ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി തുടർച്ചയായി തടസപ്പെട്ട പാർലമെന്റ് നടപടികൾക്ക് ശേഷം പൊതുപരീക്ഷ ഭേദഗതി ബില്ലിൽ ഇന്ന് ചർച്ച. പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നത് ലക്ഷ്മിട്ടുള്ള ബിൽ ലോക്‌സഭയിൽ ചർച്ചയ്‌ക്കെടുക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കഴിഞ്ഞ ദിവസം ധാരണയായിരുന്നു.
ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ഇരുസഭകളും പല തവണ പിരിഞ്ഞു. എന്നാൽ, സ്പീക്കർ ഓം ബിർളയുടെയും ഗവൺമെന്റ് ഫ്ലോർ മാനേജർമാരുടെയും നേതൃത്വത്തിൽ തിരശ്ശീലയ്ക്ക് പിന്നിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ സമവായമുണ്ടായത്.
ബില്ലിൽ ചർച്ച വേണമെന്ന് സ്പീക്കർ സഭയിൽ നിരന്തരം അഭ്യർത്ഥിച്ചിരുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയുള്ള മൂന്ന് മണിക്കൂർ സഭ നിർത്തിവെച്ച സമയത്താണ് വിവിധ പാർട്ടി നേതാക്കളെ അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഗവൺമെന്റ് ഫ്ലോർ മാനേജർമാരും പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ബിൽ ചൊവ്വാഴ്ച പരിഗണിക്കാമെന്നും, സർക്കാരിന്റെ മറുപടിക്ക് മുൻപ് അംഗങ്ങൾക്ക് ഭേദഗതികൾ അവതരിപ്പിക്കാമെന്നും ഇരുവിഭാഗവും തിങ്കളാഴ്ച വൈകുന്നേരത്തോടെ സമ്മതിച്ചു. സഭയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ ചർച്ചകൾ നടന്നുവെന്നും ചൊവ്വാഴ്ച ബില്ലിൽ സംവാദം നടത്താൻ പാർട്ടി സമ്മതിച്ചതായും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും സഭാ നടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടു.
പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടി, രാമക്ഷേത്ര സംഭാവന വിവാദം എന്നീ രണ്ട് വിഷയങ്ങളിൽ പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇരുസഭകളും സമ്മേളിക്കുന്നതിന് മുൻപ് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മറ്റ് ‘ഇന്ത്യ’ മുന്നണി പാർട്ടി എം.പിമാർ എന്നിവർ ധർണയിൽ പങ്കെടുത്തു.
ലോക്‌സഭയിൽ, ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷ എം.പിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾക്കിടയിൽ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉച്ചയ്ക്ക് 12 മണിക്ക് പൊതുപരീക്ഷ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു.
ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ സ്പീക്കർ വീണ്ടും സമവായത്തിന് അഭ്യർത്ഥിച്ചു. അംഗങ്ങൾ 91 ഭേദഗതികൾ സമർപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ചർച്ചയ്ക്കായി ആറ് മണിക്കൂർ മാറ്റിവെച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ സമയം അനുവദിക്കാമെന്നും പറഞ്ഞു. തുടർന്ന് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള ചർച്ചകൾക്കായി സഭ വൈകുന്നേരം 5 മണി വരെ നിർത്തിവെച്ചു.
5 മണിക്ക് സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. നീറ്റ് വിവാദത്തിന് ശേഷം തങ്ങൾ തന്നെ ആവശ്യപ്പെട്ട നിയമനിർമ്മാണത്തിൽ ചർച്ച തടസ്സപ്പെടുത്താൻ കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചു. തുടർന്ന് അന്നത്തെ ദിവസത്തേക്ക് ലോക്സഭ നിർത്തിവെച്ചു.
രാജ്യസഭയിലും സമാനമായ രംഗങ്ങളാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടതോടെ ദിവസം മുഴുവൻ സഭ തടസ്സപ്പെടാൻ കാരണമായി.
പൊതുപരീക്ഷ ഭേദഗതി ബിൽ, 2026, 2024-ലെ നിയമത്തെയാണ് ഭേദഗതി ചെയ്യുന്നത്. 2024-ലെ നിയമത്തിലെ മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തടവ് ശിക്ഷ 10 വർഷം വരെയായി ഉയർത്താനും, പിഴ തുക 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപ വരെയാക്കാനും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. കുറ്റം സംഘടിതമാണെന്ന് കണ്ടെത്തിയാൽ, കുറഞ്ഞത് ഏഴ് വർഷത്തെ തടവും 10 കോടി രൂപ വരെ പിഴയും ബില്ലിൽ ശുപാർശ ചെയ്യുന്നു.
ചോദ്യപേപ്പർ ചോർച്ച കേസുകളിലെ അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയപരിധിയും ബിൽ നിർദ്ദേശിക്കുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബിൽ അധികാരം നൽകും.
ചില കേസ് അന്വേഷണങ്ങൾക്ക് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടാകും. ഞായറാഴ്ച, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കരണങ്ങൾക്കായി ഒരു ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.






