സിസിടിവി വയ്ക്കുമ്പോൾ അയൽവാസിയുടെ സ്വകാര്യത ലംഘിച്ചാൽ കുടുങ്ങും;

0
6

തിരുവനന്തപുരം: നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുന്ന, ഒരിക്കലും ഉറങ്ങാത്ത ഒരു മൂന്നാം കണ്ണ് നമുക്ക് ചുറ്റുമുണ്ട്. കുറ്റവാളികളെ കുടുക്കാൻ പൊലീസിനെ സഹായിക്കുന്ന ഡിജിറ്റൽ ദൃക്‌സാക്ഷിയായ സിസിടിവി കാമറകൾ ഇന്ന് നമ്മുടെ സുരക്ഷയുടെ കാവലാളാണ്. എന്നാൽ സുരക്ഷയുടെ പേരിൽ സ്ഥാപിക്കുന്ന ഈ കാമറകൾ നമ്മുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാകുന്നുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്.

ഒരു കാലത്ത് വലിയ സ്ഥാപനങ്ങളിൽ മാത്രം കണ്ടിരുന്ന സിസിടിവി കാമറകൾ ഇന്ന് സാധാരണക്കാരൻ്റെ വീടുകളിലേക്കും വ്യാപിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിലും നടന്ന കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്നതിലും സിസിടിവികൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. യാതൊരു തുമ്പുമില്ലാതിരുന്ന പല കേസുകളിലും പൊലീസിന് കൃത്യമായ ദിശ നൽകിയത് ഈ ഡിജിറ്റൽ ദൃക്‌സാക്ഷികളാണ്.

വീടുകളിലും തെരുവുകളിലും വ്യാപാര സ്ഥാപനങ്ങളിലും മാത്രമല്ല നമ്മൾ സഞ്ചരിക്കുന്ന വാഹനങ്ങളിൽപ്പോലും ഇന്ന് ഡാഷ് കാമറകളുടെ സാന്നിധ്യമുണ്ട്. എന്നാൽ സുരക്ഷയ്ക്കായി ഈ കാമറകൾ ഉപയോഗിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. സുരക്ഷയും സ്വകാര്യതയും തമ്മിലുള്ള അതിർവരമ്പുകൾ, സിസിടിവി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമവശങ്ങൾ, കോടതികളിലെ ഡിജിറ്റൽ തെളിവുകളുടെ സാധുത, കേരള പൊലീസിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ സിസിടിവികൾ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.

നിയമവശങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
ഇന്ത്യയിലും പ്രത്യേകിച്ചും കേരളത്തിലും വീടുകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ സിസിടിവി, ഡാഷ് കാമറകൾ എന്നിവ സ്ഥാപിക്കുന്നത് തികച്ചും നിയമപരമാണ്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ ചില നിയമങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കേണ്ടതുണ്ട്. ഇന്ത്യയിൽ സിസിടിവി കാമറകളുടെ ഉപയോഗം പ്രധാനമായും ഇൻഫർമേഷൻ ടെക്നോളജി നിയമം 2000, വിവിധ സ്വകാര്യതാ നിയമങ്ങൾ എന്നിവയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്.

സ്വന്തം ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഏതൊരു പൗരൻ്റെയും അവകാശമാണ്. സുരക്ഷയ്ക്കായി വീടുകൾക്ക് ചുറ്റും സിസിടിവി വയ്ക്കാൻ പൊലീസിൻ്റെയോ മറ്റ് അധികാരികളുടെയോ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കാമറകൾ പൊതുവഴിയോ സ്വന്തം വീടിൻ്റെ വളപ്പോ മാത്രമേ നിരീക്ഷിക്കാവൂ എന്നതാണ്. നിങ്ങളുടെ കാമറ അയൽവാസിയുടെ വീടിനുള്ളിലേക്കോ അവരുടെ സ്വകാര്യ ഇടങ്ങളിലേക്കോ തിരിഞ്ഞിരിക്കാൻ പാടില്ല. ഇത് സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റമായി കണക്കാക്കപ്പെടും.

വാടക കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും കാര്യത്തിൽ നിയമം അല്പം കൂടി വ്യക്തമാണ്. ഇത്തരം കെട്ടിടങ്ങളുടെ പൊതു ഇടങ്ങളിൽ അതായത് പാർക്കിങ് ഏരിയ, കോറിഡോർ, പടികൾ എന്നിവിടങ്ങളിൽ സുരക്ഷയ്ക്കായി കെട്ടിട ഉടമകൾക്ക് കാമറകൾ സ്ഥാപിക്കാമെന്ന് കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വാടകക്കാരുടെ സ്വകാര്യ ഇടങ്ങളിൽ ഉദാഹരണത്തിന് വീടിനുള്ളിൽ അവരുടെ അനുമതിയില്ലാതെ കാമറ വയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്.

