കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന വില്ലനായി സ്‌മാർട്ഫോൺ;

0
1

ന്യൂഡൽഹി: ഇന്ത്യയിൽ യുവാക്കൾക്കിടയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചുവരുന്നതായാണ് പൊതുജനാരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. ഏണസ്റ്റ് & യങ് നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ജനങ്ങൾ ഏകദേശം 1.1 ലക്ഷം കോടി മണിക്കൂർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവെന്നും പറയുന്നു.

2024 ൽ ഇത് ഒരു ദിവസം ശരാശരി അഞ്ച് മണിക്കൂറിനടുത്തായിരുന്നു. അതിൽ ഏകദേശം 70 ശതമാനവും സോഷ്യൽ മീഡിയ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, ഗെയിമുകൾ എന്നിവയാണ് ഉപയോഗിക്കപ്പെടുന്നത്. ഈ വിവരങ്ങൾ ദൈനംദിന ജീവിതത്തിൽ മോബൈൽ ഫോൺ ഉപയോഗം എത്രത്തോളമുണ്ടന്ന് ഉയർത്തിക്കാട്ടുന്നു.

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോണുകളുടെ ഇത്തരത്തിലുള്ള വർധിച്ചുവരുന്ന ഉപയോഗം ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്‌ധർ, ആരോഗ്യ സംരക്ഷണ വിദഗ്‌ധർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ആശങ്ക പ്രകടിപ്പിച്ചു.

നാഷണൽ കൗൺസിൽ ഓഫ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സ്‌കൂളുകൾ രാജ്യവ്യാപകമായി നടത്തിയ പഠനം സ്‌കൂൾ കുട്ടികളിലെ സ്ക്രീൻ ഉപയോഗ ശീലങ്ങളെക്കുറിച്ച് പേടിപ്പെടുത്തുന്ന വിവരങ്ങളാണ് പങ്കുവെക്കുന്നത്. 6.3 ലക്ഷം വിദ്യാർഥികളിൽനിന്നുള്ള പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, 74% വിദ്യാർഥികളും അക്കാദമിക് ഇതര ആവശ്യങ്ങൾക്കായി ദിവസവും രണ്ട് മണിക്കൂറിൽ കൂടുതൽ സ്ക്രീനുകളിൽ ചെലവഴിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

21% വിദ്യാർഥികൾ ദിവസവും നാല് മണിക്കൂറിൽ കൂടുതൽ വിനോദ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. സമീപകാല പഠനങ്ങൾ കാണിക്കുന്നത് 69% അധ്യാപകർക്കും സ്‌കൂൾ ഭരണധികാരികൾക്കും തങ്ങളുടെ വിദ്യാർഥികളിൽ ഏകാഗ്രതയിലും ശ്രദ്ധാ പരിധിയിലും കുറവുണ്ടായതായി കരുതുന്നുണ്ടെന്നും ഇത് പഠന സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും അഭിപ്രയപ്പെടുന്നു.

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ സമീപകാല ഗവേഷണത്തിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 2.2 മണിക്കൂർ സ്‌ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നും രണ്ട് വയസിന് താഴെയുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 1.2 മണിക്കൂർ സ്‌ക്രീനുകളിൽ ചെലവഴിക്കുന്നുണ്ടെന്നും കണ്ടെത്തി.

