ആഫ്രിക്കയിലെ വാക്സിനേഷൻ മുന്നേറ്റം തടയാൻ യുദ്ധവും ഫണ്ട് കുറവും

0
36

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഫ്രിക്കയിൽ കോടിക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച വാക്സിനേഷൻ പദ്ധതികൾ വൻ പ്രതിസന്ധിയിലേക്കെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) മുന്നറിയിപ്പ്. അമേരിക്കയുടെ സാമ്പത്തിക സഹായം വെട്ടിക്കുറച്ചതും ആഗോള തലത്തിലെ യുദ്ധസാഹചര്യങ്ങളുമാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ ആരോഗ്യ മേഖലയെ ആശങ്കയിലാക്കുന്നത്. ഡൊണാൾഡ് ട്രംപിൻ്റെ ‘അമേരിക്ക ഫസ്റ്റ്’ നയവും മിഡിൽ ഈസ്റ്റിലെ യുദ്ധം മൂലം വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.

അതിജീവനത്തിൻ്റെ അഞ്ച് പതിറ്റാണ്ട്
ആഫ്രിക്കയിലെ പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുറത്തുവിട്ട സമഗ്രമായ റിപ്പോർട്ടിൽ വാക്സിനേഷൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. 2000ത്തിന് ശേഷം 50 കോടി കുട്ടികളിലേക്ക് വാക്സിൻ എത്തിക്കാൻ സാധിച്ചു. ഇതിലൂടെ പ്രതിവർഷം 40 ലക്ഷം മരണങ്ങൾ ഒഴിവാക്കാനായതായാണ് കണക്ക്. കഴിഞ്ഞ 50 വർഷത്തിനിടെ അഞ്ച് കോടി ജീവനുകളാണ് വാക്സിനേഷൻ വഴി ആഫ്രിക്കയിൽ രക്ഷിക്കപ്പെട്ടത്.

രക്ഷിക്കപ്പെട്ട ഓരോ ശിശുവിനും ശരാശരി 60 വർഷത്തെ അധിക ആയുസ് ഇതിലൂടെ ലഭിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024ൽ മാത്രം 20 ലക്ഷം പേരുടെ ജീവൻ രക്ഷിക്കാൻ പ്രതിരോധ കുത്തിവയ്പ്പിലൂടെ സാധിച്ചു. 2020ൽ പോളിയോ നിർമാർജനം ചെയ്തതും ഗർഭസ്ഥ ശിശുക്കളിലെ ടെറ്റനസ് ഇല്ലാതാക്കിയതും ആഫ്രിക്കയുടെ ചരിത്രപരമായ നേട്ടങ്ങളാണ്. നിലവിൽ 25 രാജ്യങ്ങളിൽ മലേറിയ വാക്സിൻ വിതരണം ചെയ്യുന്നുണ്ട്.

വെല്ലുവിളിയായി ട്രംപിൻ്റെ നയങ്ങൾ
2025ൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ അമേരിക്കൻ സഹായങ്ങളിൽ വൻ കുറവുണ്ടായതായി ഡബ്ലിയുഎച്ച്ഒ ആഫ്രിക്ക റീജണൽ ഡയറക്ടർ മുഹമ്മദ് ജനാബി പറഞ്ഞു. ജനുവരിയിൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറിയതോടെ വിദേശ സഹായ ഫണ്ടിൽ 40 ശതമാനത്തിൻ്റെ കുറവാണുണ്ടായത്. ഇത് ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ വാക്സിനേഷനെ നേരിട്ട് ബാധിക്കുന്നു. കൂടാതെ യുഎസ് – ഇറാൻ യുദ്ധം മൂലം ഇന്ധനവില വർധിച്ചതും വിതരണ ശൃംഖല തകർന്നതും സ്ഥിതി സങ്കീർണമാക്കി. ആഫ്രിക്കയിലെ പല ആരോഗ്യ കേന്ദ്രങ്ങളും ജനറേറ്ററുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ധനവില വർധനവ് ഈ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു.

അസമത്വം തുടരുന്നു
വാക്സിനേഷൻ രംഗത്തെ പുരോഗതി എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ല. കോവിഡ് കാലത്തിന് ശേഷം ഒരു വാക്സിൻ പോലും ലഭിക്കാത്ത കുട്ടികളുടെ എണ്ണം വർധിച്ചു. ആഫ്രിക്കയിലെ 80 ശതമാനം കുട്ടികൾക്കും വാക്സിൻ ലഭിക്കാത്ത സാഹചര്യം പത്ത് രാജ്യങ്ങളിലായി ഒതുങ്ങുന്നു.

ഇത് വലിയ ആരോഗ്യ അസമത്വമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗവി വാക്സിൻ അലയൻസ് പോലുള്ള സംഘടനകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ആഫ്രിക്കൻ രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് ആരോഗ്യ ഫണ്ട് കണ്ടെത്തണമെന്ന് സൗത്ത് ആഫ്രിക്കയിലെ പ്രൊഫസർ ഷബീർ മധി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നു. വിദേശ സഹായത്തെ മാത്രം ആശ്രയിക്കുന്നത് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികളുടെ സുസ്ഥിരതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here