിനി പുഴയുടെ ഓളങ്ങളിൽ ഹൗസ്‌ബോട്ട് നീങ്ങുമ്പോൾ അതിനുള്ളിൽ കുട്ടികളെപ്പോലെ ആകാംക്ഷയോടെ കാഴച്ചകൾ ആസ്വദിക്കുന്ന വയോധികർക്കൊപ്പം അദ്ദേഹവും ചേർന്നു.
ബുധനാഴ്‌ച രാവിലെയാണ് അർജുൻ പാണ്ഡ്യൻ കാസർകോട് ജില്ല കലക്‌ടർ സ്ഥാനത്തിൻ്റെ ചുമതല കൈമാറിയത്. എന്നാൽ കുറച്ച് വയോധികരുടെ ആഗ്രഹം സാധിച്ചുകൊടുക്കാതെ കാസർകോട് വിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഒരു വൃദ്ധസദനം സന്ദർശിച്ചപ്പോഴാണ് അന്തേവാസികൾ തങ്ങളുടെ ആഗ്രഹം കലക്‌ടറോട് പങ്കുവച്ചത്.
ഞങ്ങൾക്കൊന്ന് പുറത്തുപോകണം എന്നായിരുന്നു അവരുടെ ആവശ്യം. എവിടേക്കാണ് പോകാൻ ആഗ്രഹിക്കുന്നതെന്ന് കലക്‌ടർ ചോദിച്ചപ്പോൾ ലഭിച്ച മറുപടി ബോട്ട് യാത്ര എന്നായിരുന്നു. അവരിൽ പലരും ഇതുവരെ ബോട്ട് യാത്ര നടത്തിയിട്ടില്ലായിരുന്നു. ഹൗസ്‌ബോട്ട് കാണാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. വയോധികരുടെ ആഗ്രഹം അറിഞ്ഞ ഉടൻ തന്നെ ബന്ധപ്പെട്ടവർക്ക് അർജുൻ പാണ്ഡ്യൻ നിർദേശം നൽകി. എത്രയും പെട്ടെന്ന് ബോട്ട് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തണമെന്നായിരുന്നു നിർദേശം.
ആദ്യമായി ഹൗസ്‌ബോട്ട് യാത്ര; സന്തോഷം പങ്കിട്ട് ഒരു മണിക്കൂർ
അങ്ങനെ പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പം കോട്ടപ്പുറം ഹൗസ്‌ബോട്ടിൽ വലിയപറമ്പ കായലിലൂടെ അർജുൻ പാണ്ഡ്യൻ യാത്ര നടത്തി. കളിയും തമാശകളും പറഞ്ഞും വയോധികരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞും കലക്‌ടർ അവർക്കൊപ്പം ഒരു മണിക്കൂറോളം സമയം ചെലവഴിച്ചു. ജില്ല കലക്‌ടർ ചുമതല കൈമാറിയതിന് പിന്നാലെയാണ് അദ്ദേഹം കോട്ടപ്പുറത്തെത്തി ഹൗസ്‌ബോട്ട് യാത്ര നടത്തിയത്. തൃശൂരിൽ തനിക്ക് അമ്മമാരുണ്ട്, ഇവിടെയും അമ്മമാരെ കിട്ടി എന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞപ്പോൾ വയോധികരുടെ സന്തോഷവും പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.
തിയറ്ററിൽ പോയി സിനിമ കണ്ടിട്ടുണ്ടെങ്കിലും ബോട്ട് യാത്ര ആദ്യമായാണെന്ന് ലക്ഷ്‌മി പറഞ്ഞു. ഈ യാത്ര ഒരിക്കലും മറക്കില്ലെന്നും കലക്‌ടർ തങ്ങൾക്ക് മകനെപ്പോലെയാണെന്നും അവർ പറഞ്ഞു. കലക്‌ടർ കാസർകോട് വിട്ടുപോകുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം തിരിച്ചുവരാൻ പ്രാർഥിക്കുമെന്നും ലക്ഷ്‌മി അമ്മ കൂട്ടിച്ചേർത്തു. അവസാന നിമിഷം യാത്രയിൽ പങ്കെടുത്തതിനെക്കുറിച്ചായിരുന്നു കർത്യായനി അമ്മയുടെ വാക്കുകൾ.
