കീമോതെറാപ്പി പാർശ്വഫലങ്ങൾ ഇനി അലട്ടില്ല; പ്രതിവിധിയായി ‘പപ്പായ ഇല’ യുണ്ട്

0
2

മാനതകളില്ലാത്ത വേദനകൾ അനുഭവിക്കുന്നവരാണ് അർബുദ രോഗികൾ. അർബുദ ചികിത്സയായ കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളായി നിരവധി രോഗികൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുക, മുടി കൊഴിച്ചിൽ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ ഇവയ്‌ക്കെല്ലാം ഒരു പരിഹാരമായി മാറുകയാണ് പപ്പായയുടെ ഇലകൾ.

മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെൻ്ററിലെ ജിഐ മെഡിക്കൽ ഓങ്കോളജിയിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ അർബുദത്തിൻ്റെ മൂന്നാം ഘട്ടത്തിൽ പപ്പായ ഇല സത്ത് വേഗത്തിൽ സുഖം പ്രാപിക്കാൻ രോഗികളെ സഹായിക്കുന്നതായി കണ്ടെത്തി. അർബുദത്തിൻ്റെ ഒരു അനുബന്ധ ചികിത്സയായി ഇത് ഫലപ്രദമാണെന്നും അവർ കണ്ടെത്തി. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജി (ASCO) ജേണലായ ജെസിഒ ഗ്ലോബൽ ഓങ്കോളജിയിൽ അടുത്തിടെ ഈ പഠന ഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

കീമോതെറാപ്പി പാർശ്വഫലങ്ങൾ

അർബുദ കോശങ്ങളെ നശിപ്പിച്ച് ട്യൂമർ വളർച്ചയെ തടയുകയാണ് കീമോതെറാപ്പിയുടെ ലക്ഷ്യെങ്കിലും ഇത് അസ്ഥിമജ്ജയുടെ പ്രവർത്തനത്തിന് താത്ക്കാ‌ലിക തടസം സൃഷ്‌ടിക്കുന്നു. കൂടാതെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നു, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ കോശങ്ങളിലൂടെയുള്ള രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നിവയെല്ലാം ഇതിൻ്റെ ദോഷ ഫലങ്ങളാണ്.

ഇത്തരം സാഹചര്യങ്ങളിൽ, ഡോക്‌ടർമാർ പലപ്പോഴും കീമോതെറാപ്പി സെഷനുകൾ മാറ്റിവയ്ക്കാനും മരുന്നുകളുടെ അളവ് കുറയ്ക്കാനും നിർബന്ധിതരാവുന്നു. ഇത്തരം തടസങ്ങൾ കീമോതെറാപ്പി ഒപ്റ്റിമൽ ഫലങ്ങൾ നേടുന്നതിൽ നിന്ന് രോഗികളെ തടയുകയും ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന അർബുദ രോഗികൾക്ക് കൂടുതൽ ദുരിതം സൃഷ്‌ടിക്കുകയും ചെയ്യുന്നു.

ചെലവേറിയ ചികിത്സ ദരിദ്രരും സാധാരണക്കാരുമായ രോഗികൾക്ക് കനത്ത സാമ്പത്തിക ബാധ്യതത വരുത്തി വയ്‌ക്കുന്നു. ഇത്തരം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ടാറ്റ മെമ്മോറിയൽ സെൻ്ററിലെ ഗവേഷകർ അർബദ ചികിത്സയ്‌ക്കായി സുലഭമായി ലഭിക്കുന്ന പപ്പായ ഇലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പഠന വിശദാംശങ്ങൾ…

കീമോതെറാപ്പിക്ക് വിധേയമാകുമ്പോൾ പ്ലേറ്റ്‌ലെറ്റ് കൗണ്ട് (ത്രോംബോസൈറ്റോപീനിയ) കുറഞ്ഞ 219 കാൻസർ രോഗികളെ പഠനത്തിനായി തെരഞ്ഞെടുത്തു. സാധാരണ ചികിത്സയ്‌ക്കൊപ്പം, ചില രോഗികൾക്ക് പപ്പായ ഇല സത്തും മറ്റുള്ള രോഗികൾക്ക് പ്ലാസിബോയും നൽകി.

പപ്പായ ഇല സത്ത് കുടിച്ച രോഗികളുടെ പ്ലേറ്റ്‌ലെറ്റ് എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർധനവുണ്ടായതായി കണ്ടെത്തി. തൽഫലമായി, കീമോതെറാപ്പി മാറ്റിവയ്ക്കുകയോ മരുന്നുകളുടെ അളവ് കുറയ്ക്കുകയോ ചെയ്യേണ്ടി വന്നില്ല. പ്രതികൂല പാർശ്വഫലങ്ങളില്ലാതെ ചികിത്സ ഷെഡ്യൂൾ ചെയ്തതുപോലെ തുടർന്നു.

പതിറ്റാണ്ടുകളായി രാജ്യത്ത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാൻ കാരണമാകുന്ന ഡെങ്കിപ്പനി പോലുള്ള അവസ്ഥകൾക്ക് ആയുർവേദ ചികിത്സയിൽ പപ്പായ ഇലകൾ ഉപയോഗിച്ചിരുന്നുവെന്ന് ഹൈദരാബാദിലെ എംഎൻജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ മെഡിക്കൽ ഓങ്കോളജി പ്രൊഫസർ ഡോ. ഡി. രഘുനാഥ റാവു പറയുന്നു.

“കീമോതെറാപ്പിക്ക് വിധേയമാകുന്ന കാൻസർ രോഗികളിലും ഇവ പ്ലേറ്റ്‌ലെറ്റ് അളവ് വർധിപ്പിക്കുന്നതായി മുമ്പ് കണ്ടെത്തിയിരുന്നു. ഇപ്പോൾ, മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലൂടെ ഇത് ശാസ്ത്രീയമായി തെളിയിയിക്കപ്പെട്ടു. ഇത് ഒരു അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചതിനാൽ വ്യാപകമായ ശ്രദ്ധ നേടും. പപ്പായ ഇലകൾ കയ്‌പുള്ളതാണ്, പക്ഷേ പപ്പായ ഇലപ്പൊടി അടങ്ങിയ കാപ്സ്യൂളുകൾ ഇപ്പോൾ ഫാർമസികളിൽ ലഭ്യമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here