കടകളിലും ഓഫിസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സ്ഥാപനത്തിൻ്റെയും സുരക്ഷയ്ക്കായി കാമറ വയ്ക്കുന്നത് പൂർണമായും നിയമപരമാണ്. എന്നാൽ ഇതിനൊരു പ്രധാന വ്യവസ്ഥയുണ്ട്. നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന വ്യക്തമായ ബോർഡ് ജനങ്ങളുടെ അറിവിലേക്കായി വയ്‌ക്കേണ്ടത് നിർബന്ധമാണ്. ജനങ്ങൾ തങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന് അറിയാനുള്ള അവകാശത്തെ ഇത് സംരക്ഷിക്കുന്നു. അതുപോലെ തന്നെ ബാത്ത്റൂമുകൾ, ഡ്രസ്സ് മാറുന്ന ട്രയൽ റൂമുകൾ തുടങ്ങിയ സ്വകാര്യ ഇടങ്ങളിൽ കാമറ സ്ഥാപിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്.

റോഡപകടങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ കാലത്ത് സ്വകാര്യ വാണിജ്യ വാഹനങ്ങളിൽ ഡാഷ് കാമറകൾ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ യാതൊരു വിലക്കുമില്ല. മോട്ടോർ വാഹന നിയമത്തിൽ ഡാഷ് കാമറ വയ്ക്കുന്നതിനെതിരെ വിലക്കുകളില്ല. എന്നാൽ നിയമത്തിലെ സെക്ഷൻ 125 പ്രകാരം ഡ്രൈവറുടെ കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ വാഹനത്തിൻ്റെ മുൻവശത്ത് യാതൊന്നും വയ്ക്കാൻ പാടില്ല. അതിനാൽ റിയർ വ്യൂ മിററിൻ്റെ പിന്നിലായി ഡ്രൈവർക്ക് പുറത്തേക്ക് നോക്കാൻ തടസമില്ലാത്ത രീതിയിൽ വേണം ഡാഷ് കാമറ സ്ഥാപിക്കാൻ. ഇന്ത്യയിലെ ഡാഷ് കാമറ വിപണി 2032 ഓടെ മൂന്നിരട്ടിയായി വർധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ ലഭിക്കാനും വ്യാജ അപകട കേസുകളിൽ നിന്ന് രക്ഷപ്പെടാനും ഇത് വളരെ ഉപകാരപ്രദമാണ്. എന്നാൽ സ്വകാര്യതാ പ്രശ്നങ്ങളും ഇവിടെയുണ്ട്. റോഡിലെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്നത് നിയമപരമാണെങ്കിലും അപകടങ്ങളുടെയോ മറ്റോ ദൃശ്യങ്ങൾ ഉൾപ്പെട്ട വ്യക്തികളുടെ മുഖം, വാഹനത്തിൻ്റെ നമ്പർ എന്നിവ മറയ്ക്കാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിലെ ഡിജിറ്റൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമപ്രകാരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത്തരം ദൃശ്യങ്ങൾ പൊലീസിനോ ഇൻഷുറൻസ് കമ്പനിക്കോ നേരിട്ട് കൈമാറുന്നതാണ് ഏറ്റവും സുരക്ഷിതം. കൂടാതെ മിലിട്ടറി ക്യാമ്പുകൾ, ചില സ്വകാര്യ പ്രോപ്പർട്ടികൾ തുടങ്ങിയ അതീവ സുരക്ഷാ മേഖലകളിൽ പ്രവേശിക്കുമ്പോൾ ഡാഷ് കാമറകൾ ഓഫ് ചെയ്യാൻ അവിടുത്തെ അധികൃതർക്ക് ആവശ്യപ്പെടാം.

കോടതിമുറികളിലെ സിസിടിവി ദൃശ്യങ്ങൾ
ഒരു കാമറയിൽ പതിഞ്ഞ ദൃശ്യം വെറുതെ കോടതിയിൽ കൊണ്ടുപോയി കൊടുത്താൽ അത് തെളിവായി അംഗീകരിക്കില്ല. ഇന്ത്യൻ കോടതികളിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് രേഖകൾ തെളിവായി സ്വീകരിക്കുന്നത് കർശനമായ നിയമവ്യവസ്ഥകൾക്ക് വിധേയമായാണ്. ദൃശ്യങ്ങളിൽ എഡിറ്റിങ്ങോ കൃത്രിമമോ നടന്നിട്ടില്ല എന്ന് ഉറപ്പുവരുത്താനാണ് ഈ കർശനമായ നടപടിക്രമങ്ങൾ പാലിക്കുന്നത്. മുൻപ് ഇന്ത്യൻ തെളിവ് നിയമം പ്രകാരമാണ് ഇത് നിയന്ത്രിച്ചിരുന്നതെങ്കിൽ 2024 ജൂലൈ ഒന്ന് മുതൽ പുതിയ ഭാരതീയ സാക്ഷ്യ അധിനിയമം 2023 പ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. ഫഹിം അഹ്സൻ പറയുന്നു.