താൻ എങ്ങോട്ടും പോകേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ എല്ലാവരും വരണമെന്ന് കലക്‌ടർ പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ ഇറങ്ങിയതാണ്. ഇവിടെ എത്തിയപ്പോൾ താൻ വന്നില്ലായിരുന്നെങ്കിൽ വലിയൊരു നഷ്‌ടമായേനെ എന്ന് തോന്നിയെന്നും കർത്യായനി അമ്മ പറഞ്ഞു. ഇങ്ങനെ ഓരോരുത്തരും ബോട്ട് യാത്രയിലൂടെ ലഭിച്ച അനുഭവങ്ങളും സന്തോഷവും പങ്കുവച്ചു.
മുൻ കലക്‌ടർക്ക് സ്നേഹനിർഭരമായ യാത്രയയപ്പ്
ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കാണ് യാത്രയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. നിറഞ്ഞ സന്തോഷത്തോടെയാണ് 25 പേരും ഹൗസ്‌ബോട്ട് യാത്ര ആസ്വദിച്ചത്. മകനെന്ന പോലെ മുൻ കലക്‌ടർ വയോജനങ്ങളെ ചേർത്തുനിർത്തിയപ്പോൾ യാത്ര അവർക്ക് മറക്കാനാകാത്ത അനുഭവമായി. ജില്ല സാമൂഹിക നീതി ഓഫിസർ സേവ്യറിൻ്റെ നേതൃത്വത്തിൽ കാസർകോട് ഗവ. കോളജിലെ പത്ത് എൻ.എസ്.എസ് വൊളന്റിയർമാരും ജില്ല കലക്‌ടറുടെ ഇൻ്റേൺസും സഹായത്തിനായി ഒപ്പമുണ്ടായിരുന്നു.
കാസർകോട്ടുകാരുടെ ജനകീയ കലക്‌ടർ എന്ന വിശേഷണത്തോടെയാണ് 2017 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അർജുൻ പാണ്ഡ്യൻ കാസർകോട് നിന്ന് മടങ്ങുന്നത്. കലക്‌ടർ സ്ഥാനത്തുനിന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്‌ടറായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. കാസർകോടിൻ്റെ നന്മയ്ക്കായി നിരന്തരം ഇടപെടുകയും നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകുകയും ചെയ്‌ത അർജുൻ പാണ്ഡ്യന് ജില്ലയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
നേരത്തെ തൃശൂരിൽ സേവനമനുഷ്ഠിക്കുമ്പോൾ എങ്ങനെയാണോ ജനങ്ങളുടെ പ്രിയപ്പെട്ടവനായി മാറിയത്, അതേ സ്നേഹവും സമർപ്പണവുമാണ് അദ്ദേഹം കാസർകോടും കാഴ്‌ചവച്ചത്. കാലവർഷക്കെടുതികളും മറ്റ് അടിയന്തര സാഹചര്യങ്ങളും ഉയർന്നുവന്നപ്പോഴെല്ലാം ജനങ്ങൾക്ക് ആശ്വാസമേകാൻ നേരിട്ടെത്തിയ അദ്ദേഹത്തിൻ്റെ ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. ചുമതല കൈമാറിയ അവസാന നിമിഷങ്ങളിലും അധികാരത്തിൻ്റെ ഔപചാരികതകൾക്കപ്പുറം മനുഷ്യബന്ധങ്ങൾക്ക് ഇടം നൽകിയായിരുന്നു അർജുൻ പാണ്ഡ്യൻ്റെ കാസർകോട്ടുനിന്നുള്ള മടക്കം.







