ഗാസയിലും വെസ്റ്റ് ബാങ്കിലും തെരഞ്ഞെടുപ്പ്,യുദ്ധത്തിന് ശേഷം ആദ്യമായി പോളിങ് ബൂത്തില്‍;

0
31

യുദ്ധം താറുമാറാക്കിയ ഗാസയും വെസ്റ്റ് ബാങ്കും പോളിങ് ബൂത്തില്‍. യുദ്ധത്തിന് ശേഷമുള്ള ആദ്യ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുകയാണ് വെസ്റ്റ് ബാങ്കിലും ഗാസയുടെ മധ്യഭാഗത്തും ഉള്ള പലസ്‌തീന്‍ ജനത.

റാമല്ല ആസ്ഥാനമായുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കനുസരിച്ച്, ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഏകദേശം 1.5 ദശലക്ഷം ആളുകളും ഗാസയിലെ ദെയ്ർ അൽ-ബലാഹ് പ്രദേശത്തെ 70,000 ആളുകളും വോട്ടർമാരായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന്‍റെ മതേതര-ദേശീയ ഫത്താ പാർട്ടിയുടെ സ്ഥാനാർഥികളും സ്വതന്ത്ര സ്ഥാനാർഥികളുമാണ് മത്സര രംഗത്തുള്ളത്. എന്നാല്‍ ഫത്താ പാർട്ടിയുടെ മുഖ്യ എതിരാളിയായ ഹമാസിന് സ്ഥാനാർഥികളില്ല.

മിക്ക നഗരങ്ങളിലും പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്‌തീൻ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) പോലുള്ള പാർട്ടികളുടെ സ്വതന്ത്ര സ്ഥാനാർഥികളാണ് ഫത്താ പാർട്ടി സ്ഥാനാർഥികളോട് ഏറ്റുമുട്ടുന്നത്. ‘ഒരു വർഷത്തിലേറെയായി ഇസ്രയേൽ സൈനിക നിയന്ത്രണത്തിൽ രണ്ട് അഭയാർഥി ക്യാമ്പുകൾ സ്ഥിതിചെയ്യുന്നുണ്ട് ഇവിടെ. അർഥവത്തായ മാറ്റം ഉണ്ടാകുമെന്ന് വലിയ പ്രതീക്ഷയില്ലെങ്കിലും ഞാൻ വോട്ട് ചെയ്യും’ -വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽക്കറെം നഗരത്തിൽ നിന്നുള്ള ബിസിനസുകാരനായ മഹ്മൂദ് ബദർ പറഞ്ഞു.

‘സ്ഥാനാർഥികൾ സ്വതന്ത്രരോ പാർട്ടിക്കാരോ ആകട്ടെ, അതിന് ഒരു ഫലവുമില്ല, നഗരത്തിന് ഒരു ഫലമോ നേട്ടമോ ഉണ്ടാകില്ല’ -ബദർ അന്താരാഷ്‌ട്ര ന്യൂസ് ഏജൻസിയായ എഎഫ്‌പിയോട് പ്രതികരിച്ചു. ‘ഇസ്രയേല്‍ ആണ് തുൽക്കറെമിനെ ഭരിക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പ് ഉണ്ട്, സ്വാതന്ത്ര്യം ഉണ്ട് എന്നതൊക്കെ അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരുന്ന കേവല ചിത്രങ്ങള്‍ മാത്രമാണ്’ -ബദർ കൂട്ടിച്ചേർത്തു.

പലസ്‌തീൻ അതോറിറ്റിയുടെ ആസ്ഥാനമായ നബ്ലസ്, റാമല്ല എന്നിവയുൾപ്പെടെ പല നഗരങ്ങളിലും പട്ടികാ സമർപ്പണം മാത്രമാണ് നടന്നത്. വോട്ടെടുപ്പ് ഇല്ലാതെ തന്നെ വിജയിക്കാനാകും എന്ന പ്രതീക്ഷയിലാണിത്. വെസ്റ്റ് ബാങ്കിലെ പോളിങ് സ്റ്റേഷനുകൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കും. അതേസമയം ദെയ്ർ അൽ-ബലായിൽ, യുദ്ധത്താൽ തകർന്ന പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ വോട്ടെടുപ്പ് സുഗമമാക്കുന്നതിന് വൈകുന്നേരം 5 മണിക്ക് പോളിങ് അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ എഎഫ്‌പിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചതിന് യുഎൻ കോർഡിനേറ്റർ റമീസ് അലക്ബറോവ് കമ്മിഷനെ പ്രശംസിച്ചു.

