ഗുവഹത്തി: അസമിൽ പ്രളയസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേർ മരിച്ചതോടെ ഈ വർഷത്തെ ആകെ മരണം 31 ആയി. 16 ജില്ലകളിലായി അഞ്ചര ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.
അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (എഎസ്ഡിഎംഎ) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചരായിദിയോയിൽ അഞ്ചും ഗോലാഘട്ടിൽ രണ്ടും ജോർഹട്ടിൽ ഒരാളും മരിച്ചു. തിങ്കളാഴ്ച 15 ജില്ലകളിലായി മൂന്നര ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരുന്നതെങ്കിൽ, ചൊവ്വാഴ്ചയോടെ ഇത് 16 ജില്ലകളിലായി 5,64,600 ആയി ഉയർന്നു.
ഗോലാഘട്ട്, കാംരൂപ്, ഹോജായ്, ദിബ്രുഗഡ്, ബിശ്വനാഥ്, ധേമാജി, സോണിത്പൂർ, ഉദൽഗുരി, നാഗോൺ, ചരായിദിയോ, കാംരൂപ് മെട്രോ, ജോർഹട്ട്, ടിൻസുകിയ, കർബി ആംഗ്ലോങ്, ലഖിംപൂർ, ശിവസാഗർ എന്നീ ജില്ലകളിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. 44 റവന്യു സർക്കിളുകളിലായി 872 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ശിവസാഗറിൽ 3,59,535 പേരെയും ജോർഹട്ടിൽ 87,662 പേരെയും ചരായിദിയോയിൽ 72,646 പേരെയുമാണ് ദുരന്തം നേരിട്ട് ബാധിച്ചത്.
പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ടൗൺ, നംഗ്ലാമുരഘട്ട് എന്നിവിടങ്ങളിൽ ദിഖോ, ദിസാങ് നദികൾ അപകടനിലയ്ക്ക് മുകളിലാണ്. നെമാട്ടിഘട്ടിൽ ബ്രഹ്മപുത്രയും ഖോവാങ്ങിൽ ബുർഹിദിഹിങ്ങും ഗോലാഘട്ട്, നുമലിഗഡ് എന്നിവിടങ്ങളിൽ ധൻസിരി നദിയും അപകടനില പിന്നിട്ടു. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ 71 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,284 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം 202 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
മലയോര മേഖലകളിലുണ്ടായ മേഘവിസ്ഫോടനമാണ് പെട്ടെന്നുള്ള പ്രളയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ദുരിതബാധിത പ്രദേശങ്ങളായ ചരായിദിയോ, നസീറ, ശിവസാഗർ, സോനാരി, ജോർഹട്ട്, ടിയോക്ക് എന്നിവിടങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ബുധനാഴ്ച സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനിടെ, വാർത്താവിനിമയ ബന്ധം തടസ്സപ്പെടാതിരിക്കാൻ ടെലികോം വകുപ്പ് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ശിവസാഗർ, ചരായിദിയോ, ജോർഹട്ട് എന്നിവിടങ്ങളിൽ ജൂലൈ 24 വരെ ഇൻട്രാ സർക്കിൾ റോമിങ് (ഐസിആർ) സൗകര്യം ലഭ്യമാക്കും. സ്വന്തം നെറ്റ്‌വർക്ക് ലഭ്യമല്ലെങ്കിലും മറ്റ് ഏത് ടെലികോം ഓപ്പറേറ്റർ വഴിയും സേവനങ്ങൾ ഉപയോഗിക്കാൻ ഇത് സഹായിക്കും.
ഗതാഗതം താറുമാറായി
റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശിവസാഗർ ജില്ലയിലെ സിമലുഗുരി ടൗണിലും പരിസരത്തും വെള്ളപ്പൊക്കം രൂക്ഷമായതിനാൽ സിമലുഗുരി-നാംതിയാലി, സിമലുഗുരി-സെലെൻഘട്ട് സെക്ഷനുകളിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചതായി നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (എൻഎഫ്ആർ) ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ കപിഞ്ജൽ കിഷോർ ശർമ അറിയിച്ചു. പല ട്രെയിനുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി വെള്ളിയാഴ്ച വരെ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. മരിയാനിക്കും ഗുവഹത്തിക്കും ഇടയിലുള്ള ചില എക്സ്പ്രസ് ട്രെയിനുകൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.







