കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

0
2

ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമ്മർദ്ദം മൂലമാണ് സാബു ജീവനൊടുക്കിയതെന്നാണ് പരാതി. 2024 ഡിസംബർ 20-ന് കട്ടപ്പന റൂറൽ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബു തോമസ് തൂങ്ങിമരിച്ചത്.

ഭാര്യയുടെ ശസ്ത്രക്രിയയ്ക്കും കിടപ്പുരോഗിയായ അമ്മയ്ക്കും വേണ്ടി നിക്ഷേപ തുകയിൽ നിന്നും 2 ലക്ഷം പിൻവലിക്കാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിക്കുകയും, സിപിഐഎം നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്.സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പിന്നീട് പ്രതിഷേധം കടുത്തതോടെ പലിശയും ചേർത്ത് 14,59,940 രൂപ സൊസൈറ്റി സാബുവിന്റെ കുടുംബത്തിന് തിരികെ നൽകുകയായിരുന്നു.

പ്രതികളായ ജീവനക്കാർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയെങ്കിലും, ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ കേസെടുക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന പരാതിയെ തുടർന്ന് കുടുംബം ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here