ഗർഭാശയ കാൻസർ പൂർണ്ണമായും ഇല്ലാതാക്കുന്നതിൽ വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ടാകുമെന്ന് റിപ്പോർട്ട്. വാക്സിനേഷനിലൂടെയും കൃത്യമായ പരിശോധനയിലൂടെയും വരാതെ തടയാൻ കഴിയുന്ന ഈ കാൻസർ 2048ഓടെ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത അവസ്ഥയുണ്ടാകും. എന്നാൽ അടുത്ത ഒരു നൂറ്റാണ്ട് പിന്നിട്ടാലും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇതിൻ്റെ നിരക്കിൽ നേരിയ കുറവ് മാത്രമാകും ഉണ്ടാകുകയെന്നും ‘ദി ലാൻസെറ്റ്’ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്തരം വർധിക്കും
കാനഡയിലെ ക്യുബെക്ക് യൂണിവേഴ്സിറ്റി ലാവൽ റിസർച്ച് സെൻ്ററിലെ ഗവേഷകരുൾപ്പെട്ട സംഘമാണ് ഗർഭാശയഗള കാൻസറിനെക്കുറിച്ചുള്ള പഠനം നടത്തിയത്. ഈ പഠന പ്രകാരം സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ വരും നാളുകളിൽ വർധിക്കാനാണ് സാധ്യത. ഇതിൻ്റെ ഫലമായി കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകൾ തടയാൻ കഴിയുന്ന ഈ കാൻസറിൻ്റെ വലിയ ഭീഷണി നേരിടേണ്ടി വരുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗർഭാശയഗള കാൻസർ കേസുകളിൽ 99 ശതമാനവും ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) ബാധയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അങ്ങേയറ്റം സാധാരണമായ ഒരു വൈറസാണിത്.
പ്രതിരോധിക്കാൻ വാക്സിനേഷൻ
എച്ച്പിവി വാക്സിനേഷൻ സ്വീകരിക്കുന്നതിലൂടെയും കൃത്യമായ ഇടവേളകളിലുള്ള സ്ക്രീനിങ് പരിശോധനകളിലൂടെയും ഗർഭാശയഗള കാൻസർ ഫലപ്രദമായി തടയാൻ കഴിയും. ഒരു ലക്ഷം സ്ത്രീകൾക്കിടയിൽ ഗർഭാശയഗള കാൻസർ ബാധിക്കുന്നവരുടെ എണ്ണം നാലിൽ താഴെയാക്കി കുറയ്ക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയായ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഓരോ രാജ്യവും 2030ഓടെ ’90-70-90′ എന്ന കർമപദ്ധതി പൂർത്തിയാക്കേണ്ടതുണ്ട്. 15 വയസ് പ്രായമുള്ള പെൺകുട്ടികളിൽ 90 ശതമാനം പേർക്കും എച്ച്പിവി വാക്സിൻ നൽകണം എന്നതാണ് ഇതിൽ ആദ്യത്തേത്. 35 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 70 ശതമാനം പേരെ എങ്കിലും ഗർഭാശയഗള കാൻസർ പരിശോധനയ്ക്ക് വിധേയരാക്കണം എന്നതാണ് രണ്ടാമത്തെ ലക്ഷ്യം.
ഇതിനുപുറമെ കാൻസർ ആരംഭ ദശയിലുള്ളവരും കാൻസർ ബാധിച്ചവരുമായ 90 ശതമാനം സ്ത്രീകൾക്കും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും വേണം. അടുത്ത ഒരു നൂറ്റാണ്ടിനുള്ളിൽ ഗർഭാശയഗള കാൻസർ ലോകത്ത് നിന്ന് പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ഈ കർമപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കാൻസറിനെ തുടച്ചുനീക്കാൻ
കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഗർഭാശയഗള കാൻസർ പൂർണ്ണമായി ഇല്ലാതാക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള വാക്സിനേഷൻ പദ്ധതികളും പരിശോധനാ രീതികളും വലിയ രീതിയിൽ സഹായിക്കും. വ്യാപകമായി വാക്സിൻ നൽകുന്നത് സാമ്പത്തികമായ അസമത്വങ്ങൾ നിലനിൽക്കുമ്പോഴും രാജ്യത്തെ സ്ത്രീകളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കും.
ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച 90-70-90 പദ്ധതി കൃത്യമായി നടപ്പിലാക്കുകയാണെങ്കിൽ ഭാവിയിൽ 37 ദശലക്ഷം കാൻസർ കേസുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതിനുപുറമെ കാൻസർ വിമുക്ത ലോകം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം വേഗത്തിലാക്കാൻ ഈ പരിപാടികൾ അനിവാര്യമാണ്.
എന്നാൽ സാമ്പത്തിക നിക്ഷേപം വാക്സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വർധിപ്പിച്ചില്ലെങ്കിൽ ദരിദ്ര രാജ്യങ്ങളിൽ ഈ ലക്ഷ്യം കൈവരിക്കുക അസാധ്യമായിരിക്കും എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അഞ്ച് പ്രതിരോധ നടപടികളാണ് ദരിദ്ര രാജ്യങ്ങൾക്കായി ഈ സംഘം മാതൃകയാക്കുന്നത്. ഇതിൽ യഥാസ്ഥിതി തുടരുക എന്നൊരു മാതൃകയും ഉൾപ്പെടുന്നു.
ആഗോളതലത്തിലുള്ള ഇടപെടൽ അനിവാര്യം
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഗർഭാശയഗള കാൻസർ നിരക്കിൽ കേവലം 23 ശതമാനത്തിൻ്റെ കുറവ് മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ 2048ഓടെ ഈ രോഗത്തെ പൂർണ്ണമായി തുടച്ചുനീക്കുമെന്നും പഠനം വിലയിരുത്തുന്നു.
ദരിദ്ര രാജ്യങ്ങളിൽ ദ്രുതഗതിയിൽ വാക്സിനേഷൻ നിരക്ക് 90 ശതമാനമായി ഉയർത്തുന്നത് അന്തരം കുറയ്ക്കാനും, സബ്-സഹാറൻ ആഫ്രിക്കയ്ക്ക് പുറത്തുള്ള ഇടത്തരം വരുമാന രാജ്യങ്ങളിൽ ഗർഭാശയ കാൻസർ നിർമാർജനം ചെയ്യാനും വഴിയൊരുക്കും. ചെലവ് കുറഞ്ഞ വാക്സിനുകൾ, ഒറ്റ ഡോസ് വാക്സിൻ, വിപുലമായ പരിശോധനാ പ്രോഗ്രാമുകൾ തുടങ്ങിയ പുതിയ മുന്നേറ്റങ്ങൾ കാൻസർ നിർമാർജനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പെൺകുട്ടികൾക്ക് പുറമെ ആൺകുട്ടികളെയും വാക്സിനേഷൻ കാമ്പയിനുകളുടെ ഭാഗമാക്കുന്നത് ഇതിന് കൂടുതൽ കരുത്തേകുമെന്നാണ് കണ്ടെത്തൽ. എന്നാൽ ലോകരാജ്യങ്ങളിലെ സർക്കാരുകളുടെയും അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെയും സംയുക്ത ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്.
2022 സെപ്റ്റംബറിൽ ‘ദി ലാൻസെറ്റ് ഓങ്കോളജി’ ജേണൽ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം, ഇന്ത്യയിൽ വാക്സിനേഷൻ എടുത്തവരിൽ ഒറ്റ ഡോസ് വാക്സിനേഷൻ വഴി ഗർഭാശയഗള കാൻസറിൻ്റെ 78 ശതമാനം കേസുകളും തടയാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാൻസർ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ ഇതിലൂടെ വലിയ കുറവുണ്ടാകുമെന്നും അന്നത്തെ പഠനത്തിൽ വിലയിരുത്തിയിരുന്നു.







