പാലക്കാട്: നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ. ജില്ലയില്‍ കാലവര്‍ഷം തുടരുന്ന സാഹചര്യത്തിലും നെല്ലിയാമ്പതി ചുരം റോഡില്‍ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാലും പൊതുജന സുരക്ഷ മുന്‍നിര്‍ത്തിയാണ് കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടർ കെ സുധീര്‍ ഉത്തരവിറക്കി.
നിലവില്‍ ചുരം റോഡിലെ മണ്ണിടിച്ചില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും വീണ്ടും അപകടമുണ്ടാകാനുള്ള സാധ്യത ജനങ്ങളുടെ ജീവനും പുതിയ ഉത്തരവ് അനുസരിച്ച് നെല്ലിയാമ്പതി പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലെ യാത്രകള്‍ ഒഴികെ, പുറത്തുനിന്നുള്ളവര്‍ക്ക് (പ്രദേശവാസികള്‍ അല്ലാത്തവര്‍ക്ക്) ചുരത്തിലൂടെയുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള എല്ലാവിധ യാത്രകളും, ചുരം വഴിയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അത്യാവശ്യ യാത്രകള്‍ക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങള്‍ക്കുമുള്ള വാഹനങ്ങള്‍ക്കൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും വൈകുന്നേരം 6 മുതല്‍ രാവിലെ 6 മണിവരെ രാത്രികാല യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
വിനോദസഞ്ചാരത്തിനും മറ്റുമായി ദിവസവും ആയിരക്കണക്കിനാളുകൾ കടന്നുപോകുന്ന പാതയാണ് നെല്ലിയാമ്പതി ചുരം. പാലക്കാട് ജില്ലയിലടക്കം മഴ കനക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മഴയും മോശം കാലാവസ്ഥയും ശക്തമായാൽ ചുരം യാത്ര അപകടകരമാകുന്നതിനാലാണ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് ചുരത്തിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് കളക്ടർ നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ ഇന്ന് (04/07/2026) യെല്ലോ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. വരും മണിക്കൂറിൽ ജില്ലയിൽ ഇടത്തരം – ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ജില്ലയിൽ കനത്ത മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. മഴ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.







