ഇന്ധന വിലയിലെ കുതിപ്പ്; പ്രതിസന്ധിയിലായി ഓട്ടോ-ടാക്‌സി മേഖല,

0
2

വയനാട്: ഇന്ധന വില കുതിച്ചുയർന്നതോടെ കടുത്ത പ്രതിസന്ധിയിലായ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ സമരത്തിലേക്ക്. ഇന്ധന സബ്‌സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്‍റെ നേതൃത്വത്തിൽ വയനാട് കൽപ്പറ്റയിൽ ഓട്ടോ-ടാക്‌സി തൊഴിലാളികൾ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ദേശീയതല പ്രക്ഷോഭം ശക്തമാക്കുമെന്നും തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.

പൊതുഗതാഗത രംഗത്ത് നിർണായക പങ്ക് വഹിക്കുന്ന ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോർ വാഹന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് തൊഴിലാളികളുടെ ആരോപണം. ഇന്ധന വിലയിലെ തുടർച്ചയായ വർധനയും വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും കുത്തനെ ഉയർന്നതോടെ തൊഴിലാളികളുടെ ജീവിതം ദുഷ്‌കരമായിരിക്കുകയാണ്.

ഇതോടെയാണ് പൊതുഗതാഗത വാഹനങ്ങൾക്ക് ഇന്ധനം സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുക, ഓട്ടോ-ടാക്‌സി നിരക്കുകൾ അടിയന്തരമായി പുതുക്കി നിശ്ചയിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരം സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധം ഉയർന്നു.

കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി സിഐടിയു ജില്ലാ സെക്രട്ടറി എം.മധു ഉദ്ഘാടനം ചെയ്‌തു. വര്‍ഷം കഴിയും തോറും പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് സിഐടിയു എം.മധു പറഞ്ഞു. 2013ല്‍ 60 മുതല്‍ 70 രൂപയുടെ ഇടയിലായിരുന്നു വില. എന്നാല്‍ 2026 ആകുമ്പോഴേക്കും അതിന്‍റെ ഇരട്ടി വിലയായി വര്‍ധിച്ചിരിക്കുകയാണ്.

ആഗോള വിപണിയില്‍ ക്രൂഡ് വില വര്‍ധിക്കുമ്പോള്‍ ഇവിടെ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ധിക്കുകയാണ്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതും നോക്കിയിരിക്കുകയാണ് പെട്രോളിയം കമ്പനികളും സര്‍ക്കാരും. ഇപ്പോള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. എന്തുകൊണ്ട് ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ ഇവിടെ പെട്രോളിയം ഉത്‌പന്നങ്ങള്‍ക്ക് വില കുറയുന്നില്ലെന്നും എം.മധു ചോദിച്ചു.

കെഎം ബിജു പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. വിവിധ തൊഴിലാളി നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ജൂലൈ 7ന് അഖിലേന്ത്യ തലത്തിൽ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

വിലക്കയറ്റവും ചെലവുകളുടെ ഭാരവും താങ്ങാനാകാതെ നട്ടംതിരിയുന്ന ഓട്ടോ-ടാക്‌സി തൊഴിലാളികൾക്ക് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഉപജീവന മാർഗം സംരക്ഷിക്കാനുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്ന് തൊഴിലാളി സംഘടനകളും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here