ദേശീയപാതയിലെ സുരക്ഷയിൽ ആശങ്ക വേണ്ട; റോഡുകൾ സുരക്ഷിതമാക്കാൻ ഉന്നതസംഘം, പ്രത്യേക കമ്മിറ്റികൾ

0
2

കൊച്ചി: സംസ്ഥാനത്ത് ദേശീയപാതകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നതിനിടെ സുരക്ഷയൊരുക്കാൻ പ്രത്യേക പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് സുരക്ഷാ നടപടികളിലേക്ക് കടക്കുന്നത്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ പറഞ്ഞു.

തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെ ഉണ്ടായ ദാരുണ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി സർക്കാർ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചത്. അടിയന്തര ശ്രദ്ധ ഉറപ്പ് വരുത്തുന്നതിന് മൂന്ന് ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ എൻഎച്ച്എഐ അധികൃതർ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ കളക്ടർമാർ എന്നിവർ പങ്കെടുത്ത ഉന്നത യോഗത്തിൽ തീരുമാനിച്ചു.

അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുകയും ഉടൻ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾ തീരുമാനിക്കുകയും ചെയ്തു. എൻഎച്ച് – 66 ഉൾപ്പെടെയുള്ള ദേശീയപാതകളിൽ നിർമാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിങ് സൈനേജ്, ബാരിയർ, ലൈറ്റിങ്, റിഫ്ളക്ടർ എന്നിവ ഉടൻ സ്ഥാപിക്കും.

റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാൻ കർശന നടപടി സ്വീകരിക്കും. ബ്ലാക്ക് സ്‌പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. റോഡുകൾ സുരക്ഷിതമാക്കുക എന്നത് പൊതുമരാമത്ത് വകുപ്പിൻ്റെ മുൻഗണനയാണെന്ന് മന്ത്രി പറഞ്ഞു.

നിർമാണമേഖലകളിൽ പരിശോധന

ദേശീയപാത നിർമാണം നടക്കുന്ന മേഖലകളിൽ കളക്ടർമാരുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ദേശീയപാതയിൽ നേരിടുന്ന പ്രധാന പ്രശ്നം, നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോഴുള്ള ദിശാസൂചകങ്ങളും മറ്റുമാണ്. കൃത്യമായ രീതിയിൽ ദിശാസൂചകങ്ങൾ ഇല്ലെങ്കിൽ അത് വലിയ അപകടത്തിന് കാരണമാകും.

റോഡുകളിലെമ്പാടും സുരക്ഷാ വീഴ്ചകൾ

ആലപ്പുഴയിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നിരവധി സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അനധികൃത പാർക്കിങ്, റോഡ് കയ്യേറ്റം, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത തുടങ്ങിയവയാണ് കണ്ടെത്തിയത്. ദേശീയപാത ഭാഗികമായി തുറന്നുകൊടുക്കുന്ന സ്ഥലങ്ങളിലും ദേശീയപാതയിലെ ഗതാഗതം പെട്ടെന്നു വഴിതിരിച്ചു വിടുന്നിടങ്ങളിലും അപകടത്തിനു കാരണമാകുന്നുണ്ട്.

ഒരേ റീച്ചിൽ തന്നെ നിർമാണം ഉപകരാർ നൽകിയിരിക്കുന്നതിനാൽ കരാറുകാർ തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കുന്നില്ല എന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. ഇതുമൂലമുള്ള ഗതാഗത നിയന്ത്രണവും വഴി തിരിച്ചുവിടലും യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഗതാഗതം വഴിതിരിച്ചു വിടുന്ന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ റോഡിലേക്ക് തള്ളി നിൽക്കുന്ന പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

റോഡ് പണി പൂർത്തിയാകാത്തതിനാൽ പലയിടത്തും ലൈറ്റുകളും മറ്റും സ്ഥാപിച്ചിട്ടില്ല. ഇവിടങ്ങളിൽ താത്കാലിക ലൈറ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. വൈദ്യുതി എത്താത്ത സ്ഥലങ്ങളിൽ മറ്റ് സംവിധാനങ്ങൾ തേടേണ്ടിവരും. പണിപൂർത്തിയായ മേഖലകളിൽ സ്ഥിരം തെരുവുവിളക്കുകളും സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here