ഇന്ന് ഇറാനുമായി കരാർ ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .

0
34

വെടിനിർത്തൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനകം തന്നെ ഇറാനുമായി ഒരു കരാറിൽ എത്തിച്ചേരാൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. നിലപാടിൽ നിന്ന് മാറില്ലെന്നാണ് ഇറാൻ പറയുന്നത്.

  • ജെഡി വാൻസ് ഇസ്ലാമാബാദിലേക്ക് വിമാനം കയറിയെന്ന് ട്രംപ് അവകാശപ്പെടുന്നു
  • എന്നാൽ വാൻസ് ഇതുവരെ കയറിയിട്ടില്ലെന്ന് മാധ്യമങ്ങൾ പറയുന്നു
  • ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
വാഷിങ്ടൺ ഡിസി: ഇന്ന് ഇറാനുമായി കരാർ ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള യുഎസ് പ്രതിനിധി സംഘം മണിക്കൂറുകൾക്കുള്ളിൽ ഇസ്ലാമാബാദിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ വാൻസ് ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് വിവിധ വാർത്താ ഏജൻസികൾ പറയുന്നത്. ഇന്ന് ഒരുപക്ഷെ അദ്ദേഹം പുറപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫോക്സ് ന്യൂസ്, ന്യൂയോർക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് ഇന്ന് കരാറിലൊപ്പു വെക്കുമെന്ന് ട്രംപ് പ്രസ്താവിച്ചത്. അതെസമയം ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇറാൻ. രണ്ടാം ഘട്ട ചർച്ച ഇല്ലെന്ന് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. വെടിനിർത്തൽ കരാർ അവസാനിക്കുന്നത് ഏപ്രിൽ 22 ബുധനാഴ്ചയാണ്.

വാൻസ്, സ്റ്റീവ് വിറ്റ്കോഫ് (മിഡിൽ ഈസ്റ്റ് പ്രതിനിധി), മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുൾപ്പെടെയുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണെന്നാണ് ട്രംപ് അവകാശപ്പെട്ടത്. അവർ ഇന്ന് രാത്രി എത്തുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ വാൻസ് ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ദി ഗാർഡിൻ പത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വാൻസ് ഇന്ന് ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്യും. ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് തുടരുകയാണ്.

ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കണം എന്നത് ചർച്ചകൾക്കുള്ള ഒരു പ്രധാന വ്യവസ്ഥയാണെന്ന് ട്രംപ് ആവർത്തിച്ചു. ഇതിനു പിന്നാലെ ‘ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകില്ല’ എന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പതാക വഹിക്കുന്ന ഒരു കപ്പൽ പിടിച്ചെടുത്ത സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ട്രംപ് മറുപടി പറയാൻ തയ്യാറായില്ല. ‘ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു മറുപടി.

രണ്ടാം ഘട്ട ചർച്ചകളെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘യുഎസുമായി ചർച്ച നടത്താൻ പദ്ധതിയില്ല,’ എന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായിയുടെ പ്രസ്താവന. ഇറാന്റെ ‘പുതിയ നേതാക്കളി’ലാണ് ട്രംപിന്റെ പ്രതീക്ഷ. അവർ മിടുക്കരാണെങ്കിൽ ഇറാന് അത്ഭുതകരമായ ഗുണം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന് സമൃദ്ധമായ ഒരു ഭാവി ഉണ്ടാകുമെന്നും ട്രംപ് പ്രസ്താവിച്ചു. പാകിസ്താൻ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ഇടപെടൽ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here