ഭക്ഷണത്തിനിടയിലോ ദൈനംദിന ദിനചര്യകളിലോ കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ നൽകുന്നു എന്നാതാണ് മാതാപിതാക്കൾ ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റുകളിൽ ഒന്നെന്ന് ശിശുരോഗ വിദഗ്‌ദർ പറയുന്നു.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ചുമ, പനി അല്ലെങ്കിൽ വയറ്റിലെ പ്രശ്‌നങ്ങൾ എന്നിവയ്ക്കായി മാതാപിതാക്കൾ കുട്ടികളെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുമായിരുന്നു. എന്നാൽ ഇന്ന് സ്‌മാർട്ട്‌ ഫോൺ ആസക്തിയെ എങ്ങനെ നേരിടാമെന്ന് ചോദിച്ചാണ് വരുന്നത്. അമിതമായ സ്‌ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട് കണ്ണിന് ആയാസം, ശ്രദ്ധക്കുറവ്, ഉറക്ക അസ്വസ്ഥതകൾ എന്നിവയുള്ള കുട്ടികളെ ഇന്ന് നമ്മുക്ക് കൂടുതലായി കാണാം, ഇത് വർധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നമായിരിക്കുന്നു” – ശാന്തി നഴ്‌സിങ് ഹോമിലെ ഡോ. നരേഷ് ഗുപ്‌ത പറഞ്ഞു

സ്‌മാർട്ട്‌ ഫോണ്‍ ഉപയോഗം കുറയ്‌ക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

  • ഭക്ഷണസമയത്ത് ശ്രദ്ധ തിരിക്കുന്ന ഒരു ഉപകരണമായി കുട്ടികൾക്ക് സ്‌മാർട്ട്‌ ഫോണുകൾ നൽകുന്നത് ഒഴിവാക്കുക. പ്രായത്തിനനുസരിച്ചുള്ള സ്‌ക്രീൻ സമയ പരിധികൾ പാലിക്കുക.
  • വീട്ടിൽ സ്‌ക്രീൻ രഹിത സമയം നിശ്ചയിക്കുക, പ്രത്യേകിച്ച് ഭക്ഷണസമയത്തും ഉറങ്ങുന്നതിന് മുമ്പും.
  • വായന, കഥപറച്ചിൽ, ചിത്രരചന, പസിലുകൾ, ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
  • കുട്ടികൾ ഓൺലൈനിൽ ഉപയോഗിക്കുന്ന ഉള്ളടക്കം നിരീക്ഷിക്കുക.
  • ഭാഷയെയും സാമൂഹിക വികസനത്തെയും പിന്തുണയ്ക്കുന്നതിന് നേരിട്ടുള്ള സംഭാഷണങ്ങളും കുടുംബ ഇടപെടലുകളും പ്രോത്സാഹിപ്പിക്കുക.

കുട്ടികൾ ആശയവിനിമയവും സാമൂഹിക കഴിവുകളും പഠിക്കുന്നത് ചെറുപ്പത്തിൽ നൽകുന്ന പരിചരണവും സാമൂഹിക ഇടപെടലിലൂടെയുമാണെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം ഇതിന് പരിഹാരമാകില്ല.

കുട്ടിക്കാലത്ത് അമിതമായി സ്‌ക്രീൻ കാണുന്നത് പിന്നിട് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഡൽഹി എയിംസിലെ ഡോ. രാകേഷ് ബാഗ്‌ദി പറഞ്ഞു. “ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിൻ്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികൾ സ്‌ക്രീൻ സമയം ഒരു മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തണം. മൊത്തത്തിലുള്ള എക്‌സ്‌പോഷർ പരിമിതപ്പെടുത്തുന്നതിലും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിലും മാതാപിതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കണം,” അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. സമീപ വർഷങ്ങളിൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത ബാല്യകാല അനുഭവങ്ങളെ മാറ്റിമറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്ത് ആരോഗ്യകരമായ തലച്ചോറിൻ്റെ വികാസത്തിന് അർഥവത്തായ ആശയവിനിമയം അനിവാര്യമാണെന്ന് ശിശുരോഗ വിദഗ്‌ധയായ ഡോ. യാചിക വശിഷ്‌ഠ ഊന്നിപ്പറഞ്ഞു. “ആശയവിനിമയം മനുഷ്യൻ്റെ ഒരു അടിസ്ഥാന ആവശ്യമാണ്. മുതിർന്നവർക്ക് പോലും വൺവേ ആശയവിനിമയം ദോഷകരമാകുന്നു, അർത്ഥവത്തായ സാമൂഹിക ഇടപെടൽ, പരസ്‌പര ആശയവിനിമയം, പ്രതികരണശേഷിയുള്ള പരിചരണം എന്നിവയെ ആശ്രയിച്ചിരിക്കുന്ന കൊച്ചുകുട്ടികൾക്ക് ഇത് പ്രത്യേകിച്ച് ആശങ്കാജനകമാണ്,” അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പരാമർശിച്ചുകൊണ്ട് 12 മാസത്തിൽ താഴെയുള്ള ശിശുക്കൾക്ക് സ്‌ക്രീൻ സമയം അനുവദിക്കരുതെന്നും, രണ്ട് മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക്, ഒരു മണിക്കൂറിൽ കൂടുതൽ സ്‌ക്രീൻ കാണരുതെന്നും അവർ പറഞ്ഞു. ഇത്തരത്തിലുള്ള അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് അറിയാമെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാകാതെ കുട്ടികളെ വളർത്തുന്നത് അവർക്ക് ബുദ്ധിമുട്ടാണ്.

