മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനിലയിൽ

0
6

എറണാകുളം: ജില്ലയിൽ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയെത്തുടർന്ന് മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനില കടന്നു. നദികളിലെ ഒഴുക്ക് ശക്തമായ സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

മഴ കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവാറ്റുപുഴ താലൂക്കിൽ നാലും കോതമംഗലം താലൂക്കിൽ രണ്ടും കുന്നത്തുനാട് താലൂക്കിൽ ഒന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

വിവിധ ക്യാമ്പുകളിലായി 34 കുടുംബങ്ങളിൽ നിന്നുള്ള 102 പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. ജൂലൈ 30 മുതൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്. ഒരു വീട് പൂർണമായും തകരുകയും അഞ്ചു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആലുവ താലൂക്കിലെ ഒരു കടമുറിക്കും ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില കടന്നു 

നദികളിലെ ജലനിരപ്പ്
മൂവാറ്റുപുഴയാറിൽ നിലവിലെ ജലനിരപ്പ് 12.22 മീറ്ററിലെത്തി നിൽക്കുകയാണ്. 10.92 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പ്. 11.93 മീറ്ററായ അപകടനില മറികടന്നാണ് വെള്ളം ഉയരുന്നത്. തൊടുപുഴയാറിൽ ജലനിരപ്പ് 12.14 മീറ്ററായി ഉയർന്നു. ഇവിടെ മുന്നറിയിപ്പ് നിരപ്പ് 10.78 മീറ്ററും അപകടനില 11.79 മീറ്ററുമാണ്. അപകടനിലയ്ക്ക് മുകളിലേക്ക് ജലനിരപ്പ് ഉയർന്നതിനാൽ ഇരു നദികളുടെയും തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. കാളിയാറിൽ നിലവിലെ ജലനിരപ്പ് 12.51 മീറ്ററാണ്.

13.10 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പെങ്കിലും ജലനിരപ്പ് തുടർന്നും ഉയരുന്ന സാഹചര്യമാണുള്ളത്. 14.1 മീറ്ററാണ് കാളിയാറിലെ അപകടനില. അതേസമയം പെരിയാറിലെ എല്ലാ പോയിൻ്റുകളിലും ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് താഴെയാണെന്നത് ആശ്വാസകരമാണ്. മാർത്താണ്ഡവർമ പോയിൻ്റിൽ ജലനിരപ്പ് 2.48 മീറ്ററാണ്. ഇവിടെ മുന്നറിയിപ്പ് നിരപ്പ് 3.190 മീറ്ററും അപകടനില 4.450 മീറ്ററുമാണ്. കാലടി പോയിൻ്റിൽ ജലനിരപ്പ് 5.37 മീറ്ററാണ്. ഇവിടെ 6.920 മീറ്ററാണ് മുന്നറിയിപ്പ് നിരപ്പ്, അപകടനില 8.720 മീറ്ററുമാണ്.

ക്യാമ്പുകളിലെ വിവരങ്ങൾ
മൂവാറ്റുപുഴ താലൂക്കിലെ എൻഎസ്എസ് കരയോഗം ഹാളിൽ എട്ടു കുടുംബങ്ങളിലെ എട്ടു പുരുഷന്മാരും ഒൻപതു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെ 19 പേർ കഴിയുന്നുണ്ട്. രണ്ടാർ എസ്എബിടിഎം സ്കൂളിൽ ഒരു കുടുംബത്തിലെ രണ്ടു പുരുഷൻമാരും രണ്ടു സ്ത്രീകളും അടക്കം നാലു പേരുണ്ട്. ജെബിഎസ് സ്കൂളിൽ അഞ്ചു കുടുംബങ്ങളിലെ ആറു പുരുഷന്മാരും 11 സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടെ 21 പേരും, ടൗൺ യുപി സ്കൂളിൽ 10 കുടുംബങ്ങളിലെ 10 പുരുഷന്മാരും 10 സ്ത്രീകളും അഞ്ചു കുട്ടികളും അടക്കം 25 പേരും അഭയം തേടിയിട്ടുണ്ട്.

കോതമംഗലം താലൂക്കിലെ നേരിമംഗലം ഗവ. ഹൈസ്കൂൾ ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ 11 പേരും, നീണ്ടപാറ ഗവ. എൽപിഎസിൽ നാലു കുടുംബങ്ങളിലെ നാലു പുരുഷന്മാരും എട്ടു സ്ത്രീകളും അടക്കം 12 പേരും താമസിക്കുന്നു. കുന്നത്തുനാട് താലൂക്കിൽ മഴുവന്നൂർ എംടിഎൽപിഎസിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ അഞ്ചു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നദികളുടെ തീരത്തുള്ളവർ പുഴയിൽ ഇറങ്ങുന്നതിനോ മീൻപിടിക്കുന്നതിനോ മുതിരരുതെന്നും അധികൃതരുടെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here