“അസാധാരണമായ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിൽ പലസ്‌തീനികൾ അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള ഒരു പ്രധാന അവസരമാണ് ശനിയാഴ്‌ചത്തെ തെരഞ്ഞെടുപ്പ്”, അലക്ബറോവ് ഒരു പ്രസ്‌താവനയിൽ പറഞ്ഞു.

അസ്‌തിത്വത്തിനായുള്ള പോരാട്ടം

ഇസ്ലാമിക പ്രസ്ഥാനം വിജയിച്ച 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. 2007 മുതൽ ഹമാസ് നിയന്ത്രണത്തിലാണ് ഗാസ. ‘യുദ്ധാനന്തര അഭിപ്രായ വോട്ടെടുപ്പുകളൊന്നും ഇല്ലാത്തതിനാൽ, അബ്ബാസിന്‍റെ പലസ്‌തീൻ അതോറിറ്റി ദെയ്ർ എൽ-ബലായിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അവർക്ക് വിജയ പരാജയം പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണമാണ്.’ -കെയ്‌റോയിലെ അൽ-അസ്ഹർ സർവകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍റിസ്റ്റ് ജമാൽ അൽ-ഫാദി എഎഫ്‌പിയോട് പറഞ്ഞു.

നിലവില്‍ 90 വയസുള്ള അബ്ബാസ് തെരഞ്ഞെടുപ്പില്ലാതെ 20 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്നു. നിയമസഭ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് പലപ്പോഴും വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഹമാസും ഇസ്രയേലും തമ്മിലുള്ള രണ്ട് വർഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിൽ ജനങ്ങള്‍ ലിയ തോതിൽ സ്ഥലത്ത് തുടരുകയും കുടിയിറക്കപ്പെടാതിരിക്കുകയും ചെയ്‌ത ഗാസയിലെ ഏക സ്ഥലങ്ങളിലൊന്നായതിനാലാണ് ദെയ്ർ എൽ-ബലാഹിനെ അബ്ബാസ് തെരഞ്ഞെടുത്തതെന്ന് ഫാദി പറഞ്ഞു.

‘ലോകത്തിലെ മറ്റ് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഇവിടുത്തെ തെരഞ്ഞെടുപ്പിന് വലിയ വ്യത്യാസം ഒന്നും ഇല്ല. എങ്കിലും ഗാസ മുനമ്പിലെ ഞങ്ങളുടെ നിലനില്‍പ്പിന്‍റെ സ്ഥിരീകരണമാണിത്’ -കന്നി വോട്ടറായ ഫറാ ഷാത്ത് പറഞ്ഞു.

ഗാസ വോട്ടിനായി സിവിൽ സൊസൈറ്റി സംഘടനകളിൽ നിന്ന് പോളിങ് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും പോളിങ് കേന്ദ്രങ്ങൾ സുരക്ഷിതമാക്കാൻ ഒരു സ്വകാര്യ സുരക്ഷാ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് ഫരീദ് തമല്ല എഎഫ്‌പിയോട് പറഞ്ഞു. ദേർ അൽ-ബലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമാക്കണമെന്ന് ഹമാസ് പൊലീസിന്‍റെ നിർദേശം ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതിനാല്‍ തന്നെ ദേർ അൽ-ബലയിലെ 12-ാം നമ്പർ പോളിങ് കേന്ദ്രങ്ങൾക്ക് ചുറ്റും സിവിലിയൻ വേഷത്തിൽ നിരായുധരായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയ സുരക്ഷിതമാക്കുകയാണെന്ന് കമ്മിഷൻ വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here