പഴയ തെളിവ് നിയമത്തിലെ സെക്ഷൻ 65B ക്ക് പകരം പുതിയ നിയമത്തിൽ സെക്ഷൻ 63 ആണ് ഇലക്ട്രോണിക് തെളിവുകൾക്കായി ഉപയോഗിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഒരു പെൻഡ്രൈവിലോ സിഡിയിലോ പകർത്തി കോടതിയിൽ നൽകുമ്പോൾ അതിനൊപ്പം സെക്ഷൻ 63(4) പ്രകാരമുള്ള ഒരു സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകിയിരിക്കണം. പുതിയ നിയമപ്രകാരം ഈ സർട്ടിഫിക്കറ്റിൽ ഉപകരണത്തിൻ്റെ ചുമതലയുള്ള വ്യക്തിയും ഒരു സ്വതന്ത്ര വിദഗ്ധനും ഒപ്പിടേണ്ടതുണ്ടെന്ന് ഫഹിം പറയുന്നു.

ഈ ദൃശ്യങ്ങൾ ഒറിജിനലിൽ നിന്നും പകർത്തിയതാണെന്നും യാതൊരുവിധ എഡിറ്റിങ്ങും വരുത്തിയിട്ടില്ലെന്നും സത്യവാങ്മൂലം നൽകുന്നതാണ് ഈ സർട്ടിഫിക്കറ്റ്. എന്നാൽ ദൃശ്യങ്ങൾ പകർത്തി നൽകുന്നതിന് പകരം റെക്കോഡ് ചെയ്ത ഒറിജിനൽ ഡിവിആർ, എൻവിആർ അല്ലെങ്കിൽ കംപ്യൂട്ടർ തന്നെ കോടതിയിൽ നേരിട്ട് ഹാജരാക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഒറിജിനൽ ഉപകരണത്തെ പ്രൈമറി എവിഡൻസ് ആയി കോടതി കണക്കാക്കുമെന്ന് ഫഹിം അഹ്സൻ ഇടിവി ഭാരതിനോട് പറഞ്ഞു.

തെളിവായി നൽകുന്ന ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത സമയത്ത് സിസിടിവി കാമറയും കംപ്യൂട്ടറും കൃത്യമായി പ്രവർത്തിക്കുന്നവയായിരുന്നു എന്ന് ഉറപ്പാക്കണം. ഡിജിറ്റൽ ഫയലുകളുടെ വിരലടയാളം പോലെയുള്ള ഹാഷ് വാല്യൂ സൈബർ വിദഗ്ധർ പരിശോധിക്കും. ഒരു ചെറിയ എഡിറ്റിങ് നടന്നാൽ പോലും ഈ ഹാഷ് വാല്യൂ മാറും. പ്രതിഭാഗം ദൃശ്യങ്ങളുടെ വിശ്വാസ്യതയെ കോടതിയിൽ ചോദ്യം ചെയ്താൽ കോടതി ആ ദൃശ്യങ്ങൾ സംസ്ഥാനത്തെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയക്കും. ദൃശ്യങ്ങളിൽ മോർഫിങ്, എഡിറ്റിങ് അല്ലെങ്കിൽ മറ്റു കൃത്രിമത്വങ്ങൾ നടന്നിട്ടില്ല എന്ന് ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കോടതി അത് നിർണായക തെളിവായി പരിഗണിക്കൂവെന്നും ഫഹിം ഓർമിപ്പിച്ചു.

കേരള പൊലീസിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഡിജിറ്റൽ ദൃക്‌സാക്ഷികൾ
കേരള പൊലീസിൻ്റെ കുറ്റാന്വേഷണ ചരിത്രത്തിൽ സിസിടിവി കാമറകൾ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. യാതൊരു തുമ്പുമില്ലാതിരുന്ന പല കേസുകളിലും അന്വേഷണത്തിന് കൃത്യമായ ദിശ നൽകിയതും പ്രതികളിലേക്ക് അതിവേഗം എത്താൻ സഹായിച്ചതും സിസിടിവി ദൃശ്യങ്ങളാണ്. വിയർപ്പും രക്തവും ഡിഎൻഎയും ഫൊറൻസിക് വിദഗ്ധർ പരിശോധിക്കുമ്പോൾ ഡിജിറ്റൽ ഇടങ്ങളിലെ കാൽപ്പാടുകളാണ് സിസിടിവികൾ പൊലീസിന് നൽകുന്നത്.

കേരളത്തെ നടുക്കിയ 2022 ലെ ഇലന്തൂർ ഇരട്ട നരബലി കേസിലെ ചുരുളഴിയാൻ പ്രധാന കാരണം ഒരു സിസിടിവി ദൃശ്യമായിരുന്നു. കൊച്ചി കടവന്ത്രയിൽ നിന്നും ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ കാണാതായതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അവർ എറണാകുളത്തെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഷാഫിക്കൊപ്പം പത്മ ഒരു വെളുത്ത സ്കോർപിയോ കാറിൽ കയറി പോകുന്ന ഈ ദൃശ്യമാണ് പൊലീസിന് ലഭിച്ച ആദ്യത്തെ വലിയ തെളിവ്. ഈ കാർ പിന്തുടർന്ന് നഗരത്തിലെ നൂറുകണക്കിന് കാമറകൾ സൈബർ സെല്ലിൻ്റെ സഹായത്തോടെ പരിശോധിച്ച അന്വേഷണമാണ് പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിങ്ങിൻ്റെ വീട്ടിലേക്കും ഞെട്ടിക്കുന്ന നരബലിയിലേക്കും പൊലീസിനെ എത്തിച്ചത്.

