ഇറാനിയൻ കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു;

0
34

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. ഇറാൻ പതാകയേന്തിയ തൗസ്ക എന്ന കണ്ടെയ്‌നർ കപ്പലാണ് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചെങ്കിലും യുഎസ് സേന അത് തടഞ്ഞതായി സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. “തൗസ്ക എന്ന് പേരുള്ള ഇറാൻ പതാകയേന്തിയ ചരക്കുകപ്പൽ യുഎസ് നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ചു, പക്ഷേ അവരുടെ ശ്രമം വിജയിച്ചില്ല,” അദ്ദേഹം പറഞ്ഞു.

 

ഗൾഫ് ഓഫ് ഒമാനിൽ വെച്ച് യുഎസ് നേവിയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിന് മുന്നറിയിപ്പ് നൽകിയെങ്കിലും അത് നിർത്തിയില്ലെന്ന് ട്രംപ് പറഞ്ഞു. “എഞ്ചിൻ റൂമിൽ സുഷിരമുണ്ടാക്കി ഞങ്ങൾ അവരെ അവിടെത്തന്നെ തടഞ്ഞു. കപ്പൽ ഇപ്പോൾ യുഎസ് മറൈൻസിന്റെ കസ്റ്റഡിയിലാണെന്നും അദ്ദേഹം അറിയിച്ചു.

കപ്പൽ തടയുന്നതിന്റെ വീഡിയോ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വെടിയുതിർക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ കപ്പലിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. “നിങ്ങളുടെ എഞ്ചിൻ റൂമിൽ നിന്ന് മാറിനിൽക്കുക,” ഒരു നാവികൻ പറയുന്നത് കേൾക്കാം. “നിങ്ങളെ തടയുന്നതിനായി വെടിയുതിർക്കാൻ ഞങ്ങൾ തയ്യാറാണ്.”

 

അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കാരണത്താൽ തൗസ്ക കപ്പലിന് അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകളുടെ പട്ടികയിൽ ഈ കപ്പലും ഉൾപ്പെടുന്നു. ദി ഗാർഡിയൻ പുറത്തുവിട്ട കപ്പൽ ട്രാക്കിങ് വിവരങ്ങൾ പ്രകാരം, 900 അടിയിലധികം നീളമുള്ള കപ്പൽ പാക്കിസ്ഥാനുമായുള്ള ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള സമുദ്രഭാഗത്ത് വെച്ചാണ് തടഞ്ഞത്. മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്നാണ് ഇത് നേരത്തെ പുറപ്പെട്ടത്.

 

 

ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുഎസ് സൈനിക നടപടി ഉണ്ടായതായും ഇതിന് ഉടൻ തിരിച്ചടി നൽകുമെന്നും ഇറാന്റെ സൈനിക ആസ്ഥാനമായ ഹസ്രത്ത് ഖാത്തം അൽ-അൻബിയ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here