“കുട്ടികളെ അടക്കി ഇരുത്തുന്നതിനുവേണ്ടി ഫോണുകൾ നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അത് അവരുടെ സ്വാഭാവിക ജിജ്ഞാസയെ ഇല്ലാതാക്കുകയും തലച്ചോറിൻ്റെ സജീവമായ ഇടപെടൽ കുറയ്ക്കുകയും ചെയ്യുന്നു. പകരം, നമ്മൾ പുറത്തുപോകുമ്പോഴെല്ലാം പാട്ടുകൾ പാടുന്നു, ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. സ്‌ക്രീൻ രഹിതമായി കുട്ടികളെ വളർത്താൻ സാധിച്ചാൽ സന്തോഷകരമായ ആരോഗ്യവന്മാരായ ഭാവി പൗരന്മാരെ വളർത്തിയെടുക്കാൻ നമുക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അമ്മയായ നികിത ഗുപ്‌ത പറഞ്ഞു.

“സ്‌മാർട്ട്‌ ഫോണുകൾ പ്രായോഗികമായി ഒരു ആവശ്യകതയാണ്. വീട്ടിൽ എല്ലാം കൈകാര്യം ചെയ്യണം. ഞാൻ അവന് ഒരു ഫോൺ കൊടുക്കുമ്പോൾ അവൻ അടങ്ങി ഇരിക്കും. അവൻ വളരെ ശാഠ്യക്കാരനാണ്, ഫോൺ കിട്ടുന്നത് വരെ കരയും. ട്രെയിൻ യാത്രകളിൽ ഞാൻ അവന് ഒരു ഫോൺ കൊടുത്തില്ലെങ്കിൽ അവൻ അടങ്ങിയിരിക്കില്ല. മറ്റ് യാത്രക്കാരെ പരിക്കേൽപ്പിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തേക്കാം. അതിനാൽ ചിലപ്പോൾ അവനെ അടക്കി ഇരുത്താൻ ഞാൻ ഫോൺ ഉപയോഗിക്കും,” നാല് വയസുള്ള മകനെക്കുറിച്ച് അമ്മയായ സഞ്ജന ശർമ്മ പറയുന്നു.

ഭക്ഷണ സമയത്തും ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുൻപും സ്ക്രീൻ ഉപയോഗിക്കാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. സ്ക്രീൻ രഹിത കുടുംബ ദിനചര്യകൾ എന്നിവയ്ക്ക് മുൻഗണന നൽകണം. കുട്ടികളുമായുള്ള സംസാരം, പുറത്തെ പ്രവർത്തനങ്ങൾ, വായന, കഥപറച്ചിൽ എന്നിവയ്‌ക്ക് മുൻഗണന നൽകുന്നത് കുട്ടികളുടെ ആരോഗ്യത്തിന് പുതുജീവൻ നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here