2023 ൽ കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയായ അബിഗേലിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് നിർണായകമായത് വഴിനീളെയുള്ള സിസിടിവി ദൃശ്യങ്ങളായിരുന്നു. കുട്ടിയെ കടത്തിക്കൊണ്ടുപോയ വെളുത്ത കാർ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് ട്രാക്ക് ചെയ്തത്. വാഹനത്തിൻ്റെ നിറം, മോഡൽ, ഡിക്കിയിൽ വച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റുകൾ മാറ്റുന്ന ദൃശ്യങ്ങൾ എന്നിവ വച്ച് പ്രതികളെക്കുറിച്ചുള്ള ഏകദേശ രൂപം തയാറാക്കാനും പത്മകുമാറിലേക്കും കുടുംബത്തിലേക്കും എത്താനും ഇത് വലിയ പങ്കുവഹിച്ചു.

2016 ൽ പെരുമ്പാവൂരിൽ കുറുപ്പംപടിയിൽ നിയമവിദ്യാർഥിനിയായ ജിഷ സ്വന്തം വീട്ടിൽ വച്ച് അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ അസം സ്വദേശിയായ പ്രതി അമീറുൽ ഇസ്‌ലാമിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത് സിസിടിവി ദൃശ്യങ്ങളായിരുന്നു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് മഞ്ഞ ഷർട്ട് ധരിച്ച ഒരാൾ ജിഷയുടെ വീടിൻ്റെ പരിസരത്ത് കൂടി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഒരുപാട് പേരിലേക്ക് നീണ്ട അന്വേഷണം ഈ ഒറ്റ ദൃശ്യത്തിലൂടെയാണ് പ്രതിയിലേക്ക് ചുരുക്കാൻ പൊലീസിനായത്.

2018 ൽ പ്രണയവിവാഹത്തിൻ്റെ പേരിൽ കോട്ടയത്ത് ദലിത് ക്രിസ്ത്യൻ യുവാവായ കെവിനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച വാഹനങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കാൻ പൊലീസിനെ സഹായിച്ചത് സിസിടിവി കാമറകളാണ്. കൊലയാളി സംഘം ഉപയോഗിച്ച കാറുകൾ ടോൾ പ്ലാസകളിലും മറ്റ് കടകളുടെ മുൻവശത്തുള്ള കാമറകളിലും പതിഞ്ഞത് ഗൂഢാലോചന തെളിയിക്കാൻ കോടതിയിൽ ശക്തമായ ഡിജിറ്റൽ തെളിവായി മാറി.

2012 ൽ വടകരയിൽ ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ തിരിച്ചറിയാൻ സഹായിച്ചത് സിസിടിവി ദൃശ്യങ്ങളായിരുന്നു. വ്യാജ നമ്പറുള്ള ഈ വാഹനം എവിടെയൊക്കെ സഞ്ചരിച്ചു എന്നും കൃത്യം നടത്തിയ ശേഷം ഏത് വഴിയിലൂടെ രക്ഷപ്പെട്ടു എന്നും കണ്ടെത്താൻ വഴിയിലുണ്ടായിരുന്ന കാമറകൾ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു.

2020 ലെ തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിൽ തിരുവനന്തപുരം വിമാനത്താവളത്തിലെയും സെക്രട്ടേറിയറ്റിന് സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുണ്ടായിരുന്ന സമയത്ത് ഇവർ അതിർത്തി കടന്നത് വലിയ വിവാദമായപ്പോൾ പാലിയേക്കര ടോൾ പ്ലാസയിലെയും വാളയാർ ചെക്ക് പോസ്റ്റിലെയും സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇവർ ബെംഗളൂരുവിലേക്ക് കടന്ന കാര്യം എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചത്.

2023 ൽ ആലുവയിൽ ബിഹാർ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക് ആലം കുട്ടിയെയും കൂട്ടി റെയിൽവേ ഗേറ്റ് കടന്ന് മാർക്കറ്റ് ഭാഗത്തേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഈ ഒറ്റ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.

2022 ലെ തിരുവനന്തപുരം കേശവദാസപുരം മനോരമ വധക്കേസിൽ പ്രായമായ വീട്ടമ്മയായ മനോരമയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ ശേഷം അയൽവാസിയായ ആദം അലി മതിൽ ചാടി പോകുന്നതും പിന്നീട് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുമായ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. തമിഴ്നാട്ടിൽ വച്ച് പ്രതിയെ പിടികൂടാൻ ഇത് സഹായിച്ചു. 2022 ൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെൻ്ററിന് നേരെ പടക്കം എറിഞ്ഞ കേസിൽ പ്രതി ഒരു ഡിയോ സ്കൂട്ടറിൽ വന്നു പോകുന്ന സിസിടിവി ദൃശ്യമാണ് നിർണായകമായത്. പ്രതി ധരിച്ചിരുന്ന ഷൂസ്, ടീഷർട്ട് എന്നിവ ഈ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞാണ് യൂത്ത് കോൺഗ്രസ് നേതാവ് ജിതിനിലേക്ക് അന്വേഷണം എത്തിയത്.

