വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്നും, സോനം വാങ്ചുക് ഭക്ഷണം കഴിക്കണമെന്നും ബോളിവുഡ് നടൻ സൽമാൻ ഖാൻ.

0
26
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത സാഹചര്യത്തിൽ ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്നും, നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക് വ്രതം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കണമെന്നും ബോളിവുഡ് നടൻ സൽമാൻ ഖാൻ. സമൂഹമാധ്യമമായ എക്സില് പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് നടൻ്റെ ആഹ്വാനം.
“വിദ്യാഭ്യാസപരമായും സുരക്ഷാപരമായും വിദ്യാർത്ഥികൾക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. അതിനാൽ അവരോ അവരുടെ മാതാപിതാക്കളോ ഇതിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ടതില്ല. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്, ഈ ചോർച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ അദ്ദേഹം കർശന നടപടിയെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് വിദ്യാർത്ഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്കും വീടുകളിലേക്കും മടങ്ങുക.
സോനം, അത് കഴിഞ്ഞു ബ്രോ. ഇത് ഇനിയും നീട്ടിക്കൊണ്ടുപോകരുത്. ആവശ്യമെങ്കിൽ മറ്റൊരു ദിവസത്തേക്ക് ഈ ആവേശം കാത്തുസൂക്ഷിക്കുക, പക്ഷേ അതിന് വീണ്ടും ഒരു ആവശ്യമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല, പോയി എന്തെങ്കിലും കഴിക്കൂ. നിനക്ക് വേണമെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തുവിടാം” എന്നാണ് സൽമാൻ്റെ പോസ്റ്റ്.
ഡൽഹിയിൽ ശക്തമാകുന്ന പ്രക്ഷോഭം നേരിടാൻ പോലീസിന് സർക്കാർ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കരുതൽ തടങ്കലിനുള്ള അധികാരം നൽകിയ സാഹചര്യത്തിലാണ് സൽമാൻ ഖാന്റെ ഉപദേശം. വിദ്യാർത്ഥികളുടെ സമരത്തിന് അനുകൂലമായും അവരെ കായികമായി നേരിടുന്ന പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയും ബോളിവുഡിലെ അഭിനേതാക്കൾ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്നും, അദ്ദേഹം രാജി വെച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുമെന്നും സിജെപി അധ്യക്ഷൻ അഭിജിത്ത് ദിപ്കെ മുന്നറിയിപ്പ് നൽകിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here