ലോകകപ്പ് കളിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ ഖത്തർ സ്ക്വാഡിൽ; ചരിത്രനേട്ടം,മലയാളികൾക്ക് അഭിമാനം!

0
10
Tahsin Mohammed Jamshid of Al-Duhail SC is playing in the Amir Cup Semi-final match between Al-Duhail SC and Al-Sadd SC at Ahmad Bin Ali Stadium in Doha, Qatar, on May 18, 2024. (Photo by Noushad Thekkayil/NurPhoto via Getty Images)

ഹൈദരാബാദ്: പന്തുകളിയെ പ്രാണനായി കാണുന്ന മലയാളിക്ക് ഇനി ലോകകപ്പ് ഫുട്ബോൾ കേവലം ഒരു കാഴ്‌ചയല്ല, മറിച്ച് സ്വന്തം ചോരയുടെ പോരാട്ടവീര്യം കൂടിയാണ്. ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിൻ്റെ ഔദ്യോഗിക സ്ക്വാഡിൽ മലയാളിയായ തഹ്സിൻ മുഹമ്മദ് ഇടം നേടിയിരിക്കുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി താരം ലോക ഫുട്ബോളിൻ്റെ ഏറ്റവും വലിയ വേദിയിൽ ജേഴ്‌സിയണിയാൻ ഒരുങ്ങുന്നു എന്ന സുവർണ്ണ നേട്ടത്തിലാണ് ഈ പത്തൊൻപതുകാരൻ.

ആരാണ് തഹ്സിൻ മുഹമ്മദ്?

കണ്ണൂർ സ്വദേശിയായ തഹ്സിൻ ഖത്തറിലാണ് ജനിച്ചതും വളർന്നതും. തലശ്ശേരി സ്വദേശിയായ ജംഷീദിൻ്റെയും വളപട്ടണം സ്വദേശിനിയായ ഷൈമയുടെയും മകനാണ്. മുൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്ബോൾ താരം കൂടിയായ പിതാവ് ജംഷീദിൻ്റെ ശിക്ഷണത്തിലാണ് തഹ്സിൻ കരിയറിൻ്റെ ആദ്യ ചുവടുകൾ വയ്‌ക്കുന്നത്.

ഖത്തറിലെ വിഖ്യാതമായ ‘ആസ്‌പയർ ഫുട്ബോൾ അക്കാദമി’യിലൂടെ വളർന്ന തഹ്സിൻ, നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ-ദുഹൈൽ എസ്‌സി താരമാണ്. പതിനേഴാം വയസ്സിൽ ഖത്തറിലെ ഒന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന റെക്കോഡും ഈ കണ്ണൂരുകാരൻ നേരത്തെ സ്വന്തമാക്കിയിരുന്നു.

ചരിത്രത്തിലേക്കുള്ള ചുവടുവയ്‌പ്പ്

ഖത്തർ ജൂനിയർ ദേശീയ ടീമുകളിൽ (U-16, U-17, U-19) നേരത്തെ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചിട്ടുള്ള തഹ്സിൻ, തൻ്റെ മികച്ച വിങ്ങർ കളിശൈലി കൊണ്ടാണ് സീനിയർ ടീമിലേക്ക് പരിശീലകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. നേരത്തെ ഖത്തറിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സ്ക്വാഡിലും ഈ മലയാളി താരം ഭാഗമായിരുന്നു. തൻ്റെ കരിയറിലെ ഏറ്റവും വലിയ ചുവടുവെപ്പായി 2024-ൽ ഖത്തറിൻ്റെ ഒഫീഷ്യൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള സീനിയർ ടീമിലേക്ക് തഹ്സിൻ തെരഞ്ഞെടുക്കപ്പെട്ടു.

തഹ്‌സിൻ മുഹമ്മദും സമദും

പിന്നീട് സ്പാനിഷ് കോച്ച് ഹുലൻ ലോപെറ്റെഗിയുടെ കീഴിൽ ഖത്തർ ദേശീയ ടീമിൻ്റെ തന്ത്രപ്രധാനമായ വിങ്ങർ പൊസിഷനിൽ തഹ്സിൻ തൻ്റെ സ്ഥാനം ഉറപ്പിച്ചു. മൈതാനത്തിൻ്റെ വിങ്ങുകളിലൂടെ മിന്നൽ വേഗത്തിൽ കുതിച്ചുകയറാനും കൃത്യമായ ക്രോസുകൾ നൽകാനുമുള്ള തഹ്സിൻ്റെ കഴിവിനെ ഫുട്ബോൾ വിദഗ്ധർ ഏറെ പ്രശംസിക്കുന്നുണ്ട്. ഖത്തർ ദേശീയ ടീമിൽ അംഗമായതോടെ ലോകകപ്പ് വേദിയിൽ തഹ്സിൻ ജേഴ്സിയണിയുന്നത് കാണാൻ മലയാളി സമൂഹവും ഒപ്പം കാൽപന്ത് ലോകവും ഒരുപോലെ അക്ഷമരായി കാത്തിരിക്കുകയാണ്.

2026 ഫിഫ ലോകകപ്പിനുള്ള ഖത്തർ ദേശീയ ഫുട്ബോൾ ടീമിൻ്റെ 26 അംഗ അന്തിമ സ്ക്വാഡ് മുഖ്യപരിശീലകൻ ഹുലൻ ലോപെറ്റെഗി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഗോൾകീപ്പർമാർ

  • മിഷാൽ ബർഷം
  • സലാ സക്കറിയ
  • മഹ്മൂദ് അബുനാദ

ഡിഫെൻഡർമാർ

  • പെഡ്രോ മിഗുവെൽ
  • ബോലം ഖൂഖി
  • ലൂക്കാസ് മെൻഡിസ്
  • സുൽത്താൻ അൽ ബ്രേക്ക്
  • ഹോമം അഹമ്മദ്
  • അയൂബ് അൽ അലൗവി
  • അൽ ഹാഷ്മി അൽ ഹുസൈൻ
  • ഇസ്സ ലായ്

മിഡ്‌ഫീൽഡർമാർ

  • കരീം ബൗദിയാഫ്
  • അബ്ദുൽ അസീസ് ഹാതിം
  • അസിം മദിബോ
  • അഹമ്മദ് ഫത്ഹി
  • ജാസിം ജാബർ
  • മുഹമ്മദ് അൽ മന്നായ്

ഫോർവേഡ് താരങ്ങള്‍

  • തഹ്സിൻ മുഹമ്മദ്
  • അക്രം അഫീഫ്
  • അൽമോസ് അലി
  • ഹസ്സൻ അൽ ഹെയ്ദോസ്
  • എഡ്മിൽസൺ ജൂനിയർ
  • മുഹമ്മദ് മുൻതാരി
  • യൂസഫ് അബ്ദുൽ റസാഖ്
  • അഹമ്മദ് അലാ
  • അഹമ്മദ് അൽ ജനാഹി

LEAVE A REPLY

Please enter your comment!
Please enter your name here