2018 ൽ നടി ലീന മരിയ പോളിൻ്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിലേക്ക് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിർത്ത ശേഷം കടന്നുകളയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. മഹാരാഷ്ട്ര പൊലീസിൻ്റെ കൂടി സഹായത്തോടെ പ്രതികളെ പിടികൂടാൻ ഇത് ഉപകരിച്ചു.

2023 ൽ കൊട്ടാരക്കര ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ക്രൂരത കോടതിക്ക് മുന്നിൽ തെളിയിക്കാനാണ് സിസിടിവി ഉപയോഗിച്ചത്. ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷന് ഏറ്റവും ശക്തമായ ഡിജിറ്റൽ തെളിവായി മാറി. 2017 ൽ നന്തൻകോട് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ ശേഷം കേഡൽ ജീൻസൺ രാജ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് കടക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

2024 സെപ്റ്റംബറിൽ കൊട്ടാരക്കരയിൽ യുവാവിനെ കസ്റ്റഡിയിൽ പൊലീസ് ക്രൂരമായി മർദിച്ചു എന്ന് ആരോപിക്കപ്പെട്ട കേസിൽ പൊലീസ് സ്റ്റേഷനിൽ നടന്ന അതിക്രമങ്ങൾ തെളിയിക്കാൻ അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ തന്നെയായിരുന്നു പ്രധാന ആശ്രയം. 2025 സെപ്റ്റംബറിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

2026 ജനുവരിയിൽ പയ്യന്നൂരിൽ ബസിനുള്ളിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണം ഉയർന്നതോടെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാൻ പൊലീസ് ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. 2025 ഓഗസ്റ്റിൽ തലശ്ശേരിയിൽ ഹോട്ടലിൻ്റെ പാർക്കിങ് ഏരിയയിൽ കൊടി സുനിയും സംഘവും പരസ്യമായി മദ്യപിച്ച കേസിൽ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.

ഈ വർഷം ഫെബ്രുവരിയിൽ തിരുവനന്തപുരം നഗരത്തിൽ കോർപറേഷൻ ജീവനക്കാരെന്ന വ്യാജേനയെത്തി സ്വർണം കവർന്ന കേസിൽ ഫ്ലാറ്റിൻ്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അക്രമികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മണിക്കൂറുകൾക്കകം തമിഴ്നാട്ടിലെ കുഴിത്തുറയിൽ നിന്നും പ്രതികൾ പിടിയിലായി.

ഇവ കൂടാതെ അടുത്തകാലത്ത് നടന്ന പല കേസുകളിലും ഡിജിറ്റൽ കണ്ണുകൾ നിർണായകമായി. കണ്ണൂരിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ അർജുൻ ആയങ്കി ഒളിവിലുണ്ടെന്ന് അപ്പാർട്ട്മെൻ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പുവരുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് ഇക്കഴിഞ്ഞ ആഴ്ചയാണ്.

സ്വകാര്യ ഡിറ്റക്ടീവ് ഏജൻസികൾക്കും സിസിടിവി കാമറകൾ വലിയൊരു അനുഗ്രഹമാണെന്ന് സംസ്ഥാനത്തെ പ്രമുഖ ഡിറ്റക്ടീവ് ആൻഡ് സെക്യൂരിറ്റി ഏജൻസിയായ ഇന്ദ്രപ്രസ്ഥയുടെ ഡയറക്ടർ അനീഷ് ലാൽ എസ്എ ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങളുടെ പല കേസുകളും തെളിയിക്കാൻ സ്ഥാപന ഉടമകളുടെ കൂടി സഹായത്തോടെ സിസിടിവികൾ സഹായകമായിട്ടുണ്ട്. നേരിട്ടുള്ള നിരീക്ഷണത്തിനപ്പുറം കൂടുതൽ തെളിവുകളോടെ പല വസ്തുതകളും തെളിയിക്കാൻ സിസിടിവി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു ഇരുചക്രവാഹന അപകടം തലസ്ഥാനത്ത് നടന്നു. ആദ്യം അതൊരു സാധാരണ അപകടമായിട്ടാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് സംശയം തോന്നുകയും ഒടുവിൽ സിസിടിവിയുടെ സഹായത്തോടെ അതൊരു ആക്രമണമാണെന്ന് തെളിയിക്കാൻ കഴിഞ്ഞതായും അനീഷ് ലാൽ കൂട്ടിച്ചേർത്തു. ഒരു കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി മലേഷ്യയിൽ പോകേണ്ടി വന്നതും അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് ഒരു വാഹനത്തിൻ്റെ പിന്തുടരാൻ സിസിടിവിയുടെ സഹായം വേണ്ടി വന്നതും അനീഷ് ഓർത്തെടുത്തു.

