ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കാന്‍ ശ്രമിച്ച ബൊറൂസിയ ഡോര്‍ട്മുണ്ട് താരം സാഞ്ചോ ഈ വര്‍ഷം കൂടി ടീമില്‍ തുടരുമെന്ന് ഡോര്‍ട്മുണ്ട് ക്യാപ്റ്റന്‍ മാര്‍ക്കോ റൂയിസ്. സാഞ്ചോ ഡോര്‍ട്മുണ്ടിന്റെ പ്രധാന താരമാണെന്നും റൊണാള്‍ഡോയുടെ ഉയരത്തിലേക്ക് താരം എത്തുമോ എന്നത് കാത്തിരുന്ന് കാണാമെന്നും റൂയിസ് പറഞ്ഞു. ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നത് മുതല്‍ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിച്ചിരുന്നെങ്കിലും ഡോര്‍ട്മുണ്ടുമായി ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നില്ല.
സാഞ്ചോയുടെ വില കുറക്കാന്‍ ഡോര്‍ട്മുണ്ട് തയ്യാറാവത്തോടെ ട്രാന്‍സ്ഫറില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്‍വാങ്ങിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.താരത്തിന് വേണ്ടി 120 മില്യണ്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് ആവശ്യപ്പെട്ടെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 93 മില്യണ്‍ മാത്രമേ നല്കു എന്നതില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതോടെ ഒക്ടോബര്‍ 5ന് അടക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോക്ക് മുന്‍പേ സാഞ്ചോയെ ടീമിലെത്തിക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടിയാണ് ഇത്. നിലവില്‍ ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അയാക്സില്‍ നിന്ന് വാന്‍ ബീകിനെ മാത്രമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.