സിസിടിവി പൊലീസിനെ സഹായിച്ച സംഭവവും അനീഷ് ലാൽ ഇടിവി ഭാരതിനോട് പങ്കുവച്ചു. കഴിഞ്ഞ മാസം തിരുവനന്തപുരം വഞ്ചിയൂരിലെ ത്രിവേണി നഴ്സിങ് ഹോമിലെ സെക്യൂരിറ്റി ജീവനക്കാരൻ്റെ മൊബൈൽ ഫോൺ രാത്രി കള്ളൻ കടന്നുകയറി മോഷ്ടിച്ചു. രാത്രി സെക്യൂരിറ്റി ജീവനക്കാരൻ അല്പമൊന്ന് ഉറങ്ങിപ്പോയ സമയത്തായിരുന്നു സംഭവം. ശബ്ദം കേട്ട് ഉണർന്ന സെക്യൂരിറ്റി ജീവനക്കാരൻ കണ്ടത് കള്ളൻ ഓടുന്നതാണ്. പിന്നീടാണ് അറിയുന്നത് മൊബൈൽ മോഷണം പോയത്. ഉടനെ തന്നെ വഞ്ചിയൂർ പൊലീസിൽ വിവരം അറിയിക്കുകയും അടുത്ത ദിവസം വൈകിട്ടോടെ മോഷ്ടാവിനെ വലയിലാക്കുകയും ചെയ്തു.

ദൈനംദിന ജീവിതത്തിലെ ചെറിയ കേസുകളും സിസിടിവിയും
കേരളത്തിൽ ഓരോ ദിവസവും നടക്കുന്ന ചെറുതും വലുതുമായ മോഷണങ്ങൾ, വാഹനാപകടങ്ങൾ, അടിപിടികൾ തുടങ്ങി ആയിരക്കണക്കിന് കേസുകളിൽ പൊലീസിന് ഇന്ന് പ്രധാന ആശ്രയം സിസിടിവി ദൃശ്യങ്ങളാണ്. ബൈക്കിലെത്തി കാൽനടയാത്രക്കാരുടെ മാല പൊട്ടിക്കുന്ന കേസുകളിൽ സിസിടിവിയിലൂടെ വണ്ടിയുടെ നമ്പറും പ്രതികളുടെ രൂപവും പൊലീസ് കണ്ടെത്തുന്നുണ്ട്.

സൂപ്പർ മാർക്കറ്റുകൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാധനങ്ങൾ മോഷ്ടിക്കുന്നവരെ പിടികൂടാൻ കടയ്ക്കുള്ളിലെ കാമറകൾ സഹായിക്കുന്നു. വീടുകളുടെ മുറ്റത്ത് നിന്നുള്ള വാഹന മോഷണം, ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ഭണ്ഡാരം മോഷണം എന്നിവയിലും പ്രതികളെ തിരിച്ചറിയാൻ സിസിടിവികൾ സഹായിക്കുന്നു.

ഇത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ രാജകുമാരി ഗോൾഡ് ആൻഡ് ഡൈമണ്ട്സിൻ്റെ ഡയറക്ടർ എംഎസ്കെ തങ്ങൾ. ആറ്റിങ്ങൽ ജ്വല്ലറിയിൽ കഴിഞ്ഞ വർഷം ഏറെ തിരക്കുള്ള ദിവസം രാത്രി ഷോപ്പ് അടയ്ക്കവേ കണക്കെടുപ്പിൽ ഒരു മോതിരത്തിൻ്റെ കുറവ് വന്നു. ശേഷം സിസിടിവി പരിശോധിച്ചപ്പോൾ ഒരാൾ മോതിരം കൈക്കലാക്കുന്നത് കണ്ടെത്തി. തുടർന്ന് മോഷ്ടാവിനെ തിരിച്ചറിയുകയും മോതിരം വീണ്ടെടുക്കുകയും ചെയ്തതായി എംഎസ്കെ തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇതിനു സമാനമായ അനുഭവമാണ് തിരുവനന്തപുരം അമ്പലത്തറയിലെ വീട്ടമ്മയായ രമ വേണുഗോപാൽ പങ്കുവച്ചത്. രമയുടെ മടത്തറയുള്ള കുടുംബ വീട്ടിൽ നിന്നും റബർ ഷീറ്റുകൾ മോഷണം പോകുന്നത് പതിവായിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ പല ദിവസങ്ങളും ഉറക്കമൊഴിച്ച് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ 20,000 രൂപയിലധികം ചെലവാക്കി രമയുടെ വീട്ടുകാർ സിസിടിവി സ്ഥാപിച്ചു. അതോടെ മോഷ്ടാവ് കുടുങ്ങി. റബർ ഷീറ്റുകൾ കടത്തിയിരുന്നത് കുടുംബത്തിലെ അകന്ന ബന്ധത്തിൽപ്പെട്ട ആളായതിനാൽ പൊലീസിൽ എത്തിക്കാതെ അതുവരെ മോഷ്ടിച്ച റബർ ഷീറ്റുകളുടെ വിലയും സിസിടിവി വയ്ക്കാൻ വേണ്ടിവന്ന തുകയും ‘കുടുംബ കള്ളനിൽ’ നിന്നും ഈടാക്കിയാണ് പ്രശ്നം പരിഹരിച്ചതെന്ന് രമ ഇടിവി ഭാരതിനോട് പറഞ്ഞു.

അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുന്ന കേസുകളിൽ ജംക്ഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് വാഹനങ്ങളെ പിടികൂടുന്നു. 2019 ൽ മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൻ്റെ അമിതവേഗത തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളത്തിലുടനീളം സ്ഥാപിച്ച എഐ കാമറകൾ പ്രതിദിനം ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി 726 കാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. 2024-2025 സാമ്പത്തിക വർഷത്തിൽ 273 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. എന്നാൽ 2026 ഓഗസ്റ്റിൽ കെൽട്രോണിനുള്ള കുടിശിക നൽകാത്തത് തിരുവനന്തപുരത്തെ എഐ കാമറകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പൊതുസ്ഥലത്തെ അടിപിടികൾ, രാത്രി കാലങ്ങളിൽ റോഡരികിലും പുഴകളിലും മാലിന്യം തള്ളൽ, വളർത്തുമൃഗങ്ങളോടുള്ള ക്രൂരത എന്നിവയിലൊക്കെ പൊലീസിനും അധികാരികൾക്കും നടപടിയെടുക്കാൻ സിസിടിവികൾ തെളിവ് നൽകുന്നു. വ്യാജ പരാതികൾ കണ്ടെത്താനും പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ പരിശോധിക്കാനും സിസിടിവികൾ ഉപകരിക്കുന്നു.

സുരക്ഷയും സ്വകാര്യതയും – ഭരണഘടനാപരമായ അവകാശങ്ങൾ
സിസിടിവി കാമറകൾ കുറ്റകൃത്യങ്ങൾ തടയാൻ അത്യാവശ്യമാണെങ്കിലും ഒരു വ്യക്തിയുടെ സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുമ്പോൾ ഇന്ത്യയുടെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ കേസിനെ കുറിച്ചും പരാമർശിക്കണമെന്ന് അഡ്വ. ഫഹിം അഹ്‌സൻ പറഞ്ഞു. സുപ്രീം കോടതിയുടെ 2017 ലെ സ്വകാര്യത മൗലികാവകാശമാണെന്ന വിധി. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയായ കെ.എസ് പുട്ടസ്വാമി ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ച ആധാർ കേസിലാണ് ഈ ചരിത്രപരമായ വിധി വന്നത്. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു പ്രധാന വാദം.

2017 ഓഗസ്റ്റ് 24 ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിൻ്റെ നേതൃത്വത്തിലുള്ള ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്ഠ്യേന ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമായ മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചു. ഈ വിധി വ്യക്തിവിവര സംരക്ഷണ നിയമങ്ങൾക്കും അടിത്തറയായി മാറിയെന്നും ഫഹിം അഹ്സൻ വ്യക്തമാക്കി. സിസിടിവികൾ ഉപയോഗിക്കുമ്പോഴും ഈ മൗലികാവകാശത്തെ നാം മാനിക്കണം. ഒരാളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.

അയൽവാസി തങ്ങളുടെ വീടിൻ്റെ അതിർത്തിയിൽ സ്ഥാപിച്ച സിസിടിവി കാമറകൾ തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നു എന്ന് ആരോപിച്ച് ഒരാൾ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി നിർണായക വിധി പ്രസ്താവിച്ചിരുന്നു. 2025 നവംബറിൽ ജസ്റ്റിസ് എൻ. നഗരേഷ് ആണ് ശിവശങ്കരൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിൽ വിധി പറഞ്ഞത്. അഡ്വ. വി.എം കൃഷ്ണകുമാർ, അഡ്വ. പി.ആർ റീന എന്നിവർ ഹർജിക്കാർക്ക് വേണ്ടിയും അഡ്വ. എസ്.കെ സാജു എതിർഭാഗത്തിന് വേണ്ടിയും ഹാജരായി.

സുരക്ഷ ഒരു അവകാശമാണെന്നും വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തം വീട്ടുപരിസരത്ത് സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് നിയമപരമാണെന്നും കോടതി വ്യക്തമാക്കി. കാമറകൾ മനഃപൂർവം അയൽവാസിയുടെ വീടിനുള്ളിലേക്കോ സ്വകാര്യ ഇടങ്ങളിലേക്കോ തിരിഞ്ഞുവച്ച് അവരെ രഹസ്യമായി നിരീക്ഷിക്കുന്നു എന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടണം. കേവലം സംശയത്തിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളിക്കളഞ്ഞു.

ഇതിന് മുൻപ് 2023 ജനുവരിയിൽ ആഗ്നസ് മൈക്കിൾ വേഴ്സസ് ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് കേസിൽ ജസ്റ്റിസ് വി.ജി അരുൺ സുപ്രധാനമായ ഒരു നിരീക്ഷണം നടത്തിയിരുന്നു. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിൻ്റെ മറവിൽ അയൽവാസികളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒളിഞ്ഞുനോക്കാൻ വ്യക്തികളെ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യക്തികൾ വീടുകളിലും മറ്റും സിസിടിവി കാമറകൾ സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട രീതികളെക്കുറിച്ച് കൃത്യമായ മാർഗരേഖകൾ പുറത്തിറക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകി. നിലവിൽ ഇത്തരം പരാതികളിൽ പൊലീസ് നേരിട്ടെത്തി സിസിടിവിയുടെ ദിശയും ദൃശ്യപരിധിയും പരിശോധിക്കുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അയൽവാസിയുടെ കിടപ്പുമുറി, കുളിമുറി തുടങ്ങിയ സ്വകാര്യ ഇടങ്ങളിലേക്ക് മനഃപൂർവം കാമറ തിരിഞ്ഞുവച്ചതായി കണ്ടെത്തിയാൽ ഐടി ആക്ട് സെക്ഷൻ 66E പ്രകാരം സ്വകാര്യതാ ലംഘനത്തിന് കേസെടുക്കാൻ പൊലീസിന് അധികാരമുണ്ട്.

വീടുകൾക്കുള്ളിലെ സിസിടിവി കാമറകളും സ്വകാര്യതയും സംബന്ധിച്ച് 2025 ൽ കൽക്കട്ട ഹൈക്കോടതിയിൽ വന്നതും പിന്നീട് സുപ്രീം കോടതി ശരിവച്ചതുമായ മറ്റൊരു കേസുകൂടിയുണ്ട്. ശുവേന്ദ്ര മല്ലിക് വേഴ്സസ് ഇന്ദ്രനിൽ മല്ലിക് കേസിൽ 2025 ഫെബ്രുവരി 11 ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ, ജസ്റ്റിസ് ഉദയ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചു.

കൊൽക്കത്തയിലെ മല്ലിക് ഭവൻ എന്ന തറവാട് വീട്ടിൽ ഒരുമിച്ച് താമസിക്കുന്ന രണ്ട് സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് കേസിന് ആധാരം. സുരക്ഷ ഉറപ്പാക്കാൻ എന്ന പേരിൽ ഇന്ദ്രനിൽ മല്ലിക് വീട്ടിൽ ആകെ ഒൻപത് സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇതിൽ അഞ്ച് കാമറകൾ സഹോദരനായ ശുവേന്ദ്ര മല്ലിക്കും മകനും ഉപയോഗിക്കുന്ന മുറികൾക്കും ഇടനാഴികൾക്കും ഉള്ളിലായിരുന്നു. ഒരുമിച്ച് താമസിക്കുന്ന ഒരു വീട്ടിൽ മറ്റ് താമസക്കാരുടെ അനുമതിയില്ലാതെ വീടിനുള്ളിലെ താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് അവരുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2025 മെയ് ഒൻപതിന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഈ വിധി പൂർണമായും ശരിവച്ചു.

സിസിടിവി ഉപയോഗവും വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ നിയമചരിത്രത്തിൽ സുപ്രധാനമായ വേറെയും ചില കോടതി വിധികളുണ്ട്. സ്പാകളിലും മസാജ് സെൻ്ററുകളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാരോപിച്ച് നിർബന്ധമായും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് തമിഴ്നാട് പൊലീസ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സ്പാ ഉടമകൾ നൽകിയ ഹർജിയിൽ 2021 ൽ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ ഈ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഒരു വ്യക്തി സ്പായിലോ മസാജ് സെൻ്ററിലോ തെറാപ്പികൾക്കായി പോകുമ്പോൾ അവരുടെ ശരീരത്തിന് മേലുള്ള പൂർണമായ സ്വകാര്യത അവർ അർഹിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ 2020 ഡിസംബർ രണ്ടിന് പരംവീർ സിങ് സൈനി വേഴ്സസ് ബൽജിത് സിങ് കേസിൽ സുപ്രീം കോടതി ചരിത്രപരമായ മറ്റൊരു വിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് ആർ.എഫ് നരിമാൻ, ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളുടെ ഓഫിസുകളിലും നിർബന്ധമായും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന് ഉത്തരവിട്ടു. കസ്റ്റഡി മരണങ്ങളും പൊലീസ് മർദനങ്ങളും തടയുന്നതിൻ്റെ ഭാഗമായാണിത്.

സ്റ്റേഷൻ്റെ പ്രവേശന കവാടം, ലോക്കപ്പുകൾ, ചോദ്യം ചെയ്യൽ മുറികൾ തുടങ്ങി ഒരു ഭാഗവും ഒഴിവാക്കാതെ കാമറകൾ സ്ഥാപിക്കണം. ദൃശ്യങ്ങൾക്കൊപ്പം ശബ്ദവും റെക്കോഡ് ചെയ്യാൻ കഴിയുന്ന കാമറകൾ ആയിരിക്കണം. ഈ ദൃശ്യങ്ങൾ ചുരുങ്ങിയത് 18 മാസമെങ്കിലും സുരക്ഷിതമായി സൂക്ഷിച്ചുവയ്ക്കാനുള്ള ഡേറ്റ സ്റ്റോറേജ് സംവിധാനം ഉണ്ടായിരിക്കണം. സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ എല്ലാ ഏജൻസികൾക്കും ഇത് ബാധകമാണ്. 2026 ഏപ്രിലിൽ ഈ കേസ് വീണ്ടും പരിഗണിച്ച സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി നിരീക്ഷണത്തിൽ കേരള മോഡൽ രാജ്യത്തിന് മാതൃകയാണെന്ന് പ്രശംസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here